Saturday, October 4, 2025

CIC

 *തിരിഞ്ഞു നോക്കുമ്പോള്‍*

കേരളത്തില്‍ നിന്നും ഒരു സം‌ഘം വിദ്യാര്‍‌ഥികള്‍ ഇസ്‌ലാമികമായ ഉന്നത പഠനാര്‍‌ഥം ഖത്തറിലെത്തിയ കഥയിലൂടെ സഞ്ചരിച്ചാല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവാസമുഖം ഖത്തറില്‍ വേരോടിയ ചിത്രവും ചരിത്രവും വായിക്കാനാകും.എം.വി മുഹമ്മദ് സലീം,അബ്‌ദു റഹീം,അബുസാലിഹ്,ഒ.പി ഹം‌സ,എ.മുഹമ്മ്ദലി ആലത്തൂര്‍ എന്നിങ്ങനെ അഞ്ചം‌ഗമായിരുന്നു ഉന്നത മത പഠനത്തിനായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.അതില്‍ മൂന്നു പേര്‍ ആദ്യം പുറപ്പെട്ടു.ബാക്കി രണ്ട് പേര്‍ പിന്നീടാണ്‌ യാത്ര തിരിച്ചത്. പ്രസ്‌തുത സം‌ഘത്തിലെ പ്രമുഖരിലൊരാളായിരുന്നു എം.വി മുഹമ്മദ് സലീം മൗലവി.

ശാന്തപുരത്തു നിന്നും അല്‍ ഫഖീഹുഫിദ്ദീന്‍  എന്ന സര്‍‌ട്ടിഫിക്കറ്റും ബി.എസ്.സി ഡിഗ്രിയും കരസ്ഥമാക്കിയ സാഹചര്യത്തില്‍ എന്തൊക്കെയാണ്‌ ഭാവി പരിപാടികള്‍ എന്ന് ആരായുന്നതിനായി മൗലവിയേയും കൂടെയുണ്ടായിരുന്നവരേയും മര്‍‌ഹൂം കെ.സി അബ്‌ദുല്ല മൗലവി ഒരു അഭിമുഖം നടത്തി.ഒപ്പമുണ്ടായിരുന്നവരെല്ലാം നാട്ടിലെ ഏതെങ്കിലും സ്ഥാപനത്തില്‍ തുടര്‍‌ന്നും മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ചുമുള്ള താല്‍‌പര്യങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍,മതവിദ്യാഭ്യാസത്തില്‍ ഇനിയും തുടര്‍‌ച്ചയുണ്ടാവാനുള്ള ആഗ്രഹമായിരുന്നു മൗലവിയുടേത്. മദീനയൂനിവേഴ്‌സിറ്റി പോലുള്ള ഉന്നതകലാലയങ്ങളായിരുന്നു മനസ്സില്‍. ഇതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി  കെ.എം മൗലവിയുടെ സഹായവും തേടിയിരുന്നു.അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നല്ല ശ്രമങ്ങളും ഉണ്ടായി.കെ.എം മൗലവിയുടെ മകന്‍ അബ്‌ദുസ്സമദ് അല്‍ കാതിബ് മദീനയൂനിവേഴ്‌സിറ്റിയില്‍ ലക്‌ചറര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

മര്‍‌ഹൂം അബുല്‍ ജലാല്‍ മൗലവി ഒരു ഗള്‍‌ഫ് പര്യടനത്തിനു വേണ്ടി ഒരുങ്ങുന്ന നാളുകളായിരുന്നു.ശാന്തപുരം ഇസ്‌ലാഹിയ കോളേജിന്റെ വിപുലീകരണവും വികസനവുമായി ബന്ധപ്പെട്ടുള്ള സമാഹരണമായിരുന്നു ജലാല്‍ മൗലവിയുടെ പര്യടനദൗത്യം.ഇസ്‌ലാമിക സ്ഥാപനങ്ങള്‍‌ക്കായുള്ള ആദ്യ ദൗത്യം ഇതായിരിക്കും.

ദൗത്യം പൂര്‍‌ത്തീകരിച്ച് തിരിച്ചു വന്നപ്പോള്‍ ഖത്തറിലെ റിലീജ്യസ് ഇന്‍‌സ്റ്റിറ്റ്യുട്ടില്‍ പഠനത്തിന്‌ 5 പഠിതാക്കള്‍‌ക്ക് സ്കോളര്‍‌ഷിപ്പോട് കൂടെ അവസരം ഉറപ്പ് വരുത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു.ഇതിന്റെ ഗുണഭോക്താക്കളിലൊരാളായി 1971ലായിരുന്നു ഗവര്‍‌മന്റിന്റെ അതിഥായി ഖത്തറിലേക്ക് പുറപ്പെടാനുള്ള സാഹചര്യം ഒരുങ്ങിയത്.

എഴുപതുകളില്‍ അധികപേരും കപ്പല്‍ വഴിയായിരുന്നു ഗള്‍‌ഫ് രാജ്യങ്ങളിലേക്ക് പോയിരുന്നത്.അതേ സമയം പഠിതാക്കള്‍‌ക്ക് വിമാനമാര്‍‌ഗം പോകാനുള്ള സിറിയന്‍ എയലൈന്‍‌സിന്റെ  റ്റിക്കറ്റുകളാണ്‌ അനുവദിക്കപ്പെട്ടിരുന്നത്.ബോം‌ബെയായിരുന്നു അന്നത്തെ വിദേശ യാത്രകളുടെ കേന്ദ്രവും താവളവും.

ഖത്തറും യു.എ.എ രാജ്യങ്ങളും ക്രൂഷ്യല്‍ സ്റ്റേറ്റ് എന്ന പേരില്‍ ബ്രിട്ടനുമായി ഉടമ്പടിയുള്ള കാലമായിരുന്നു.അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഈ രാജ്യങ്ങളുമായുള്ള വിദേശകാര്യങ്ങള്‍ നിര്‍‌വഹിച്ചിരുന്നത് ബ്രിട്ടന്‍ നയതന്ത്രാലയങ്ങള്‍ വഴിയായിരുന്നു.

വിമാന യാത്രാ രേഖകളുമായി ബന്ധപ്പെട്ട് ബോം‌ബെയില്‍ കൂടുതല്‍ താമസിക്കുന്നത് ഓഴിവാക്കാന്‍ കപ്പലില്‍ യാത്രചെയ്യാമെന്ന അനുഭവ സമ്പത്തുള്ളവരുടെ നിര്‍‌ദേശം സ്വീകരിച്ച് കപ്പലിലായിരുന്നു ഖത്തറിലേക്ക് പുറപ്പെട്ടത്.ദും‌റ ദ്വാരക എന്നീ രണ്ട് കപ്പലുകളായിരുന്നു അക്കാലത്ത് സര്‍‌വീസ് നടത്തിയിരുന്നത്.ദും‌റയിലായിരുന്നു മൂന്നം‌ഗ സം‌ഘത്തിന്റെ ആദ്യ വിദേശയാത്ര.

കന്നിയാത്ര ഏറെ ആസ്വദിച്ചും ഒപ്പം നിത്യ കര്‍‌മ്മങ്ങളിലെ സൂക്ഷ്‌മത പാലിച്ചുകൊണ്ടുമുള്ള ഈ യുവ കപ്പല്‍ യാത്രാ സം‌ഘം മറ്റുയാത്രക്കാര്‍‌ക്ക് ഒരു അത്ഭുതമായിരുന്നു.വിശ്വാസികള്‍ ഏതവസ്ഥയിലാണെങ്കിലും നമസ്‌കാരം നിര്‍‌വഹിക്കാന്‍ ബാധ്യസ്ഥരാണെന്ന കാര്യം മറ്റുയാത്രക്കാര്‍‌ക്ക് അറിവില്ലായിരുന്നിരിക്കണം.

വലിയ പ്രയാസങ്ങളൊന്നുമില്ലാത്ത യാത്ര തുടര്‍‌ന്നു കൊണ്ടിരിക്കേ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.ദുബൈവരെ ശാന്തമായിരുന്ന കടല്‍ അശാന്തമാകാന്‍ തുടങ്ങി.സ്വാഭാവികമായ ഭീതി എല്ലാവരിലും പ്രകടമായി.ചകിതരായ യാത്രക്കാരില്‍ അധികപേരും ഈ വിദ്യാര്‍‌ഥി സം‌ഘത്തോട് പ്രാര്‍‌ഥിക്കാന്‍ അഭ്യര്‍‌ഥിച്ചപ്പോളാണ്‌ അവരും വിശ്വാസികളാണ്‌ എന്നുപോലും മനസ്സിലായത്. 

ഏകദേശം 24 മണിക്കൂര്‍ നീണ്ടു നിന്ന പ്രക്ഷുബ്‌ദാന്തരീക്ഷം പിറ്റേന്നു പുലരുമ്പോഴേക്കും ശാന്തമായി.അങ്ങിനെ ദോഹയുടെ ഏകദേശ തീരത്ത് കപ്പല്‍ നങ്കൂരമിട്ടു.അവിടെ നിന്നും ബോട്ടുമാര്‍‌ഗമാണ്‌ കരയിലെത്തിയത്. അഥവാ എഴുപതുകളില്‍ സീപോര്‍‌ട്ട് ഖത്തറില്‍ ഉണ്ടായിരുന്നില്ല. ബോട്ടടുക്കുന്ന തീരത്തെ പരിമിതമായ സൗകര്യങ്ങളിലാണ്‌ എമിഗ്രേഷനും മറ്റു ഔദ്യോഗിക ക്രമീകരണങ്ങളും സജ്ജീകരിച്ചിരുന്നത്.

