Sunday, May 22, 2016

ശീലങ്ങള്‍‌ക്ക്‌ വിട ....

ശീലങ്ങള്‍‌ക്ക്‌ വിട ....
വര്‍ത്തമാന കാലത്ത് ഏറ്റവും കൂടുതല്‍ ആസ്വാദകരുള്ളത് മത വിജ്ഞാന മജ്‌ലിസുകളിലും ആരോഗ്യ ബോധവത്കരണ സദസ്സുകളിലുമാണത്രെ. ഇത്തരം പരിപാടികളില്‍ ഓര്‍മ്മിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ പാലിക്കാതിരിക്കുക എന്ന കൗതുകകരമായ കാര്‍ക്കശ്യവും പ്രസിദ്ധമത്രെ.
ആരോഗ്യം എന്ന അനുഗ്രഹത്തെ കുറിച്ചുള്ള പ്രവാചകാധ്യാപനങ്ങളില്‍ അഭിമാനം കൊള്ളുകയും പ്രായോഗിക ജീവിതത്തില്‍ അത്തരം ശിക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ദുരവസ്ഥയും ഏറെ പ്രകടമാണ്. ആരോഗ്യകരമായ ജീവിത ശൈലിയുടെ അഭാവത്തില്‍ പടര്‍ന്നു പന്തലിക്കുന്ന മഹാരോഗം പേറുന്നവരില്‍ ഭൂരിപഭാഗവും, ''ആരോഗ്യമുള്ള വിശ്വാസിയുടെ മഹത്വം പഠിപ്പിക്കപ്പെടുന്ന'' സമൂഹത്തിലാണ്. മാത്രമല്ല അനുഗ്രഹിച്ചനുവദിപ്പിക്കപ്പെട്ട സമ്പത്തില്‍ നല്ലൊരു ശതമാനവും ചെലവഴിക്കപ്പെടുന്നത് അതിനൂതന ചികിത്സാ രീതികളിലും ആതുരാലയങ്ങളിലുമാണ്.
രോഗ പ്രതിരോധത്തെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ബോധവത്കരണം നടത്താന്‍ നിയോഗിക്കപ്പെടുന്നവര്‍ തങ്ങളുടേതായ കാഴ്ചപ്പടുകളില്‍ നിന്നു കൊണ്ടായിരിക്കും വിഷയങ്ങള്‍ അവതരിപ്പിക്കുക. ജീവിത ശൈലിയില്‍ വരുന്ന മാറ്റത്തോടെ സംഭവിക്കാന്‍ സാധ്യതയുള്ള ആരോഗ്യകരമായ സാഹചര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നതിനേക്കാള്‍ സ്വാഭാവികമായും അതിനൂതന മരുന്നുകളും ചികിത്സാ രീതികളും പുതു പുത്തന്‍ ആതുരാലയങ്ങളും ഒക്കെയായിരിക്കും പ്രധാനമായും പരിഗണിക്കപ്പെടുക.സാമാന്യം അറിഞ്ഞിരിരിക്കേണ്ടതെന്നു ബോധ്യമുള്ള ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു.
100 ട്രില്യന്‍ കോശങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഒരു ജൈവ സംവിധാനമാണ് മനുഷ്യ ശരീരം. ഈ കോശങ്ങളാകട്ടെ നിരന്തരം പുതുക്കപ്പെടുന്നു. ഇന്നത്തെ ആഹാരമായിരിക്കും നാളത്തെ ശരീരം. നശിച്ചു കൊണ്ടിരിക്കുന്ന കോശത്തെ പരിപാലിക്കുകയും പരിചരിക്കുകയും ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന കോശത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുക എന്ന സൂത്രമാണ് പ്രകൃതി ജീവനത്തിന്റെ പ്രാഥമിക തത്വം. തലച്ചോറിലെ കോശങ്ങളൊഴികെയുള്ള സകല കോശങ്ങളും നിരന്തരം നശിക്കുകയും പുതിയത് രൂപപ്പെടുകയും ചെയ്യുന്നു. ത്വക്കിലെ കോശങ്ങള്‍ ജീവിക്കുന്നത് 30 ദിവസമാണെങ്കില്‍ രക്തത്തിലെ ചുവന്ന അണുക്കള്‍ 120 ദിവസം ജീവിക്കുന്നു. ഓരോ വര്‍ഷവും 5 ശതമാനം ഹൃദയ കോശങ്ങള്‍ മരിക്കുകയും പുതിയത് ജനിക്കുകയും ചെയ്യുന്നു. ആമാശയം ഓരോ 6 ദിവസം കൂടുന്തോറും പുതുക്കപ്പെടുന്നു. കോശങ്ങളുടെ ജനന മരണലീലകളില്‍ പ്രതിരോധവും പരിചരണവും അടങ്ങിയിരിക്കുന്നുവെന്ന് സാരം.
നിശ്ചിത കാല ഉപവാസം വഴി ശരീരത്തെ ശുദ്ധീകരിക്കുകയും ലളിതമായ ചില വ്യായാമമുറ നിത്യമാക്കുകയും ചെയ്താല്‍ മാറാത്ത ഒരു വ്യാധിയും ഇല്ല എന്നു തന്നെ പറയാനാകും. ഇതിന് ഉപോല്‍ബലകമായ അനുഭവങ്ങളും തെളിവുകളും ധാരാളം നിരത്താനാകും.

