Wednesday, September 2, 2015

സമൂഹത്തെ ബാധിക്കുന്ന അസഹിഷ്ണുതയുടെ ജ്വരം

സമൂഹത്തെ ബാധിക്കുന്ന അസഹിഷ്ണുതയുടെ..
അന്യായമായി ഒരാള്‍ കൊല്ലപ്പെടുന്നത് ഒരു സമൂഹം തന്നെ വധിക്കപ്പെടുന്നത് പോലെയും ഒരാള്‍ രക്ഷപ്പെടുന്നത് ഒരു സമൂഹത്തിനു മുഴുവന്‍ ജീവന്‍ ലഭിച്ചതു പോലെയും എന്ന സന്ദേശം മാനവിക മാനുഷികതയുടെ ഹരിതാഭമായ ഭൂമികയെയാണ് വിഭാവന ചെയ്യുന്നത്.

ആസ്വാദനത്തിലും ആശയാദര്‍ശങ്ങളിലും ഭിന്നരുചികള്‍ വെച്ചു പുലര്‍ത്തുക എന്നത് തികച്ചും മനുഷ്യ സഹജമത്രെ. ചിലര്‍ പ്രത്യേകതരം വര്‍ണ്ണങ്ങളില്‍ ആകൃഷ്ടരാകുന്നത് കാണാം. ചില പരിമളങ്ങളെ ഏറെ ആസ്വദിക്കുന്നവര്‍, ചില രാഗങ്ങളില്‍ ലയിച്ചു ചേരുന്നവര്‍, ചില രൂപഭാവങ്ങളെ നെഞ്ചേറ്റുന്നവര്‍, ചില രുചികളില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നവര്‍ ഇങ്ങനെ വ്യത്യസ്തങ്ങളായ അഭിരുചിയുള്ളവരാണ് മനുഷ്യര്‍. വിശ്വാസത്തിലും, സംസ്‌കാരത്തിലും, കലയിലും കളിയിലും ജീവിത വീക്ഷണങ്ങളിലും ഇതുപോലെയുള്ള ഭാവഭേദങ്ങള്‍ കാണാം.

തനിക്കിഷ്ടപ്പെട്ട മലരും മധുവും മണവും മതി. മറ്റുള്ളതെല്ലാം എന്തിനു പുഷ്‌പിക്കണം എന്ന പ്രകൃതി വിരുദ്ധത പോലെത്തന്നെയാണ് തന്റെ ആശയാദര്‍ശത്തിലില്ലാത്തവരോടുള്ള അസഹിഷ്‌ണുതാപരമായ ചിന്തയും.  ഇത്തരം മനുഷ്യത്വരഹിതമായ ഭാവനാവിലാസങ്ങളാണ് വര്‍ത്തമാനകാലത്തിന്റെ ഏറ്റവും ഭീഭത്സമായ മുഖം.

മതം, ശാഖകള്‍, ജാതി, ഉപജാതി, ഘടകങ്ങള്‍, ഉപഘടകങ്ങള്‍, സംഘങ്ങള്‍, സംഘടനകള്‍, രാഷ്ട്രീയ ചേരികളും ചേരിതിരിവുകളും എന്തിനു വ്യക്തി വൈരങ്ങള്‍ വരെ അപരനെ അരിഞ്ഞുവീഴ്ത്തുന്നത്ര അരിശ വേഷത്തില്‍ ഉറഞ്ഞാടിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ രാഷ്ട്രീയാദര്‍ശങ്ങളില്‍ അണിനിരക്കുക അല്ലെങ്കില്‍ മര്‍ദ്ധനമുറകളെ നിശ്ശബ്ദം ഏറ്റുവാങ്ങുക. തങ്ങളുടെ ദര്‍ശനത്തിലും വീക്ഷണത്തിലും വിശ്വസിക്കുക അല്ലെങ്കില്‍ വംശനാശത്തിനൊരുങ്ങുക. ഇതൊക്കെയാണ് സാംസ്‌കാരികമായി ഒരുപാട് വളര്‍ന്നിരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു ജനതയില്‍ നിര്‍ലീനമായിരിക്കുന്നതെങ്കില്‍ ഇതിലും ലജ്ജാകരമായി മറ്റെന്തുണ്ട്.