ഇന്ത്യയില്‍ നിന്നും ആദ്യമായി എത്തിയ മൂവര്‍‌സം‌ഘം ഖത്തര്‍ വിദ്യഭ്യാസ വകുപ്പിന്റെ എല്ലാവിധ ആനുകൂല്യങ്ങളും സ്വീകരിച്ചു കൊണ്ടുള്ള ദിനരാത്രങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു.അതില്‍ വിശേഷപ്പെട്ടത് പ്രസ്‌തുത സ്ഥാപനത്തിന്റെ തലവന്‍ ഡോ.യൂസുഫ് അല്‍ ഖര്‍ദാവി ആയിരുന്നു എന്നത് തന്നെയാണ്‌. അദ്ദേഹത്തെ പോലെ ഉന്നത ശീര്‍ഷരായ പണ്ഡിത ശ്രേഷ്‌ഠന്മാരുടെ ശിഷ്യത്വം സ്വീകരിക്കാനാകുക എന്നത് തന്നെ വലിയ സൗഭാഗ്യമായി കണക്കാക്കപ്പെടുന്നു.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍‌ഥികളുടെ നല്ല വ്യാകരണ മികവും കൃത്യമായ അറബി ഉച്ചാരണവും വിദ്യാര്‍‌ഥികളെക്കുറിച്ച് ഏറെ മതിപ്പുണ്ടാക്കാന്‍ കാരണമായിരുന്നു. മാത്രമല്ല പഠനത്തിലും ഇസ്‌ലാമികമായ കാഴ്‌ചപ്പാടിലും നിപുണരാണെന്നു വിലയിരുത്തപ്പെടുകയും ചെയ്‌തിരുന്നു.അഥവാ അവസരങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്തുന്നതില്‍ വിദ്യാര്‍‌ഥികള്‍ വിജയിച്ചിരുന്നു എന്നു സാരം.

പഠനം കഴിഞ്ഞ് വിവിധ ജോലികളില്‍ നിയുക്തരായി.വിവരണാതീതമായ ഒട്ടേറെ സം‌ഭവ വികാസങ്ങള്‍‌ക്ക് നിമിത്തമായി എന്നതും അടിവരയിടപ്പെടേണ്ടത് തന്നെ.വര്‍‌ഷങ്ങള്‍‌ക്ക് ശേഷം ഡോ.ഖര്‍‌ദാവി കേരളത്തിലെത്തിയപ്പോള്‍ തങ്ങളുടെ പേരുകള്‍ പറഞ്ഞു കൊണ്ട് തന്നെ വിദ്യാഭ്യാസകാലത്തെ ഓര്‍‌ത്തെടുത്തതും മനസ്സിനെ കുളിര്‍‌പ്പിക്കുന്ന അനുഭവമായിരുന്നുവെന്നു മൗലവി അനുസ്‌മരിക്കുന്നുണ്ട്.

അറബികളില്‍ നല്ലൊരു വിഭാഗവും ധരിച്ചു വെച്ചിരുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്വതന്ത്രമാകുന്നതോടെ ഉണ്ടായ സം‌ഭവ വികാസങ്ങളിലൂടെ വിഭജനാനനന്തരം മുസ്‌ലിംകള്‍ എല്ലാം പാകിസ്‌താനിലേക്ക് കുടിയേറി എന്നായിരുന്നു.എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം‌കളുള്ളത് ഇന്ത്യോനേഷ്യയിലാണെന്നും രണ്ടാം സ്ഥാനം ഇന്ത്യ എന്ന മഹാ രാജ്യത്തിനാണെന്നും പറഞ്ഞു ഫലിപ്പിക്കേണ്ടി വന്ന കഥ മൗലവി അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്.

മാത്രമല്ല ഇന്ത്യയിലെ ഇസ്‌ലാമിക പഠന സാധ്യതകളും സൗകര്യങ്ങളും  അക്കാലത്ത് കേരളത്തില്‍ തന്നെയുണ്ടായിരുന്ന രണ്ട് ഡസനിലധികം അറബി ഇസ്‌ലാമിക പഠന കേന്ദ്രങ്ങളെ കുറിച്ചും വിശദീകരിച്ചതും അദ്ദേഹം ഓര്‍‌ത്തെടുത്തു.

വിശാലമായ ഇന്ത്യയില്‍ മുസ്‌ലിം‌കള്‍ ന്യൂനപക്ഷമാണെങ്കിലും അവരുടെ പാരമ്പര്യവും സം‌സ്ക്കാരവും പ്രവര്‍‌ത്തനമേഖലകളും വിപുലമാണെന്ന വസ്‌തുതയും ബോധപൂര്‍‌വം ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.അതേ സമയം മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ചും,മൗലാനാ അലിഹസന്‍ നദ്‌‌വിയെ കുറിച്ചും അറിയുന്നവരും ഉണ്ടായിരുന്നു.അബുല്‍ അ‌അ്‌‌ലാമൗദൂദിയെ അറിയാമായിരുന്നുവെങ്കിലും അദ്ദേഹത്തെ പാകിസ്‌താന്‍കാരനായിട്ട് മാത്രമേ അവര്‍‌ക്ക് അറിയുമായിരുന്നുള്ളൂ.അവിഭക്ത ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സം‌ഭാവനകളും പരിശ്രമങ്ങളും അറബികളില്‍ അധികപേര്‍‌ക്കും അറിയില്ലായിരുന്നു.

നന്നായി അറബി ഭാഷ കൈകാര്യം ചെയ്യാന്‍ വശമില്ലാതിരുന്ന ബഹുഭൂരിപക്ഷം വരുന്ന പ്രവാസി മലയാളികള്‍‌ക്ക് തങ്ങളുടെ സാന്നിധ്യം പല വിധത്തിലും പ്രയോജനപ്പെട്ടിരുന്നു എന്നും മൗലവി വിശദമാക്കി.

മലയാളികള്‍‌ക്കിടയില്‍ യാതൊരു തരത്തിലുമുള്ള വിഭാഗീയതകളുമില്ലാത്ത സുവര്‍‌ണ്ണ കാലഘട്ടമായിരുന്നു.ഖത്തറിലെത്തുന്നവര്‍ ആദ്യമായി വന്നണയുക ഹം‌സ ഹാജിയുടെ ബിസ്‌മില്ലയിലായിരുന്നു.മലയാളി എന്ന ഒരേയൊരു പരിഗണനയില്‍ താമസവും അത്യാവശ്യം പ്രാഥമിക സൗകര്യങ്ങളും ജോലിയന്വേഷിക്കുന്നതില്‍ വരെ പരസ്‌പരം മനസ്സറിഞ്ഞ് സഹായവും നിര്‍‌ലോഭം ലഭിക്കുമായിരുന്നു

പഠനം പുരോഗമിക്കുന്നതിന്നിടെ ഒരു ദിവസം തികച്ചും ദൗര്‍‌ഭാഗ്യകരമായ ഒരു സം‌ഭവത്തിന്‌ ബിസ്‌മില്ല സൂഖിലെ മസ്‌ജിദ് സാക്ഷ്യം വഹിച്ചു. മര്‍‌ഹൂം കുട്ടി ഹസന്‍ ഹാജി ദോഹയിലെത്തി നടത്തിയ നിരുത്തരവാദപരമായ പ്രഭാഷണമായിരുന്നു അത്. പ്രസ്‌തുത പ്രഭാഷണത്തില്‍ മൗദൂദി വഹാബികള്‍ ഇസ്‌ലാമിനെ ശരിക്ക് മനസ്സിലാക്കാത്തവരാണ്‌ എന്ന സന്ദേശമായിരുന്നു മുഖ്യമായും അദ്ദേഹം നല്‍‌കാന്‍ ശ്രമിച്ചത്.ഇത്തരത്തില്‍ ഒരു വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമം ശുഭകരമല്ലെന്നു സുമനസ്സുക്കള്‍ പലരും വിലയിരുത്തി.

ഇതേ തുടര്‍‌ന്ന്‌ ഈ പ്രഭാഷണം റെക്കാര്‍‌ഡ് ചെയ്‌തതിന്റെ  പരിഭാഷ സഹിതം മഹ്‌കമ ശരീഅയയിലെ ഖാദിയെ ധരിപ്പിക്കുകയുണ്ടായി.തുടര്‍‌ന്ന് ഖാദി ഇദ്ദേഹത്തെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ താന്‍ പറഞ്ഞതു ശരിയാണ്‌ എന്ന ധ്വനിയായിരുന്നു പ്രഭാഷകനും അദ്ദേഹത്തെ അനുഗമിച്ച അബൂബക്കര്‍ എന്ന വക്കീലും പ്രകടിപ്പിച്ചത്.കുറ്റാരോപിതരെ ശാസിച്ചു വിടുക എന്നതിനപ്പുറം ഇവരെ കസ്റ്റഡിയില്‍ എടുത്ത് കയറ്റിവിടാനുള്ള തീരുമാനമായി അത് മാറി എന്നു ചുരുക്കം.ഈയൊരു സം‌ഭവം സാമ്പ്രദായികതയുടെയും പാരമ്പര്യവാദത്തിന്റെയും പേരിലുള്ള ചിദ്രതകള്‍‌ക്ക് ഖത്തറില്‍ മണ്ണൊരുക്കാന്‍ കഴിയുകയില്ല എന്ന ഒരു ധാരണയുണ്ടാകാന്‍ സഹായിച്ചിരിക്കണം.പിന്നീട് ഖത്തര്‍ സന്ദര്‍‌ശിക്കുന്നവര്‍ ആരായാലും വിശ്വാസികള്‍‌ക്ക് ഉപകാരപ്പെടുന്ന വിഷയങ്ങളില്‍ നിന്നും വ്യതിചലിച്ച് ഒന്നും സം‌ഭാഷണങ്ങളിലും പ്രസം‌ഗങ്ങളിലും പ്രകടിപ്പിച്ചിരുന്നില്ല.