വ്രത വിശുദ്ധിയുടെ കാലം ആരോഗ്യ സംരക്ഷണത്തെ സഹായിക്കും എന്നു വിശ്വസിക്കുന്നവര്‍ക്ക് ഉപവാസത്തിന്റെ മഹത്വം ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടാകില്ല.

പ്രവാചകചര്യ പോലെയുള്ള സമീകൃതാഹാര സ്വഭാവം വിശ്വാസികളിലും അവിശ്വാസികളിലും പ്രസിദ്ധമാണ്. അഥവാ മൂന്നിലൊന്ന് ഭക്ഷണം മൂന്നിലൊന്ന് വെള്ളം എന്നീ ക്രമത്തില്‍ ശീലിച്ചെടുക്കുകയും സന്ധ്യയോടു കൂടെ ഏറെ ലളിതമായ ആഹാരം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നതോടെ അത്ഭുതകരമാം വിധം ആരോഗ്യം പരിപാലിക്കാന്‍ സാധിച്ചേയ്ക്കും. ആസ്വാദ്യകരമായ ഉറക്കും ഉണര്‍വും ഇതുവഴി അനുഭവപ്പെടും. ആന്തരികാവയവങ്ങളിലെ പ്രകൃതിപരമായ പരിചരണ പ്രക്രിയകള്‍ ആയാസ രഹിതമായും ആരോഗ്യകരമായും പുര്‍ത്തീകരിക്കപ്പെടും. അക്ഷരാര്‍ഥത്തില്‍ ദൈവത്തെ സ്തുതിച്ച് ഉറക്കില്‍ നിന്നുണരാന്‍ ഈ ശീലും ശൈലിയും സഹായിക്കും.
റമദാന്‍ സമാഗതമാകുകയാണ്. ഇതുവരെയുള്ള ശീലങ്ങള്‍ക്ക് താല്‍ക്കാലിക വിട നല്‍കുന്ന കാലം. നാം അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പല ശീലങ്ങളേയും വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഈ വ്രത വിശുദ്ധിയുടെ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. ഈ വര്‍ഷത്തെ റമദാനിലൂടെ ശരീരവും മനസ്സും പൂര്‍ണ്ണാരോഗ്യത്തോടെ തിരിച്ചു പിടിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം.
നോമ്പു തുറയുടെ ആരോഗ്യപരമായ ശീലും ഭക്ഷണ ക്രമത്തിലെ ലാളിത്യവും പ്രതിഫലിപ്പിക്കാനെന്നവണ്ണം പഠിപ്പിക്കപ്പെട്ട പ്രവാചക വചനം പോലും കൃത്യമായി വായിച്ചെടുക്കാന്‍ ആരും മെനക്കെടുന്നില്ല. ഒരു ചീന്ത് കാരക്ക കൊണ്ട് പ്രതീകാത്മക തുറ നടത്തി കണ്ണടച്ചു പാലുകുടിക്കുകയാണ് സമൂഹം.

വ്രതമെടുത്ത് ഒരു പ്രയാസവും ഇല്ലാത്തവര്‍ വ്രതമവസാനിപ്പിച്ച് പ്രയാസപ്പെടുന്ന അവസ്ഥ പാടില്ലാത്തതാകുന്നു. പ്രഭാതത്തോടടുത്ത് അത്താഴം കഴിക്കുന്നവര്‍ യഥാര്‍ത്തില്‍ ഒരു ഉച്ച ഭക്ഷണം മാത്രമാണ് പകലില്‍ ഒഴിവാക്കുന്നത്. ഈ ഒരു നേരത്തെ ഭക്ഷണത്തിന് പകരം വീട്ടാനെന്ന വിധത്തിലുള്ള ഭക്ഷണ ശീലം നോമ്പിന്റെ ആത്മാവിനെത്തന്നെ കെടുത്തിക്കളയും. വ്രത വിശുദ്ധിയിലൂടെ ആരോഗ്യമുള്ളവരാകാന്‍ ദൃഢ പ്രതിജ്ഞ ചെയ്യുക. ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

22.05.2016
ഇസ്‌ലാം ഓണ്‍ ലൈവിനുവേണ്ടി 

0 comments:

Post a Comment

Note: Only a member of this blog may post a comment.