Sunday, February 26, 2023

അഞ്ജനമെന്നത് ഞാനറിയും

രാജ്യത്തെ മീഡിയകള്‍ അധികവും, സമൂഹ്യ സാം‌സ്‌‌ക്കാരിക രാഷ്‌ട്രീയ മേഖലകളിലെ പ്രസിദ്ധരായി വിരാജിക്കുന്നവരില്‍ തന്നെ പലരും മുസ്‌ലിം സമൂഹത്തെ കുറിച്ച് പൊതു സമൂഹത്തില്‍ പറഞ്ഞുവെക്കുന്നതും പ്രചരിപ്പിക്കുന്നതുമായ പലതും സാധാരണക്കാരനെപ്പോലും അമ്പരിപ്പിക്കുന്നതാണെന്നു തോന്നിയിട്ടുണ്ട്.

കേട്ടു കേള്‍‌വിയുടെ അടിസ്ഥാനത്തിലും കേവല ഊഹാപോഹങ്ങളുടെ പിന്‍‌ബലത്തിലും ഒക്കെയാണ്‌ പല അവതരണങ്ങളും.അഥവാ രാജ്യത്തെ പ്രബല ന്യൂനപക്ഷ സമൂഹത്തെ കുറിച്ച് സാമാന്യ ബോധമില്ലാത്ത വര്‍‌ത്തമാനങ്ങള്‍ എന്നു ചുരുക്കം.

പ്രസിദ്ധനായ ഒരു പണ്ഡിതന്റെ മരണാനന്തരച്ചടങ്ങിന്റെ മീഡിയാ റിപ്പോര്‍‌ട്ട് കണ്ടത്  ഓര്‍‌ക്കുമ്പോള്‍ ഇപ്പോഴും ചിരിയടക്കാന്‍ കഴിയാറില്ല. ജനാസ നമസ്‌‌ക്കാരത്തിന്റെ ഭാഗമെന്നോണം സൂജൂദില്‍ വീണു കിടക്കുന്ന വിശ്വാസികളൂടെ ചിത്രത്തോടൊപ്പമായിരുന്നു വാര്‍‌ത്ത പങ്കുവെക്കപ്പെട്ടത്. മാധ്യമ സ്ഥാപനങ്ങളുടെ പൊതു ബോധം എത്രത്തോളം ദരിദ്രമാണ്‌ എന്നതിന്‌ ഇതിലും വലിയ തെളിവ് വേണ്ടെന്നു തോന്നുന്നു.അറബ്‌ മുസ്‌ലിം പേരുകളിലും മുസ്‌ലിം ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിശദീകരണങ്ങളിലുമൊക്കെ ഈ ദയനീയത ദര്‍‌ശിക്കാനാകും.

ഈയിടെ രണ്ട് ധര്‍‌മ്മങ്ങളുടെ ദര്‍‌ശനങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍‌ച്ചയുമായി ബന്ധപ്പെട്ട മാധ്യമ വിചാരണയും രാഷ്‌ട്രീയ പ്രമാണിത്തം അവകാശപ്പെടുന്നവരുടെ ജല്‍‌പനങ്ങളും ഒക്കെയാണ്‌ ഈ കുറിപ്പിന്‌ പ്രചോദനം.

ഇന്ത്യയിലെ പ്രബല മുസ്‌‌ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെയുള്ള സംഘടനകൾക്കൊപ്പമാണ് ജമാഅത്തെ ഇസ്‌‌ലാമി ചർച്ചയിൽ പങ്കെടുത്തത്.അത്തരം ചർച്ചകൾ ആകാമെന്നതാണ് ജമാഅത്തെ ഇസ്‌‌ലാമിയുടെ  നിലപാട്.ഇക്കാര്യങ്ങളൊക്കെ പലതവണ തിരിച്ചും മറിച്ചും വിശദമായി പറഞ്ഞപ്പോഴും അതിനുമുമ്പും മീഡിയകളുടെ അന്വേഷണങ്ങള്‍ അതിശയിപ്പുക്കുന്നതാണ്‌.

അഥവാ ജം‌ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ദേശീയാടിസ്ഥാനത്തില്‍ രാജ്യത്തെ ഭൂരിപക്ഷ മുസ്‌ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സം‌ഘടനയാണോ എന്നായിരുന്നു വലിയവിഭാഗം മീഡിയകളുടെയും രാഷ്‌‌ട്രീയ മേലാളന്മാരുടെയും സം‌ശയം. 

ഇതുപോലെ കൗതുകകരമാണ്‌ കേരളത്തില്‍ അറിയപ്പെടുന്ന സം‌ഘടനകളെ കുറിച്ചുള്ള പൊതു ധാരണ.പൊതുവെ കേരളത്തില്‍ മലയാളക്കരയില്‍ അറിയപ്പെടുന്ന പല സം‌ഘടനകള്‍‌ക്കും അതിര്‍‌ത്തിക്കപ്പുറം വലിയ വിലാസമൊന്നും ഇല്ല. തികച്ചും പ്രാദേശിക സം‌ഘടനാ സം‌വിധാനമാണ്‌ എന്നത് വലിയ ശതമാനം പേര്‍‌ക്കും അറിയില്ലെന്നാണ്‌ മനസ്സിലാകുന്നത്.

കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ രൂപംനല്‍‌കപ്പെട്ട ഒട്ടുമിക്ക മത സം‌ഘടനകളും അം‌ഗീകരിക്കുന്ന പ്രതിനിധികള്‍ പ്രസ്‌‌തുത ചര്‍‌ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്‌.എന്നാല്‍ ജമാഅത്തെ ഇസ്‌‌ലാമി പങ്കെടുത്തതു പോലെ എന്തേ ഇന്നയിന്ന വിഭാഗങ്ങളൊന്നും ഇല്ലാതെ പോയെന്ന അന്വേഷണം ഈ സമൂഹത്തെ കുറിച്ചുള്ള പൊതു അറിവിന്റെ പോരായ്‌‌മയുടെ ആഴം സൂചിപ്പിക്കുന്നുണ്ട്.

ഈ അവസരത്തില്‍ ജം‌ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി  അലിയാർ ഖാസിമിയുടെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍‌ത്തു വായിക്കാം.

ദേശീയ തലത്തിൽ മേൽവിലാസമുള്ള സംഘടനകളാണ്‌ ചർച്ചയിൽ ക്ഷണിക്കപ്പെട്ടത്.ചർച്ചകൾ ആരുമായും നടത്താമെന്നതാണ് ജംഇയ്യത്ത് നിലപാട്.

കേരളത്തില്‍ അധികമൊന്നും കൊട്ടി ഘോഷിക്കപ്പെടാത്ത വലിയ അം‌ഗബലമില്ലാത്ത രണ്ട് സം‌ഘടനകള്‍ ചര്‍‌ച്ചയില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ ഇടം പിടിക്കുകയും താരതമ്യേന സം‌ഖ്യാബലമുള്ള ഇതര സം‌ഘടനകളുടെ പ്രാതിനിധ്യം ഇല്ലാതെ പോയി എന്നുമായിരിക്കാം മീഡിയകള്‍ സം‌ശയിച്ചത്.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സം‌ഘടനാ സം‌വിധാനമുള്ള പ്രസ്‌തുത സം‌ഘടനകള്‍ വിശേഷിച്ചും ജമാ‌അത്തെ ഇസ്‌‌ലാമി രാജ്യത്തെ എല്ലാ സം‌സ്ഥാനങ്ങളിലും വ്യവസ്ഥാപിതമായി പ്രവര്‍‌ത്തന നൈരന്തര്യം കൊണ്ട് സജീവമാണെന്ന വിവരം ബോധപൂര്‍‌വ്വം മീഡിയകള്‍‌ വിസ്‌‌മരിച്ചു കളയുകയാണ്‌.

ദേശീയാടിസ്ഥാന പ്രാധാന്യമുള്ള വിഷയങ്ങള്‍ പോലും സം‌സ്ഥാനത്തിന്റെ ഫ്രെയിമില്‍ നിന്നു കൊണ്ട് നിരീക്ഷിച്ച് ചര്‍‌വ്വിതചര്‍‌വ്വണം ചെയ്‌ത് വഷളാക്കുന്ന മീഡിയകളുടെ സമീപനവും ഖേദകരമത്രെ.

അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന പ്രസിദ്ധമായ പഴഞ്ചൊല്ലിനെ അന്വര്‍‌ഥമാക്കും വിധമുള്ള മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള പൊതുനിലപാട് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Related Posts:

  • എഴുപതുകളിലെ ചില ഓര്‍‌മ്മകള്‍1978 അവസാന മാസങ്ങളിലെ ഒരു ദിവസം.  കുറിച്ചു വെച്ചതൊന്നുമല്ല,  ഓർമ്മയിൽനിന്നെടുക്കുന്നതാണ്.  സൂഖ് വാഖിഫിലെ അന്നത്തെ വലിയ പള്ളിയുടെ, … Read More
  • അമിതമായാല്‍ അമൃതും വിഷം ഓരോ കഴിഞ്ഞ കാലഘട്ടവും പരിശോധിക്കുമ്പോള്‍ അതതു കാലത്തെ ജനസ്വാധീനമുള്ളവയില്‍ ഏറ്റവും മികച്ചത്‌ പ്രവാചകന്മാരും പ്രബോധകന്മാരും അനുയായികളും സമൂഹവും ഉ… Read More
  • ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ മൗലവിആദരണീയനായ വി.എം മുഹമ്മദ് സലീം മൗലവി ഓര്‍‌മ്മയായിരിക്കുന്നു. ഏറെ വേദനയോടെയാണ്‌ ഇത് കുറിക്കുന്നത്.എമ്പതുകളിലാണ്‌ ഖത്തറില്‍ എത്തിയത്.എന്നാല്‍ തൊണ്ണൂറുകളു… Read More
  • കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നവര്‍വര്‍‌ത്തമാന സാമൂഹ്യ രാഷ്‌ട്രീയ കാലാവസ്ഥയില്‍ ഈശ്വരന്‍ അല്ലെങ്കില്‍ ദൈവം എന്നു കേള്‍‌ക്കുമ്പോളില്ലാത്ത അസ്വസ്ഥത അല്ലാഹു എന്നു പറയുമ്പോള്‍  ഉണ്ടാകു… Read More
  • പി.സി ഹം‌സ :- ഓര്‍‌മ്മ ദിനം ഓര്‍‌മ്മയിലെ പി.സി===========പി.സി ഹം‌സ സാഹിബുമായി അധികമൊന്നും നേരിട്ട്‌ ബന്ധമില്ലായിരുന്നെങ്കിലും അദ്ധേഹത്തോടൊപ്പം 90 കളിലെ പരിശുദ്ധ റമദാനില്‍ കുറ… Read More

0 comments:

Post a Comment

Note: Only a member of this blog may post a comment.