ഇങ്ങനെയിരിക്കെ ഒരിക്കല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഖത്തറിലെത്തി.

കാന്തപുരത്തിന്‌ പൊതുവേദിയില്‍ പ്രസം‌ഗിക്കാനുള്ള അവസരമൊരുക്കാനുള്ള ഒരു സുഹൃത്തിന്റെ അഭ്യര്‍‌ഥന മാനിച്ച് അതിനുള്ള സൗകര്യങ്ങളും അനുവാദവും ശൈഖ് അഹമ്മദ് ബിന്‍ ഹജറുമായി ബന്ധപ്പെട്ട് ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നു.

ഉമ്മത്ത് മുസ്‌ലിമയെ കുറിച്ചും,ഉമ്മത്തിന്റെ മഹിമ,ഐക്യത്തിന്റെ ആവശ്യകത,നാല്‌ മദ്‌ഹബുകളിലുമുള്ള ഇമാമുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടങ്ങി മനോഹരമായ പ്രഭാഷണങ്ങളായിരുന്നു എല്ലാം.ഈ പരിപാടിയുമായി ബന്ധപ്പെട്ട് ജമാ‌അത്തുമായി സഹകരിച്ചുള്ള പ്രഭാഷണങ്ങള്‍ എന്നരീതിയില്‍ വാര്‍‌ത്തകള്‍ വന്നതിനെ നേരിടാനുള്ള അദ്ദേഹത്തിന്റെ ശൈലി പ്രസ്‌തുത പ്രഭാഷണത്തിന്റെ എല്ലാ നന്മയും കളഞ്ഞു കുളിക്കുന്നതായിരുന്നുവെന്ന് ഖേദത്തോടെ മൗലവി പങ്കുവെച്ചു.

============

എഴുപതുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍‌‌ഫ് നാടുകളിലേക്ക്‌ ജീവിതത്തിന്റെ പച്ചപ്പ് തേടി പറന്നു വന്നു തുടങ്ങിയതിന്‌ വേഗത കൂടിക്കൊണ്ടിരുന്ന നാളുകളായിരുന്നു.ഇന്ത്യയില്‍ നിന്നും വിശേഷിച്ച് മലയാളക്കരയില്‍ നിന്നും വലിയ തോതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും കുടിയേറിക്കൊണ്ടിരുന്ന കാലം.

ഏറെ പ്രയാസമനുഭവിച്ച് ഗള്‍‌ഫിലെത്തുന്ന പ്രവാസികളില്‍ അധിക പേര്‍‌ക്കും  ഏതുവിധേനയും സമ്പാദിക്കാനുള്ള ത്വരയും ജ്വരവും മാത്രമായിരുന്നു എന്നത് അതിശയോക്തിയോടെയുള്ള പരാമര്‍‌ശമല്ല. കൂടാതെ ഒഴിവു വേളകള്‍ കേവല വിനോദങ്ങളും നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടുകയുമായിരുന്നു.

ദാരിദ്ര്യത്തിന്റെ കൈപ്പിനെക്കാള്‍ ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം അതി സങ്കീര്‍‌ണ്ണമായിരുന്നു.ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത വലിയ ഒരു ജനക്കൂട്ടം.ഈ ജനവിഭാഗത്തെ വ്യക്തമായ പാന്ഥാവിലേക്ക് നയിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം 1977 ല്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.

ക്രിയാത്മകവും സര്‍‌ഗാത്മകവുമായി അടയാളപ്പെടുത്തപെട്ട നാലര പതിറ്റാണ്ടുകളുടെ  മഹത്തായ പാരമ്പര്യമുള്ള ഈ സം‌ഘടനയാണ്‌ 2018 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്ന പുതിയ വിലാസത്തില്‍  അറിയപ്പെടുന്ന സി.ഐ.സി.കാലോചിതമായ മാറ്റങ്ങള്‍‌ക്ക് വിധേയമാക്കി ഈ സം‌വിധാനം പ്രവാസികളായ മലയാളികള്‍‌ക്ക് വേണ്ടി പ്രവര്‍‌ത്തന നിരതമാണ്‌. 

പ്രവാസികള്‍‌ക്കിടയില്‍ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാകും വിധമുള്ള സൗഹൃദ സദസ്സുകളും സംഗമങ്ങളും ഒരുക്കുന്നതിലും സി.ഐ.സി പ്രതിജ്ഞാബദ്ധമാണ്‌.

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോകുന്ന വായനാ സം‌സ്‌‌ക്കാരത്തെ സജീവമാക്കുന്നതിനും,മീഡിയകളെ മാതൃകാപരമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള സി.ഐ.സിയുടെ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെടുന്നു.

സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ രാജ്യത്തെ അം‌ഗീകൃത ഏജന്‍‌സികളുമായി സഹകരിച്ചും അല്ലാതെയും സ്‌‌തുത്യര്‍‌ഹമായ പാരമ്പര്യം  പരിരക്ഷിച്ചു പോരുന്നുണ്ട്.

മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി അടക്കമുള്ള പ്രാരം‌ഭ കാല മഹാരഥന്‍മാര്‍ വെട്ടിത്തെളിയിച്ച സാം‌സ്‌ക്കാരിക പാതയിലൂടെ സമൂഹത്തിന്‌ വെളിച്ചവും തെളിച്ചവും നല്‍‌കി ഈ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

============

എഴുപതുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍‌‌ഫ് നാടുകളിലേക്ക്‌ ജീവിതത്തിന്റെ പച്ചപ്പ് തേടി പറന്നു വന്നു തുടങ്ങിയതിന്‌ വേഗത കൂടിക്കൊണ്ടിരുന്ന നാളുകളായിരുന്നു.ഇന്ത്യയില്‍ നിന്നും വിശേഷിച്ച് മലയാളക്കരയില്‍ നിന്നും വലിയ തോതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും കുടിയേറിക്കൊണ്ടിരുന്ന കാലം.

ഏറെ പ്രയാസമനുഭവിച്ച് ഗള്‍‌ഫിലെത്തുന്ന പ്രവാസികളില്‍ അധിക പേര്‍‌ക്കും  ഏതുവിധേനയും സമ്പാദിക്കാനുള്ള ത്വരയും ജ്വരവും മാത്രമായിരുന്നു എന്നത് അതിശയോക്തിയോടെയുള്ള പരാമര്‍‌ശമല്ല. കൂടാതെ ഒഴിവു വേളകള്‍ കേവല വിനോദങ്ങളും നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടുകയുമായിരുന്നു.

ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം അതിസങ്കീര്‍‌ണ്ണമായിരുന്നു.ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത വലിയ ഒരു ജനക്കൂട്ടം.ഈ ജനവിഭാഗത്തെ ആസൂത്രിതമായി സം‌സ്‌‌കരിച്ചെടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം 1977 ല്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സ്വാധീനമുള്ള അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.

ക്രിയാത്മകവും സര്‍‌ഗാത്മകവുമായി അടയാളപ്പെടുത്തപെട്ട നാലര പതിറ്റാണ്ടുകളുടെ  മഹത്തായ പാരമ്പര്യമുള്ള ഈ സം‌ഘമാണ്‌ സം‌ഘടനയാണ്‌ 2018 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്ന പുതിയ വിലാസത്തില്‍  അറിയപ്പെടുന്ന സി.ഐ.സി.

അസോസിയേഷന്റെ പ്രവര്‍‌ത്തന മുന്നേറ്റ രീതിയില്‍ മറ്റൊരു കാതലായ മാറ്റമായിരുന്നു 2020 മുതല്‍ ക്രമീകരിച്ച സോണല്‍ സം‌വിധാനം.ഈ ഉപദ്വീപില്‍ 6 സോണുകളായി തിരിച്ചു കൊണ്ടാണ്‌ സി.ഐ.സി പ്രവര്‍‌ത്തിക്കുന്നത്.ഓരോ സോണിനും സ്വതന്ത്രമായ നേതൃത്വവും പ്രവര്‍‌ത്തക സമിതികളുണ്ട്.

സം‌സ്‌‌കരണം,ശിക്ഷണം,പ്രബോധനം,കലാ സാഹിത്യം, വിദ്യാഭ്യാസം, സേവനം,മലര്‍‌വാടി,മീഡിയ - ലൈബ്രറി തുടങ്ങിയ ഉത്തരവാദിത്തങ്ങളുള്ള വകുപ്പ് അധ്യക്ഷന്മാരും ഉണ്ട്.ഓരോ വകുപ്പിന്‌ കീഴിലും തല്‍ സം‌ബന്ധമായ വാര്‍‌ഷിക അജണ്ടകളും നടപ്പിലാക്കാന്‍ സഹായിക്കുന്ന ഉപസമിതികളുമുണ്ട്. ഓരോ സോണ്‍ പരിധിയിലുമുള്ള യൂണിറ്റുകളിലും അതത് വകുപ്പുകളുടെ നിശ്ചയിക്കപ്പെട്ട പ്രതിനിധികള്‍ മുഖേനയാണ്‌ സം‌ഘടനയുടെ പ്രവര്‍‌ത്തന നൈരന്തര്യം സാധ്യമാകുന്നത്.

