Tuesday, August 18, 2015

ഹജ്ജിന്റെ ആത്മാവറിയാത്ത സദസ്സുകള്‍

ഹജ്ജിന്റെ ആത്മാവറിയാത്ത സദസ്സുകള്‍
വിശ്വാസികള്‍‌ക്ക്‌ അനുശാസിക്കപ്പെട്ട പഞ്ചകര്‍‌മ്മങ്ങളില്‍ ഉപാധികളോടെ കല്‍‌പിക്കപ്പെട്ട അഞ്ചാമത്തെ അനുഷ്‌ഠാനമാണ്‌ ഹജ്ജ്‌.പണ്ടൊക്കെ വയോവൃദ്ധരായവരില്‍ മാത്രം ഹജ്ജ് കര്‍‌മ്മം ഒതുങ്ങി നിന്ന്നിരുന്നു. എന്നാല്‍ വര്‍‌ത്തമാനകാലത്ത്‌ യുവതീ യുവാക്കളും മധ്യവയസ്‌കരും ഈ അനുഷ്‌ഠാനത്തിനായി ഒരുങ്ങുന്നു എന്നത്‌ ഏറെ പ്രശം‌സനീയമാണ്‌.അഥവ ഓരോ വര്‍‌ഷവും ആയിരക്കണക്കിനു ഇബ്രാഹീമുമാരും ഇസ്‌മാഈലുമാരും ഹാജറമാരും ഉണ്ടാകുന്നു എന്നു സാരം.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഹജ്ജ്‌ യാത്രയയപ്പുകളുടെ കാലമാണ്‌.ഇത്തരം സം‌ഗമങ്ങളും സൗഹൃദ സദസ്സുകളും ഹാജിമാര്‍ക്കും അല്ലാത്തവര്‍‌ക്കും ആത്മീയമായ ഉത്തേജനവും അനുഗ്രഹവുമാണെന്നതില്‍ സം‌ശയമില്ല.എന്നാല്‍ ചില സം‌ഗമങ്ങളും സങ്കീര്‍‌ത്തന സദസ്സുകളും വിശ്വാസികള്‍‌ക്ക്‌ അഭിലഷണീയമല്ലാത്തതും ഹജ്ജിന്റെ ആത്മാവിനു നിരക്കാത്തതുമാണെന്നു പറയാതിരിക്കാന്‍ വയ്യ. 

സകല വിധ ദൈവ സങ്കല്‍‌പങ്ങളേയും ഹൃദയത്തില്‍ നിന്നും മായ്‌ചുകളഞ്ഞു ഏക ഇലാഹിലേയ്‌ക്ക്‌ എല്ലാ അര്‍‌ഥത്തിലുമുള്ള ഉണര്‍‌ന്നെഴുന്നേല്‍‌പിനുള്ള എണ്ണയും തിരിയുമായി കത്തിജ്ജ്വലിച്ച്‌ പ്രകാശമാനമാകുന്നതിനു പകരം കരിന്തിരികത്തുന്ന പുകപടലങ്ങളില്‍ നിര്‍‌വൃതികൊള്ളാനുള്ള അന്ധമായ അഭിനിവേശം മാറാവ്യാധിയായി പടര്‍ന്നു കൊണ്ടിരിക്കുന്നു എന്നത് ദുഖ സത്യമാണ്‌.ദൈവത്തോട്‌ പ്രാര്‍‌ഥിക്കുക സജ്ജനങ്ങള്‍‌ക്ക്‌വേണ്ടി പ്രാര്‍‌ഥിക്കുക എന്നത്‌ വിശ്വാസിയുടെ മുഖമുദ്രയത്രെ.അഞ്ചു നേരത്തെ നമസ്‌കാരത്തിലെ ആമുഖ പ്രതിജ്ഞയിലും പ്രാര്‍‌ഥനയിലും അത്വഹിയ്യാത്തിലും ഇതിന്റെ സുവ്യക്തമായ ചിത്രമാണ്‌ ഓര്‍‌മ്മിപ്പിക്കപ്പെടുന്നത്.വിജയത്തിലേക്കുത്തരം നല്‍‌കി എല്ലാ അശുദ്ധികളില്‍ നിന്നും മുക്തമായി തൊട്ടടുത്തുള്ള ദൈവ ഭവനത്തിലെത്തി ദൈവത്തെ വാഴ്‌ത്തി കൈകളുയര്‍‌ത്തിക്കെട്ടിയുള്ള പ്രതിജ്ഞ എത്ര അര്‍ഥ ഗര്‍‌ഭമാണ്‌.