തന്റെ അഭിരുചിക്കിണങ്ങാത്തതിന്റെ കാര്യകാരണങ്ങളും താന്‍ തെരഞ്ഞെടുത്തതിന്റെ ആസ്വാദനവും പങ്കുവെക്കപ്പെടാവുന്നതാണ്. ഇത്തരം സത്യസന്ധമായ പങ്കിടലുകള്‍ പരസ്പരം വളര്‍ന്നു വരുമ്പോള്‍ അഭിരുചികളും ആസ്വാദനക്ഷമതയും മാറിമറിഞ്ഞേക്കാം. ചില വിഭവങ്ങള്‍ പാകം ചെയ്തതിന്റെ ഗന്ധം പോലും അസഹ്യമായിരുന്നവര്‍ക്ക് അതേ വിഭവം തന്നെ കാലക്രമേണ ഏറെ ആസ്വാദ്യകരമായി മാറാറുണ്ട് എന്നതിനു എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് നിരത്താനാകും. നിരസിക്കപ്പെട്ട ഒരു വസ്തുവില്‍ തനിക്ക് കണ്ടെത്താന്‍ കഴിയാത്ത ഒന്നിനെ കുറിച്ച് പറയുന്നതിനു പകരം അതിന്റെ ഗുണവിശേഷങ്ങള്‍ക്ക് തന്നെ നിരക്കാത്തവ ആരോപിക്കപ്പെടുന്ന പ്രവണത വര്‍ത്തമാനകാല മാത്സര്യലോകത്തെ അതിവികൃതവും  വിചിത്രവുമായ മുഖത്തെയാണ് പ്രകടിപ്പിക്കുന്നത്. തികച്ചും യുക്തിഹീനമായ ആരോപണ പ്രത്യാരോപണങ്ങളോളം കാര്യങ്ങള്‍ വഷളായിരിക്കുന്നു. ഭാവനാശൂന്യവും നിരര്‍ഥകവുമായ ചിന്തകള്‍ക്ക് പകരം സര്‍ഗാത്മകവും ക്രിയാത്മകവുമായ ആലോചനകള്‍ ഉണര്‍ന്നു വരേണ്ടത് സംസ്‌കൃത സമൂഹത്തിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും അന്ത്യന്താപേക്ഷിതമാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പെരുമകള്‍ക്ക് പെരുമ്പറകൊട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വന്തം അണികള്‍ക്കുപോലും വേണ്ടത്ര ചിന്താ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നില്ല. തങ്ങളുടെ പ്രതിയോഗികളോട് യാതൊരു ദയാധാക്ഷിണ്യവും കാണിക്കുന്നുമില്ല. അസഹിഷ്ണുതയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എല്ലാവരും എത്തപ്പെട്ടിരിക്കുന്നു. ഏതു വിനാശകരമായ മാര്‍ഗവും ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടാന്‍ സാധൂകരിക്കുന്ന ജീര്‍ണ്ണാവസ്ഥയും ഏറെ പരിതാപകരമാണ്. ജനാധിപത്യ പ്രക്രിയയുടെ ഉദാത്തഭാവമായ പരസ്പര ബഹുമാനം വളര്‍ത്തികൊണ്ടുവരിക എന്ന പ്രാഥമികമായ ശിക്ഷണത്തെ ഊട്ടിയുറപ്പിക്കുക എന്ന കര്‍മ്മമല്ലാതെ മറ്റൊരു ഉപായവും ഇവിടെ ഫലം ചെയ്യുകയില്ല.

സനാതന കര്‍മ്മ ധര്‍മ്മങ്ങളെ ഓതിക്കൊടുക്കുന്ന വിവിധ മത വിഭാഗങ്ങളില്‍ പെട്ട മതമേലാളന്മാര്‍ തന്നെ അജ്ഞരായ അണികളെ ചൂഷണം ചെയ്യുന്ന അവസ്ഥയും ദയനീയം തന്നെ. എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന അന്വേഷണം മനുഷ്യന്റെ ചിന്തയെ ത്രസിപ്പിക്കും. പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും വൈവിധ്യങ്ങളും ജീവിത സാഹചര്യങ്ങളും പഠന മനനങ്ങള്‍ക്ക് വിധേയമാക്കുമ്പോള്‍ എത്ര ഉണങ്ങിവരണ്ട മനസ്സും പുഷ്‌കലമായേക്കും. മനുഷ്യന്റെ ചിന്താ മണ്ഡലത്തെ തട്ടിയുണര്‍ത്തും വിധമാണ് വേദവാക്യങ്ങളിലെ ചോദ്യ ശരങ്ങളോരോന്നും. എന്നിട്ടും പ്രതിസന്ധിഘട്ടത്തില്‍ പോലും സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ ഈ സമൂഹത്തിനാകുന്നില്ല. വിശ്വാസത്തെ മൂര്‍ച്ചപ്പെടുത്തുക എന്ന ഒറ്റമൂലിയല്ലാതെ വേറെ ഒരു എളുപ്പവഴിയും ഇതിനു നിര്‍ദേശിക്കാനാകുകയില്ല.

അസഹിഷ്ണുതയുടെ ജ്വരംബാധിച്ച ഈ സമൂഹം ചികിത്സിക്കപ്പെടാതിരുന്നാല്‍ വിഭാവനകള്‍ക്കപ്പുറമുള്ള ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. സ്വന്തത്തെ അറിഞ്ഞവന്‍ രക്ഷിതാവിനെ അറിഞ്ഞു എന്ന വാക്യം നിഷ്‌കളങ്കമായ വിശ്വാസധാരയിലേക്കാണ് വഴി നടത്തുന്നത്. തനിക്കിഷ്ടപ്പെട്ടത് തന്റെ സഹോദരന് വേണ്ടിയും കാംക്ഷിക്കുക എന്ന പാഠം സമ്പന്നമായ ഒരു സാമൂഹികാന്തരീക്ഷത്തിലേക്കാണ് വെളിച്ചം വീശുന്നത്.അയല്‍വാസിയുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിച്ചറിയുന്നത്ര ദൃഢമായ സാഹോദര്യ ബന്ധത്തെ ഊന്നിപ്പറയുന്ന ദര്‍ശനത്തിന്റെ അനുയായികള്‍ തന്നെയായിരിക്കണം സകല വിധ ജീര്‍ണ്ണതകളും പേറിയ ഒരു സമൂഹത്തിന്റെ അലകും പിടിയും മാറ്റുന്നതില്‍ മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങേണ്ടത്.
02.09.2015
ഇസ്‌ലാം ഓണ്‍‌ലൈവിനുവേണ്ടി.

0 comments:

Post a Comment

Note: Only a member of this blog may post a comment.