ഓരോ വകുപ്പിന്‌ കീഴിലും കേന്ദ്ര തലത്തിലും സോണല്‍ തലത്തിലും വിപുലമായ പരിപാടികളാണ്‌ ആസൂത്രണം ചെയ്യപ്പെടുന്നത്.സി.ഐ.സി അം‌ഗങ്ങള്‍‌ക്ക്‌ മാത്രമായുള്ള പഠന പാരായണ ശിക്ഷണ സം‌സ്‌‌കരണ പദ്ധതികള്‍ പോലെ പൊതുസമൂഹത്തെ ഉദ്ദേശിച്ചു കൊണ്ട് വിവിധ തലത്തിലും തരത്തിലും ഉള്ള വൈജ്ഞാനിക പരിപാടികളില്‍ പ്രധാനപ്പെട്ടവയാണ്‌ ഖുര്‍‌ആന്‍ സ്റ്റഡിസെന്ററുകളും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വാരാന്ത ക്ലാസ്സുകളും.പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മദ്രസ്സാ സം‌വിധാനവും ഏറെ സ്വാഗതം ചെയ്യപ്പെട്ട വൈജ്ഞാനിക മേഖലയാണ്‌.

ഇതര ദര്‍‌ശനങ്ങളിലും ധര്‍‌മ്മങ്ങളിലുമുള്ള പ്രവാസികളില്‍ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാകും വിധമുള്ള സൗഹൃദ സദസ്സുകളും സംഗമങ്ങളും ഒരുക്കുന്നതില്‍ സി.ഐ.സിയുടെ ഇതര പോഷക ഘടകങ്ങളും സജീവമാണ്‌.

ഈ പ്രതികൂലകാലത്തും സമചിത്തതയോടെ വര്‍‌ത്തമാനങ്ങളും വാര്‍‌ത്തകളും പ്രചരിപ്പിക്കുന്നതിലും പ്രസരിപ്പിക്കുന്നതിലും സി.ഐ.സിയുടെ മാധ്യമ ശൃംഖലയുടെ പങ്ക്‌ അനിഷേധ്യമത്രെ.

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോകുന്ന വായനാ സം‌സ്‌‌ക്കാരത്തെ സജീവമാക്കുന്നതിനും,മീഡിയകളെ മാതൃകാപരമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള സി.ഐ.സിയുടെ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെടുന്നു.

സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ രാജ്യത്തെ അം‌ഗീകൃത ഏജന്‍‌സികളുമായി സഹകരിച്ചും അല്ലാതെയും സ്‌‌തുത്യര്‍‌ഹമായ പാരമ്പര്യം സി.ഐ.സി പരിരക്ഷിച്ചു പോരുന്നുണ്ട്.

പ്രവാസലോകത്തെ സന്നദ്ധ സേവന സമൂഹിക കലാ സാം‌സ്‌‌ക്കാരിക  വിദ്യാഭ്യാസ രാഷ്‌‌ട്രീയ രം‌ഗങ്ങളില്‍ നേരിട്ടും പോഷക സം‌ഘങ്ങള്‍ വഴിയും സി.ഐ.സി സജീവമാണ്‌.

വളര്‍‌ന്നു വരുന്ന കുരുന്നുകളില്‍ ആരോഗ്യകരമായ മത്സരബുദ്ധി വളര്‍‌ത്തിയെടുക്കുന്ന മാതൃകാപരമായ മത്സര പരിപാടികള്‍ സം‌ഘടിപ്പിക്കുന്നതില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ സം‌ഘമാണ്‌ മലര്‍‌വാടി ഖത്തര്‍.

വിമന്‍ ഇന്ത്യ,യൂത്ത് ഫോറം,ഗേള്‍‌സ് ഇന്ത്യ ഖത്തര്‍,സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ തുടങ്ങിയ പോഷക ഘടകങ്ങള്‍ അതുല്യമായ പ്രവര്‍‌ത്തന ശൈലിയാല്‍ പ്രവാസ ഭൂമികയെ ധന്യമാക്കുന്നുണ്ട്.

മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി അടക്കമുള്ള പ്രാരം‌ഭ കാല മഹാരഥന്‍മാര്‍ വെട്ടിത്തെളിയിച്ച വഴിയിലൂടെ സമൂഹത്തിന്‌ വെളിച്ചവും തെളിച്ചവും നല്‍‌കി ഈ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

പതിറ്റാണ്ടുകളുടെ ഓര്‍‌മ്മകളിലൂടെ സഞ്ചരിച്ചപ്പോള്‍ മുന്‍കാല മഹാരഥന്‍മാര്‍ ദീര്‍‌ഘ വിക്ഷണത്തോടെ പടുത്തുയര്‍‌ത്തിയ അസോസിയേഷനും അത് സമൂഹത്തിന്‌ നല്‍‌കിയ സം‌ഭാവനകളുടെ നഖ ചിത്രങ്ങളുമാണ്‌ ഇവിടെ പങ്കുവെച്ചത്.

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ അഥവാ പുനര്‍ നാമകരണം ചെയ്യപ്പെട്ട സി.ഐ.സി നാലര പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ പ്രസ്ഥനത്തെ നയിച്ചവരുടെ പേരുകള്‍ താഴെ നല്‍‌കുന്നു.ഇതില്‍ പലരും ഒന്നിലധികം തവണ നേതൃസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. അസോസിയേഷന്‍ രൂപീകരണ കാലം മുതല്‍ നേതൃനിരയിലുണ്ടായിരുന്ന കെ അബ്‌‌ദുല്ല ഹസന്‍ സാഹിബ്‌ 2021 സപ്‌തം‌ബറില്‍ പരലോകം പൂകി.എം.വി മുഹമ്മദ് സലീം മൗലവി 2023 ആഗസ്റ്റ് 23 നും വിടവാങ്ങി.2024 സപ്‌തം‌ബര്‍ 21 ന്‌ എ മുഹമ്മദലി സാഹിബും അല്ലാഹുവിലേക്ക് മടങ്ങി.മണ്‍ മറഞ്ഞ നേതാക്കളുടെ പാരത്രിക വിജയത്തിനും ജീവിച്ചിരിക്കുന്നവരുടെ ഇഹപര സൗഭാഗ്യത്തിനും കണ്ണീരണിഞ്ഞ പ്രാര്‍‌ഥനകള്‍.

1977 മുതല്‍ 2025 വരെ നേതൃത്വം നല്‍‌കിയവര്‍

---------

01.കെ.എ ഖാസിം മൗലവി

02.എം.വി മുഹമ്മദ് സലീം മൗലവി

03.കെ അബ്‌ദുല്ല ഹസന്‍ സാഹിബ്‌

04.വി.കെ അലി സാഹിബ്‌ 

05.പി അബ്‌ദുല്ലക്കുട്ടി മൗലവി

06.എ മുഹമ്മദലി സാഹിബ്‌

07.കെ സുബൈര്‍ സാഹിബ്‌

08.കെ.സി അബ്‌ദുല്ലത്വീഫ് സാഹിബ്‌

09.വി.ടി അബ്‌‌ദുല്ലക്കോയ തങ്ങള്‍

10.വി.ടി ഫൈസല്‍ സാഹിബ്‌

11.കെ.ടി അബ്‌‌ദു റഹ്‌മാന്‍ സാഹിബ്‌

12.ടി.കെ ഖാസിം സാഹിബ്‌

==============

എം.വി.മുഹമ്മദ് സലീം മൗലവി മരിക്കുന്നതിന്റെ ആഴ്‌ചകള്‍‌ക്ക് മുമ്പുള്ള സമാഗമവും അദ്ദേഹം  വിടപറയുന്നതിന്റെ ഏതാനും മാസങ്ങള്‍‌മുമ്പ്  മനസ്സ് തുറന്നതിനെയും ആസ്‌പദപ്പെടുത്തിയാണ്‌ ഈ ലേഖനത്തിലെ ആദ്യ ഭാഗം.

============

അസീസ് മഞ്ഞിയില്‍


Thursday, June 19, 2025

മഞ്ഞുതുള്ളികളിലെ മാസ്‌മരികത

അറുപതോളം രചനകളാണ് ഈ കവിതാ സമാഹാരത്തിലുള്ളത്.നിരാകരിക്കാനാകില്ല എന്ന ഒമ്പത് അക്ഷരം ശീർഷകത്തിൽ ഏഴ് വരികളിൽ ആശയം വ്യക്തമാക്കുന്നതാണ് ഇതിലെ ഏറ്റവും ചെറിയ കവിത. വൈവിധ്യപൂർണമായ ഇതിവൃത്തങ്ങളാൽ സമ്പന്നമാണ് ഒട്ടും ദിർഘമല്ലാത്ത മറ്റു സൃഷ്ടികൾ.

ആമുഖത്തിൽ സ്വയം പരിചയപ്പെടുത്തുന്ന കവിയിൽ നിന്നും  കാല്പനികതക്ക് പ്രാമുഖ്യം നൽകുന്ന സൃഷ്ടികളാണ് നാം പ്രതീക്ഷിക്കുക.അത്രയധികം വൈയക്തികമായ  അനുഭവങ്ങൾ ബാല്യം   മുതൽ അദ്ദേഹത്തെ  സ്വാധീനിച്ചിരുന്നതായി കാണാം. 

എന്നാൽ കാല്പനിക കവികളുടെ അന്തർമുഖ പ്രകൃതം ഗ്രാമീണ ഏകാന്തതയോടും സൗന്ദര്യത്തോടുമുള്ള ആഭിമുഖ്യം, ദാർശനികത, ആദർശവത്കരണം ഇതെല്ലാം തന്റെ രചനകളിൽ ഒരുമിന്നായം പോലെ പ്രകടമാക്കി ഇന്നിന്റെ ആവശ്യകതയോട് ചേർന്ന് നിൽക്കുന്ന നവീനതയുടെ  ചലനാത്മക ശക്തിയാണ് ആ തൂലികയിലൂടെ പ്രതിഫലിക്കുന്നത്.