ലോക രക്ഷിതാവായ തമ്പുരാനിലേക്ക്‌ മുഖം തിരിച്ചുകൊണ്ട് തന്റെ സകല അടക്ക അനക്കങ്ങളും നമസ്‌കാരവും സല്‍‌കര്‍‌മ്മങ്ങളും ജീവിതവും മരണവും ദൈവത്തിനു സമര്‍‌പ്പിക്കുന്നു എന്ന ദൃഢനിശ്ചയത്തോടൊപ്പം ദൈവത്തില്‍ പങ്കാളിയാക്കുന്നവനില്‍ പെട്ടവനല്ലെന്നു ആവര്‍‌ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യുന്ന മന്ത്രം വിശ്വാസികള്‍ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നത്‌ സങ്കടകരമാണ്‌.

വിശ്വാസി സമൂഹത്തോടാണോ ബഹുദൈവ വിശ്വാസത്തെക്കുറിച്ചും ദൈവത്തില്‍ പങ്കാളികളെ ചേര്‍‌ക്കുന്നതിനെക്കുറിച്ചും നവോഥാന പ്രസ്‌ഥാനക്കാരെന്നു പറയുന്നവര്‍ സദുപദേശം നല്‍‌കുന്നതെന്നു പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. ഇക്കൂട്ടരോട്‌ പ്രപിതാവായ ഇബ്രാഹീം നബിയുടെ ആഹ്വാനത്തിനു ഹാജിമാര്‍ നല്‍‌കുന്ന പ്രത്യുത്തരവും, നമസ്‌കാരത്തിലെ ആമുഖ പ്രതിജ്ഞയും, ലുഖ്‌മാന്‍ തന്റെ മകനോട്‌ ചെയ്യുന്ന സദുപദേശവും ഹൃദയം തുറന്നു പഠിക്കൂ എന്നല്ലാതെ എന്തു പറയാന്‍ ?

എല്ലാം ദൈവത്തില്‍ അര്‍‌പ്പിച്ച്‌ സകലവിധ അടിമത്തങ്ങളില്‍ നിന്നും മോചനം സിദ്ധിക്കുന്നതിലാണ്‌ വിശ്വാസത്തിന്റെ പരിശുദ്ധി പൂര്‍‌ണ്ണാര്‍‌ഥത്തില്‍ സാധ്യമാകുന്നത്‌.സകല അനുഷ്‌ഠാനങ്ങളും സാമൂഹ്യ ബോധത്തെ കാര്യക്ഷമമാക്കുമ്പോഴാണ്‌ കര്‍‌മ്മങ്ങളുടെ പ്രതിഫലനം പ്രകടമാകുന്നത്‌.വിശ്വാസപരമായ പ്രഖ്യാപനങ്ങളിലൂടെ വിമോചനവും ഹൃദയവിശാലതയും കൈവരിക്കാനാകണം . അനുഷ്‌ഠാന കര്‍‌മ്മങ്ങളിലൂടെ നിഷ്‌കളങ്കമായ ഭക്തിയും പരക്ഷേമ തല്‍‌പരതയും ജനിപ്പിക്കാനും കഴിയണം.