വാക്കുകളിലും വരികളിലും പ്രാദേശിക  ചുവനൽകി  ആർക്കും സുപരിചിതങ്ങളായ സങ്കേതങ്ങളിലൂടെ തന്റെ കാവ്യ മനസ്സിനെ നടത്തിപ്പിക്കുമ്പോഴും ആസ്വാദകനിലേക്ക് പരിമിതപ്പെടാതെ അപ്രാപ്യമെന്നു തോന്നുന്ന വിതാനങ്ങളിലേക്ക് അനുവാചക ചിന്തയെ നയിക്കുന്നത് കാണാം.  

ഓരോ മഞ്ഞു തുള്ളിയും ക്രമമായ  നൈരന്തര്യത്തിനകത്ത് പതിക്കുന്ന നനുത്ത ഹിമകണം പോലെ സൂക്ഷ്മ വിശകലനമർഹിക്കുന്ന ചലന വിസ്മയമാണ്.മനുഷ്യനും പ്രകൃതിയും തന്നെയാണ് എല്ലാ കവിതകളിലെയും മുഖ്യ  ഇതിവൃത്തം. 

പശ്ചിമേഷ്യയിലെ ദുരന്തങ്ങൾ സ്വന്തം ഗ്രാമത്തിൽ അനുഭവപ്പെടും വിധം കവിയിൽ വിങ്ങലും വിഹ്വലതകളും സൃഷ്ടിക്കുന്നത് മാനവികതാ സങ്കല്പത്തിന്റെ സ്വാധീനം തന്നെയാണ്..   

മനുഷ്യ മഹത്വം  അംഗീകരിക്കുന്ന മാനവികത  ഹ്യുമനിസം  ഒട്ടേറെ കവിതകളിൽ കടന്നു വരുന്നത് യാദൃശ്ചികമല്ല.ഇതിൽ മതാധിഷ്ടിത മാനവികതക്ക് ഊന്നൽ നൽകുന്ന രചനകളിലൂടെ കവിയിലെ  ധർമാവലംബ ജീവിത ചര്യയുടെ താളക്രമങ്ങൾ വായനക്കാർക്ക് അനുഭവപ്പെടും. 

ഈ സമാഹാരത്തിലെ രചനങ്ങളെല്ലാം തന്നെ മനസ്സിന്റെ ആർദ്രതയും ആത്മ ചൈതന്യത്തിന്റെ അനിഷേധ്യ യാഥർഥ്യങ്ങളും ഒളിമിന്നുതായി കാണാൻ കഴിയും.ഈ സ്നേഹാർദ്ര മനസ്സിന്റെ ഇടക്കിടെ സംഭവിക്കുന്ന ഉരുൾപൊട്ടലുകളാണ് ചില രചനകൾ.

വൃത്ത നിബന്ധനകളുടെ തച്ചു ശാസ്ത്രം നിരാകരിച്ച് നിർവൃത്തമായി  ഗദ്യ കവിതയുടെ സമാന സ്വഭാവമുള്ള കവിതകൾ രചിക്കുക വഴി ശില്പ ഘടനയിൽ പരീക്ഷണം നടത്തുന്നതായി കാണാൻ കഴിയും. 

ജീവിതത്തിൽ പിന്നിടുന്ന കാലഘട്ടങ്ങൾ വേറെ വേറെ അടയാള ശിലകളാണെന്നാണ് ദുരം എന്ന കവിതയിലൂടെ ഓർമ്മിപ്പിക്കുന്നത്. വൈവിധ്യങ്ങൾ ഉൾകൊള്ളാൻ വിമുഖതകാണിക്കുന്ന സമൂഹ മനസ്സിന്റെ വൈകല്യമാണ് പൂക്കള കാഴ്ച കണ്ട് മടുത്ത്  മടങ്ങുന്ന കവിയിലൂടെ പ്രകടമാകുന്നത്.  

മുപ്പതാം മഞ്ഞു തുള്ളിയിൽ മനസ്സുടക്കി എത്ര നേരമാണ് തരിച്ചിരുന്നതെന്നു അറിയില്ല.അകാലത്തിൽ പൊലിഞ്ഞ പ്രിയ പുത്രൻ, ശൈശവം മുതൽ ഞാനറിയുന്ന അബ്സാർ,അന്ത്യ വിശ്രമ കൊള്ളുന്ന മകന്റെ ഖബറിടത്തിലെ സ്മാരകശിലയിലേക്ക് നോക്കിയുള്ള കവിയുടെ ആത്മഗതം,പിതൃ പുത്ര സംവാദം,ഖബറടക്കം ചെയ്യാനാകാത്ത ഓർമ്മകളിലെ വൈകാരിക തീഷ്ണത ഹൃദയവ്യഥ വായന പൂർത്തികരിക്കാനാകാതെ മിഴിനീർ മഞ്ഞു തുള്ളികളിൽ  വിലയം പ്രാപിക്കുകയായിരുന്നു. 

ശുഭാപ്തിയും പ്രതീക്ഷയും നിലനിർത്തിയാണ് എല്ലാ കവിതകളുടെയും ക്രമീകരണമെന്ന് ആസ്വാദകർ തിരിച്ചറിയണമെങ്കിൽ ആവർത്തിച്ചുള്ള വായന അനിവാര്യമായേക്കാം. 

വചനം പബ്ലിഷിംഗ് ഹൗസിലൂടെ അക്ഷരലോകത്തേക്ക് മിഴിതുറക്കുന്ന മഞ്ഞിയിൽ കവിതകൾ വായനക്കാരൻ്റ മനസ്സിൽ അനുഭൂതിയുടെ മഞ്ഞുതുള്ളികൾ പെയ്‌തിറക്കും..

-------------------

അഡ്വ.ഖാലിദ് അറക്കൽ

Friday, August 30, 2024

വായനയെ സംസ്‌കരിച്ച വാരിക

കൗമാരകാലം മുതല്‍ തുടങ്ങിയ വായനാഭ്രമത്തെ പ്രബോധനം വാരികയുടെ വായനയിലേക്ക് കൂടെ പടര്‍ന്നു വളര്‍‌ന്നതിന്റെ പശ്ചാത്തലം ഓര്‍‌ത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌.

എഴുപതുകളിലെ ഒരു റമദാന്‍ മാസം.ഉമ്മയുടെ സഹോദരിയുടെ മകന്‍ അബ്‌ദു റഹിമാന്‍ കേലാണ്ടത്ത് വീട്ടില്‍ വന്നു.കയ്യില്‍ കുറച്ചു പുസ്‌തകങ്ങളുണ്ടായിരുന്നു.അതിലൊരെണ്ണം എനിക്ക് തന്നു.ഒപ്പം പുസ്‌തകവുമായി ബന്ധപ്പെട്ട ചില വര്‍‌ത്തമാനങ്ങളും പരസ്‌പരം ചര്‍‌ച്ച ചെയ്‌തു.വായന തുടങ്ങി.മറ്റു പുസ്‌തകങ്ങള്‍ വായിച്ചെടുക്കുന്നത്ര എളുപ്പമായിരുന്നില്ലെങ്കിലും വായിച്ചു തീര്‍‌ത്തു.ചില ഭാഗങ്ങള്‍ ആവര്‍‌ത്തിച്ചു വായിക്കേണ്ടി വന്നു.കീഴടക്കാനാകാത്ത ഒരു മേഘല കീഴടക്കിയ പ്രതീതിയായിരുന്നു എനിക്ക്.ഇത്തരം വായനകള്‍ തുടരണമെന്ന ആഗരഹവും മനസ്സില്‍ മുളപൊട്ടി. 

ദിവസങ്ങള്‍‌ക്ക് ശേഷം പ്രിയപ്പെട്ട സഹോദര്‍ന്‍ വീണ്ടും വന്നു.ആദ്യം അന്വേഷിച്ചത് പുസ്‌തകത്തെ കുറിച്ചായിരുന്നു.എനിക്ക് പറയാനുണ്ടായിരുന്നതും അതു തന്നെ.അദ്ദേഹം പ്രതീക്ഷിച്ചതിലും വേഗത്തില്‍ വായിച്ചു തീര്‍‌ത്തതിലുള്ള സന്തോഷം സം‌തൃ‌പ്തി പ്രകടിപ്പിച്ചു കൊണ്ട്,ചിലകാര്യങ്ങള്‍ കൂടെ അദ്ദേഹം പകര്‍‌ന്നു തന്നു.കൂട്ടത്തില്‍ ഒരിടം‌വരെ പോകണമെന്ന കാര്യവും സൂചിപ്പിച്ചു.

തൃശുരുള്ള ഒരു സുഹൃത്ത്‌ നോമ്പു തുറക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌.ഒരു സുഹൃത്തിനേയും കൂടെ കൂട്ടാന്‍ പറഞ്ഞിട്ടുണ്ട്‌.അങ്ങിനെ ഞങ്ങള്‍ പോയി പോസ്റ്റാഫിസ്‌ റോഡിലുള്ള ഒരു ഒഫീസില്‍ എത്തി.അഭിവാദ്യങ്ങളോടെ പരസ്‌പരം പരിചയപ്പെടുത്തി.അഥവാ റഹീം സാഹിബിന്റെ ആതിഥ്യം സ്വീകരിക്കാനായിരുന്നു ആയാത്ര.എന്നെ കുറിച്ച്‌ ഇയാള്‍ നല്ല വായനക്കാരനാണെന്ന വിശേഷണം പറയാനും അബ്‌ദുറഹിമാന്‍‌ക്ക മറന്നില്ല.

തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റില്‍ നിന്നായിരുന്നു നോമ്പു തുറന്നത്.ഒരുമിച്ച്‌ മഗ്‌രിബ്‌ നമസ്‌കരിച്ച്‌ വളരെ കുറഞ്ഞ സമയത്തെ സം‌ഭാഷണവും ഇടപഴക്കവും മാത്രം.യാത്ര പറഞ്ഞു പോരുമ്പോള്‍ മേല്‍ വിലാസം ആവശ്യപ്പെട്ടു.അതു കൊടുത്തു.കൂട്ടത്തില്‍ രണ്ട്‌ പുസ്‌തകങ്ങളും തന്നു.ഒന്നു വളരെ ചെറിയ ഒരു പുസ്‌തകവും മറ്റൊന്നു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്‌തകവും ആയിരുന്നു.ചെറിയ പുസ്‌തകം ബസ്സിലിരുന്നു തന്നെ ഏകദേശം വായിച്ചു തീര്‍‌ത്തു.ദാഹം തീര്‍‌ത്തു വെള്ളം കുടിക്കും പോലെ.മറ്റൊന്നു താമസിയാതെ വായിച്ചു തുടങ്ങി.ഇതോടെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന വായനാ ലോകം മലര്‍‌ക്കെ തുറന്ന പ്രതീതി.പിന്നെ തപാലില്‍ പ്രബോധനവും വരാന്‍ തുടങ്ങി.

ഈ വാരാന്തവായന ജീവിതത്തിന്റെ അലകും പിടിയും എല്ലാ അര്‍‌ഥത്തിലും മാറ്റി എന്നു പറയുന്നതാവും ശരി.

സര്‍‌ഗാത്മകമായി വിമര്‍‌ശിക്കാനും സം‌യമനത്തോടെ പ്രതികരിക്കാനും അളന്നു മുറിച്ച് സം‌സാരിക്കാനും ഭാഷയെ ശുദ്ധീകരിക്കാനും ആരെയും മനസാന്നിധ്യത്തോടെ കേള്‍‌ക്കാനും പ്രബോധനം വായന നിമിത്തമായിട്ടുണ്ട്.അഥവാ ജീവിതത്തെ വായനയെ  സംസ്‌കരിച്ച വാരിക.

പ്രാര്‍‌ഥനകള്‍ ....

അസീസ് മഞ്ഞിയില്‍

Wednesday, July 10, 2024

ആസ്വാദനങ്ങളിലെ വിരാമം

ഓരോ താഴ്‌വരയിലും ഉയര്‍‌ന്നു നില്‍‌ക്കുന്ന മലനിരകളുണ്ടാകും.ഈ താഴ്‌വരയിലുള്ളവരില്‍ ചിലര്‍‌ക്കെങ്കിലും തനിക്ക് ചുറ്റും ഉയര്‍‌ന്നു നില്‍‌ക്കുന്ന പര്‍‌വതനിരകളിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടായെന്നും വരാം.ഒരു പക്ഷെ ആഗ്രഹം സഫലമായേക്കും. കീഴടക്കേണ്ടത് കീഴടക്കിയാല്‍ തിരിച്ച് സമതലത്തിലേക്ക് തിരിച്ച് വരിക എന്നതും സ്വാഭാവികമാണ്‌.

പ്രകൃതിദത്തമായ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനമായതും അനുവദിച്ച് നല്‍‌കപ്പെട്ട അനുഗ്രഹങ്ങളില്‍ ഏറെ ശ്രേ‌ഷ്‌ഠമായതും സകലവിധത്തിലുള്ള ആസ്വാദനങ്ങള്‍‌ക്കും ഒരു വിരാമം സാധ്യമാകുന്നു എന്നതത്രെ.

നല്ല ദാഹം അനുഭവപ്പെടുകയും ദാഹശമനം സാധ്യമാകുകയും ചെയ്യുന്നതോടെ ദാഹാര്‍‌ത്തന്‌ സംതൃ‌പ്‌തി ഉണ്ടാകുന്നു.ദാഹമുള്ളപ്പോള്‍ ദാഹജലത്തെ കുറിച്ചുള്ള ദാഹിച്ചുവലയുന്നവന്റെ സങ്കല്‍‌പങ്ങള്‍ വിവരണാതീതമായിരിയ്‌ക്കും.ദാഹവും വിശപ്പും എന്നതിനപ്പുറമുള്ള മനുഷ്യന്റെ മാനസീക ശാരീരിക വൈകാരിക വൈചാരിക വിഷയങ്ങളുടെയും എന്നതുപോലെ ആത്മീയമായ നിര്‍‌വൃതിയുടെ അവസ്ഥയും ഇതുതന്നെയാണ്‌.അഥവാ സകലവിധത്തിലുള്ള ആഗ്രഹാഭിലാഷങ്ങള്‍‌ക്കും അതിമനോഹരമായ പരിസമാപ്‌തി ഒരു  സമാശ്വാസം സാധ്യമാകുന്നു.ഇത് ഒരുവേള മനുഷ്യര്‍ ഓര്‍‌ക്കാതെ പോകുന്ന മഹാ സൗഭാഗ്യമാണ്‌.

മനുഷ്യന്റെ കൊതിയും പൂതിയും അതിന്റെ ശമനവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സം‌ഭവിക്കുന്ന ഒന്നല്ല.ഇടവിട്ട് അനുഭവിക്കാനും ആസ്വദിക്കാനും ലഭിക്കുന്ന അനിര്‍‌വചനീയമായ  അനര്‍‌ഘനിമിഷങ്ങള്‍ ജീവിതത്തെ ധന്യമാക്കുന്നു.

എഴുത്തുകാരന്റെ ജീവിതം ഒരു പടികൂടി മുന്നിലാണ്‌.സമൂഹത്തോട് വിളിച്ചു പറയാനുള്ളത് പറഞ്ഞു കഴിയുന്നത് വരെ അയാള്‍ അശാന്തനാണ്‌ .

പച്ചമനുഷ്യരില്‍ അത്യധികം പച്ചയായ മനുഷ്യനാണ്‌ കവി.തനിക്ക് ചുറ്റുമുള്ള ജീവിത ചിത്രങ്ങളും ചിത്രീകരണങ്ങളും മോഹങ്ങളും മോഹഭം‌ഗങ്ങളും സന്തോഷ സന്താപങ്ങളും വേവും നോവും പ്രകൃതിയും പ്രപഞ്ചവും മഞ്ഞും മഴയും രാവും പകലും മാനവും ഭൂമിയും അതിലെ വര്‍‌ണ്ണങ്ങളും വര്‍‌ണ്ണനകളും കാറ്റും കോളും ഒക്കെ നിറഞ്ഞ ജീവിതത്താളുകള്‍ മനസ്സുകൊണ്ട് ഒപ്പിയെടുക്കുന്നതില്‍ സദാ ജാഗ്രതയിലുള്ളവനത്രെ കവി.

കവി പകര്‍‌ത്തിയെടുത്ത ഭാവനയുടെ മാനത്ത്,മനസ്സിന്റെ പ്രതലത്തില്‍ പാകപ്പെടുത്തുന്നതാണ്‌ കവിതയിലെ ഓരോ അക്ഷരവും.ഈ അക്ഷരപ്പെരുമഴ പെയ്‌തിറങ്ങുന്നത് വരെ കവി അസ്വസ്ഥനായിരിക്കും. പെയ്‌തിറങ്ങിയ വരികളില്‍ മഷിപുരണ്ട് കഴിയുമ്പോഴൊക്കെ കവിയുടെ ദീര്‍‌ഘ നിശ്വാസങ്ങള്‍ ഉയരും.പിന്നീട് തൂലിക തളര്‍‌ന്നു അര്‍‌ധവിരാമത്തില്‍ വിശ്രമിക്കും.

തൂലിക സഞ്ചരിച്ച  നിമിഷങ്ങളുടെ ആനന്ദവും അനുഭൂതിയും ആഘോഷവും താളവും മേളവും വര്‍‌ണ്ണ വിസ്‌മയവും പരന്നൊഴുകിയ ഭാവനാലോകത്തെ തീരവും തിരമാലകള്‍ കവര്‍‌ന്നെടുത്ത കരയില്‍ തെളിയാന്‍ വെമ്പുന്ന മിനുസമുള്ള മണ്ണും കല്ലും കക്കയും  തീരത്തണഞ്ഞ കുതിര്‍‌ന്നലിയുന്ന ശേഷിപ്പുകളുമാണ്‌ വായനക്കാരന്‍ ആസ്വദിക്കുന്നത്.

വായനക്കാരന്റെ ആസ്വാദനക്ഷമതയുടെ ആഴവും പരപ്പും അറിയാനും അവസരത്തിനൊത്ത് ഉണരാനും ഉയരാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാര്‍ ഒരു കാലത്തിന്റെ കാലഘട്ടത്തിന്റെ സാം‌സ്‌കാരിക പരിസരത്തെ സമ്പന്നമാക്കുന്നവരത്രെ.

സാമ്പത്തിക വിശേഷം


പലിശയിലധിഷ്‌ടിതമായ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക പലിശ എന്ന പേരിലും, പലിശ രഹിത സം‌വിധാനങ്ങളില്‍ നിന്നും മാസാന്തം ചെറിയ ഏറ്റക്കുറച്ചിലുകളോടെ ലാഭവിഹിതം എന്ന ലേബലിലും ലഭിക്കുന്നു.ഇതിലെന്താണ്‌ ഇത്രവലിയ കാര്യം.?

ലാഭ നഷ്‌ടങ്ങള്‍ സഹിക്കേണ്ടി വരില്ലെന്ന ഉറപ്പില്‍ നിശ്ചിത വിഹിതമാണ്‌ പലിശ.കൂട്ടുത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ലാഭനഷ്‌ടങ്ങളില്‍ എല്ലാ പങ്കാളികളും തങ്ങളുടെ ഓഹരികളുടെ വിഹിതം പോലെ സഹിക്കാന്‍ തയറായി ഒരുമിച്ച് സഹകരിക്കാന്‍ നിര്‍‌ദേശിക്കപ്പെട്ട സാമ്പത്തിക ക്രയവിക്രിയമത്രെ അനുവദനീയമായ (ഹലാല്‍) സമ്പാദനം.

എന്നാല്‍ ഒന്നും നഷ്‌ടപ്പെടാനില്ലെന്ന ഉറപ്പില്‍ ഹലാല്‍ എന്ന ധാരണയില്‍ പണം നിക്ഷേപിക്കുന്നവരും അധികം താമസിയാതെ സ്ഥാപനം തകരുന്നതും പങ്കുകാര്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ നിത്യവുമെന്നോണം കേള്‍‌ക്കാനാകുന്നുണ്ട്. പരാതികള്‍ ഉണ്ടാകുമ്പോള്‍ ഇതൊരു സം‌രം‌ഭമല്ലെ കച്ചവടമല്ലേ ലാഭ നഷ്‌ടങ്ങള്‍ സ്വാഭാവികമല്ലേ..?എന്ന മറുപടികൊണ്ട് നഷ്‌ടം സഹിക്കേണ്ടിവരില്ലെന്നു ഉറപ്പ് പറയപ്പെട്ടവരെ ആശ്വസിപ്പിക്കുകയൊ ഒരു വേള അവര്‍‌ക്ക് നേരെ അക്രോശിക്കുകയൊ ഒക്കെ പതിവ് കാഴ്‌ചയുമാണ്‌.

പദ്ധതിയുടെ പ്രാരം‌ഭത്തില്‍ അതല്ലെങ്കില്‍ പങ്കുകാരായി ചേര്‍‌ക്കുന്നവരില്‍ നിന്നും ഓഹരി ശേഖരിക്കുന്ന അവസരത്തില്‍ നഷ്‌ടപ്പെടുകയില്ല എന്ന ഉറച്ച തീരുമാനം ഉണ്ടാകുന്നതോടെ പ്രസ്‌തുത സം‌രം‌ഭം ഹലാല്‍ മാതൃകയില്‍ നിന്നും വഴിമാറുന്നുണ്ട്.

തനിക്ക് ഒന്നും നഷ്‌ടപ്പെടാനില്ലാത്ത കൂട്ടു സം‌രം‌ഭത്തില്‍ നിക്ഷേപിക്കുകയാണെന്ന കരുത്തോടെ പങ്കാളിയാകുന്ന നിമിഷം, അനുവദനീയമായ മാര്‍‌ഗത്തിലൂടെ എന്നതിന്റെ സകല പരിശുദ്ധിയും കളഞ്ഞു പോയി എന്നതും ഓര്‍‌മിച്ചിരിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക് ബാങ്കിങ്ങിലെ ഹലാല്‍ സംരംഭങ്ങള്‍ :-

ഓരോ പുതിയ സം‌രം‌ഭം വരുമ്പോഴും താല്‍‌പര്യമുള്ളവരെ ക്ഷണിക്കും.ഓരോ സംരം‌ഭത്തിലും നിശ്ചിത യൂനിറ്റുകളുടെ ഓഹരികള്‍ പങ്കാളികള്‍ സ്വന്തമാക്കും.ഒരാള്‍‌ക്ക് ഒരേ സമയം വിവിധ സം‌രഭങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരവും ഉണ്ടാകും.സം‌രം‌ഭത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഇടവേളകളില്‍ ലാഭവിഹിതം ലഭിക്കും.വിവിധ സം‌രം‌ഭങ്ങളുടെ ലാഭവിഹിതങ്ങള്‍ ഒരുപോലെയായിക്കൊള്ളണമെന്നുമില്ല. 

സാധാരണ ബാങ്കിങ് സം‌വിധാനങ്ങളോടുള്ള സഹകരണത്തില്‍ തങ്ങളുടെ വിഹിതം തിരിച്ചു കിട്ടാതിരിക്കാന്‍ നിര്‍‌വാഹമില്ലെന്ന ധാരണയിലാണ്‌.

ഇസ്‌ലാമിക് ബാങ്കിങ് ഹലാല്‍ സം‌വിധാനം ലാഭനഷ്‌ടങ്ങളില്‍ സഹകരിക്കാനുള്ള മാനസിക തീരുമാനത്തോടെയാണ്‌.

ഇതര ബാങ്കിങ് സം‌വിധാനങ്ങളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ കൂടുതല്‍ ലാഭം ഇസ്‌ലാമിക് ബാങ്കിങ് സംരം‌ഭങ്ങളിലാണ്‌ എന്നാണ്‌ പ്രസ്‌തുത മേഖലയില്‍ നിന്നുള്ളവരുടെ അനുഭവവും അഭിപ്രായവും.

അതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രസ്‌തുത വിന്‍ഡോകളിലൂടെയാണ്‌ സമാഹരിക്കപ്പെടുന്നത്.

അതുകൊണ്ടാണ്‌ ഇസ്‌ലാമിക് ബാങ്കിങ് അല്ലാത്ത സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോകള്‍ തുറന്നുകൊണ്ടിരിക്കുന്നത്.

എത്രമനോഹരം ഈ വേദം...

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിശുദ്ധ ഖുര്‍‌ആനിലെ സൂക്തം സുവിദിതമാണ്‌.ദൗര്‍‌ഭാഗ്യകരമെന്നു പറയട്ടെ,ഖുര്‍‌ആന്‍ വ്യക്തവും കൃത്യവുമായി പറഞ്ഞു തരുന്ന കാര്യങ്ങള്‍, വിശ്വാസികള്‍ അധികപേരും തങ്ങളുടെ ജീവിതത്തില്‍  പാലിക്കുന്നതില്‍ ജാഗ്രത പുലര്‍‌ത്താറില്ല. പ്രസ്‌തുത നിബന്ധനകള്‍ പാലിച്ചിരുന്നുവെങ്കില്‍ എത്രനന്നായേനേ ... എന്ന്‌ പിന്നീട് ഖേദിക്കുന്ന സാഹചര്യങ്ങളും പലപ്പോഴും സം‌ഭവിക്കാറുമുണ്ട്.

ആറാം നൂറ്റാണ്ട് എന്നു പരിഹസിക്കുന്ന നിരീശ്വര നിര്‍‌മ്മിത ദര്‍‌ശനങ്ങളുടെ വക്താക്കളെപ്പോലും ആശ്ചര്യപ്പെടുത്തിയ ഈ ഉപദേശം വിശ്വാസികളായി അറിയപ്പെടുന്നവരില്‍ പലര്‍‌ക്കും മനസ്സിലാകാതെ പോകുന്നു എന്നത് ഖേദകരമത്രെ..

വിശുദ്ധ ഖുര്‍‌ആനിലെ അല്‍ ബഖറ എന്ന അധ്യായത്തിലെ ഏറ്റവും ദീര്‍‌ഘമായ സൂക്തമാണ്‌ 282 ആമത്തെ വചനം.ഖുര്‍‌ആന്‍ പാരായണം എന്ന മിനിമം ശൈലിയില്‍ നിന്നും ഖുര്‍‌ആന്‍ പാരായണം ചെയ്‌തും പഠിച്ചും ജീവിതത്തില്‍ പകര്‍‌ത്തിയും ഒക്കെയാണ്‌ പരിശുദ്ധ ദര്‍‌ശനത്തിന്റെ വാഹകര്‍ മാതൃകയാകേണ്ടത്.

അല്‍ ബഖറ എന്ന അധ്യായിലെ 282 ആമത്തെ സൂക്തത്തിന്റെ സാരം....

അല്ലയോ സത്യവിശ്വാസികളേ, നിശ്ചിത അവധിവെച്ചു പരസ്‌പരം കടമിടപാടു നടത്തുമ്പോള്‍, അത് എഴുതിവെക്കുവിന്‍.ഇരു കക്ഷികള്‍ക്കുമിടയില്‍ ഒരാള്‍ നീതിപൂര്‍വം അതു രേഖപ്പെടുത്തട്ടെ. അല്ലാഹു എഴുതാനും വായിക്കാനുമുള്ള കഴിവു നല്‍കിയിട്ടുള്ളവന്‍ അതെഴുതാന്‍ വിസമ്മതിക്കരുത്; അവന്‍ എഴുതട്ടെ. ആരുടെ പേരിലാണോ ബാധ്യത വരുന്നത് അവന്‍ (അധമര്‍ണന്‍) പറഞ്ഞുകൊടുക്കട്ടെ. അവന്‍ നാഥനായ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ. തീരുമാനിക്കപ്പെട്ട ഇടപാടില്‍ ഒരുവിധ ഏറ്റക്കുറവും വരുത്താന്‍ പാടുള്ളതല്ല. ഇനി കടംകൊള്ളുന്നവന്‍ വിഡ്ഢിയോ ദുര്‍ബലനോ, പറഞ്ഞുകൊടുക്കുന്നതിന് അപ്രാപ്‌തനോ ആണെങ്കില്‍, അവനുവേണ്ടി അവന്റെ കൈകാര്യക്കാരന്‍ നിഷ്‌പക്ഷമായി പറഞ്ഞുകൊടുക്കട്ടെ. പിന്നെ തങ്ങളുടെ പുരുഷന്മാരില്‍നിന്ന് രണ്ടുപേരെ അതിനു സാക്ഷികളാക്കുകയും ചെയ്യുക. രണ്ടു പുരുഷന്മാരില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമായിക്കൊള്ളട്ടെ. ഒരുവള്‍ മറന്നുപോയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണത്. ഈ സാക്ഷികള്‍, നിങ്ങള്‍ക്കിടയില്‍ സ്വീകാരയോഗ്യരായ സാക്ഷികളില്‍പെട്ടവരായിരിക്കേണ്ടതാകുന്നു. സാക്ഷികളാവാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതാവട്ടെ വലുതാവട്ടെ, അവധി നിര്‍ണയിച്ചു പ്രമാണം രേഖപ്പെടുത്തിവെക്കുന്നതില്‍ ഉദാസീനരാവരുത്. ഈ മാര്‍ഗമാണ് അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്. ഇതുവഴി സാക്ഷ്യം നിര്‍വഹിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നു. നിങ്ങള്‍ സംശയങ്ങളില്‍ അകപ്പെടാന്‍ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. നിങ്ങള്‍ രൊക്കമായി നടത്തുന്ന കച്ചവടമാണെങ്കില്‍, അത് എഴുതിവെക്കാതിരിക്കുന്നതില്‍ വിരോധമില്ല.വ്യാപാര ഇടപാടു നടത്തുമ്പോള്‍ നിങ്ങള്‍ സാക്ഷിനിര്‍ത്തിക്കൊള്ളുക. എഴുതുന്നവനും സാക്ഷിയും ദ്രോഹിക്കപ്പെടാവതല്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അതു ധിക്കാരമാകുന്നു. അല്ലാഹുവിന്റെ കോപത്തെ കാത്തുകൊള്ളുക. അവന്‍ നിങ്ങള്‍ക്ക് ശരിയായ പ്രവര്‍ത്തനരീതി പഠിപ്പിക്കുന്നു. അവന്‍ സര്‍വസംഗതികളെക്കുറിച്ചും അഭിജ്ഞനാകുന്നു.

===============

മഞ്ഞിയില്‍

Monday, March 4, 2024

കെട്ടു നാറുന്ന ആധുനിക സമൂഹം

ഒരു ഫലസ്തീനി യുവാവുമായി കുറച്ചു സമയം സം‌സാരിച്ചു.മുഹമ്മദ് ഹഷീഷ് എന്നാണ്‌ അവന്റെ പേര്‌.മുഹമ്മദിന്റെ രണ്ട് സഹോദരങ്ങള്‍ മധ്യേഷ്യയിലുണ്ട്. ഉസ്‌ബക്കിസ്ഥാനില്‍ ഉപജീവനം നടത്തിയിരുന്ന പിതാവ്‌ ഈയിടെ മരണപ്പെട്ടു. റഷ്യയില്‍ ഉമ്മയുടെ അടുത്ത് വെച്ചായിരുന്നു അന്ത്യം.മരിക്കുമ്പോള്‍ ഉമ്മയും മക്കളും ഒക്കെ അടുത്തുണ്ടായിരുന്നു.മുഹമ്മദിന്റെയും സഹോദരങ്ങളുടേയും പ്രാഥമിക വിദ്യാഭ്യാസം ഗസ്സയിലും തുടര്‍‌ പഠനം നടന്നത് ഈജിപ്‌തിലുമായിരുന്നു.

സയണിസ്റ്റുകളുടെ കൊടും ക്രൂരതകള്‍‌ക്ക് അകലെ നിന്നും അടുത്ത് നിന്നും ഒക്കെ പലപ്പോഴും സാക്ഷിയാകേണ്ടിവന്ന കഥകള്‍ പലതും അവന്‍ പങ്കുവെച്ചു. ബുദ്ധിവെച്ച നാള്‍ മുതല്‍ ഏതു സമയവും അക്രമത്തിന്‌ ഇരയാകുമെന്ന ബോധം എല്ലാവര്‍‌ക്കും ഉണ്ട്.യുദ്ധം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇതു തന്നെയാണ്‌ അവസ്ഥ. ഗസ്സ മുനമ്പിലുള്ളവര്‍‌ക്ക് ഈ ബോധ്യം കൂടുതലാണെന്നും യുവാവ് യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു.

ഈയിടെ നടന്ന ദാരുണമായ ഒരു കൂട്ടക്കുരുതിയുടെ കഥ വിവരിച്ചപ്പോള്‍ മാത്രം അവന്റെ കണ്ണുകള്‍ സജലങ്ങളായി.റഫയില്‍ ഒരു വലിയ കെട്ടിടത്തില്‍ ഗസ്സയിലെ വിവിധ പ്രദേശത്തുകാര്‍ സുരക്ഷിതമെന്നു കരുതി താമസിച്ചിരുന്നുവത്രെ.പടു വൃദ്ധരും പിറന്നു വീണ കുട്ടികളും എന്നവിധം എല്ലാ പ്രായക്കാരും അതിലുണ്ടായിരുന്നു.
ഒടുവില്‍ ഈ സുരക്ഷാ കേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലവും ലോകത്തെ മുഴുവന്‍ മനുഷ്യരേയും സാക്ഷിയാക്കികൊണ്ട് കാപാലികരുടെ കൊടും ക്രുരതക്ക് ഇരയായി.

മധ്യേഷയിലെ പലയിടങ്ങളിലായുള്ള രണ്ടോ മൂന്നോ പേരൊഴികെ മുഹമ്മദിന്റെ കുടും‌ബത്തിലും ഇനിയാരും ബാക്കിയില്ല.

ശത്രുക്കളുടെ ബോം‌ബിങ് രീതിയും അവന്‍ വിവരിച്ചു.കെട്ടിടത്തില്‍ ചുറ്റുപാടും പതിക്കുന്ന ബോം‌ബുകള്‍,കെട്ടിടത്തെ ഇളക്കി ഭൂമിക്കടിയില്‍ പോയി സ്‌ഫോടനമുണ്ടാക്കും.അതിനു ശേഷം തീമഴപോലെ പ്രദേശം മുഴുവന്‍ വര്‍‌ഷിക്കുന്ന വിധമാണ്‌ ഭീകരരുടെ അക്രമണ സ്വഭാവം.ഒരു ചെറിയ പ്രാണിപോലും അവശേഷിക്കാതിരിക്കാനുള്ള അതി സൂക്ഷ്‌മത.

പൈശാചികത താണ്ഡവമാടി കരിയും പൊടിയും ഒക്കെ ശാന്തമായപ്പോള്‍ ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ പ്രദേശം തന്നെ ശ്‌മശാനമാക്കി ഗണിക്കാനേ കഴിയുകയുള്ളൂവത്രെ.ദിവസങ്ങള്‍‌ക്ക് ശേഷം രക്ഷാ പ്രവര്‍‌ത്തകര്‍ കെട്ടിടാവശിഷ്‌ടങ്ങളിലൂടെ നടക്കുമ്പോള്‍ പൂര്‍‌ണ്ണമായും കത്തിക്കരിഞ്ഞിട്ടില്ലാത്ത ഒരു സിമന്റ് തൂണ്‌ ശ്രദ്ധയില്‍ പെട്ടു.അത് വലിച്ചൂരിയപ്പോള്‍ സാരമായ കേടുപാടില്ലാത്ത ഒരു വനിതയുടെ ജഢം ദൃശ്യമായി.അവരുടെ മാറില്‍ അമര്‍‌ന്നു കിടന്നു അമ്മിഞ്ഞ നുകരുന്ന ഒരു കുഞ്ഞും.കുഞ്ഞ് പൂര്‍‌ണ്ണ ആരോഗ്യത്തോടെയിരിക്കുന്നതായി അവര്‍‌ക്ക് ബോധ്യമായി.ഉമ്മയുടെ ജീവന്‍ പോയതിനു ശേഷവും കുഞ്ഞിന്‌ മുലപ്പാല്‍ ലഭിച്ചിരുന്നു എന്നാണ്‌ ആരോഗ്യ രം‌ഗത്തുള്ളവരുടെ നിരീക്ഷണം.എണ്ണമറ്റ കുടും‌ബ വേരുകളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു എന്നു സാരം.

റഫ അതിര്‍‌ത്തിയിലൂടെ വരുന്ന സഹായങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കുറച്ചു സമയം മൗനിയായി.റഫയിലൂടെ വരുന്ന ട്രക്കുകളില്‍ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പൊതിയാനുള്ള കഫന്‍ പുടവകളാണെന്നു തോന്നിപ്പോകും.അവന്‍ വിതുമ്പലമര്‍‌ത്തി പറഞ്ഞു തീര്‍‌ത്തു.

ജഢങ്ങള്‍ കുന്നു കൂടിയ ഇടങ്ങളില്‍ അനുഭവവപ്പെടാത്ത ദുര്‍‌ഗന്ധം ആധുനിക സമൂഹങ്ങള്‍‌ക്കിടയില്‍ നിന്നും വമിച്ചു കൊണ്ടിരിക്കുന്നുണ്ട്.ജീവന്‍ ബലി നല്‍‌കിയവര്‍‌ക്ക് യഥാര്‍‌ഥത്തില്‍ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല.ജീവച്ഛവങ്ങളായ കാഴ്‌ച്ചക്കാരുടെ അവസ്ഥയെക്കുറിച്ചോര്‍‌ത്താണ്‌ എന്റെ നോവും വേവും.അവന്‍ കണ്ണീരൊപ്പി.തിരിച്ചൊന്നും ഉരിയാടാനാകാതെ ഞാനും വിതുമ്പി.
==================
മഞ്ഞിയില്‍