വിശ്വാസത്തിന്റെ ആകാശത്തിലെ താരകങ്ങളെ പ്രോജ്ജ്വലമാക്കാനും കര്‍‌മ്മങ്ങളുടെ ഭൂമികയിലെ ഓരോ മണ്ഡലത്തേയും യഥാവിധി പാകപ്പെടുത്താനും ഉപകരിക്കുന്ന അനുഷ്‌ഠാനമുറകളാണ്‌ ഹജ്ജ്.പവിത്രമായ ഈ കര്‍‌മ്മത്തിന്റെ തയാറെടുപ്പുകള്‍ പോലും ഈ കര്‍‌മ്മത്തിന്റെ വിഭാവനക്ക്‌ കടകവിരുദ്ധമാകുന്ന വിരോധാവഭാസം അത്യന്തം വേദനാജനകമാണ്‌.പ്രവാചകന്റെ കാലത്ത്‌ ആ മഹനീയ നേതൃത്വത്തില്‍ പ്രാര്‍‌ഥിച്ചിരുന്നവര്‍ പ്രവാചക പ്രഭുവിന്റെ കാലശേഷം തിരുമേനിയുടെ പിതൃവ്യന്റെ നേതൃത്വത്തില്‍ പ്രാര്‍‌ഥന നടത്തിയ ചരിത്ര പാഠം പോലും പ്രാര്‍‌ഥനക്ക്‌ ഇടനിലക്കാരനാവാമെന്നതിന്റെ സാധുതയാക്കിയവരുടെ പേകൂത്തുകള്‍ എല്ലാ സീമകളും ലംഘിച്ചു മുന്നേറുകയാണ്‌.തക്‌ബീറും തഹ്‌ലീലും അര്‍‌ഥശങ്കക്കിടമില്ലാതെ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ പോലും കേവലമായ മന്ത്രോച്ചാരണമാക്കി ഇരുട്ടില്‍ തപ്പുന്ന സാധുക്കള്‍‌ക്ക്‌ ഒരിക്കലും വെളിച്ചവും തെളിച്ചവും ലഭിക്കരുതെന്ന ശാഠ്യത്തോടെ ഹജ്ജുപദേശങ്ങള്‍  പൊടിപൊടിക്കുന്ന കാഴ്‌ചയും ഹൃദയഭേദകമാണ്‌.

കാതങ്ങള്‍‌താണ്ടി ഹജ്ജുകര്‍‌മ്മത്തിനെത്തുന്ന വിശ്വാസികള്‍ മദീനയില്‍ പോകുകയും റസൂലിന്റെ പള്ളിയും റൗദാഷരീഫും സന്ദര്‍‌ശിക്കുകയും പതിവാണ്‌.അതേ സമയം മദീനാ സന്ദര്‍‌ശനവും ഹജ്ജുകര്‍‌മ്മവും തമ്മില്‍ എന്തെങ്കിലും ബന്ധങ്ങളുള്ളതായി വിശ്വാസികള്‍ അനുശാസിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പ്രവാചകന്റെ റൗദ സന്ദര്‍‌ശിക്കാന്‍ മദീനയിലേക്ക്‌ പോകുമ്പോള്‍ ഹജ്ജും നിര്‍‌വഹിച്ചുകളയാമെന്ന ശീലിലും ശൈലിയിലുമാണ്‌ ഉപദേശക കച്ചവടക്കാരുടെ വിശദീകരണങ്ങള്‍ കാടുകയറുന്നത്.

ഹജ്ജ്‌ സ്വീകാര്യമാകാന്‍ സജ്ജനങ്ങളുടെ ഖബറിടം സന്ദര്‍‌ശിക്കുന്നതിന്റെ അനിവാര്യത അടിവരയിടുന്ന സദസ്സുകളും,അല്ലാഹുവിന്റെ ഇഷ്‌ട ദാസന്മാരുടെ കീര്‍‌ത്തന സദസ്സുകളും അവരുടെ ശുപാര്‍‌ശയും നിര്‍‌ബന്ധമാണെന്നു ശഠിക്കുന്ന പൗരോഹിത്യ പാഠങ്ങളും,അടിസ്ഥാന രഹിതമായ നിര്‍‌മ്മിത ഹദീഥുകളുടെ ആഖ്യാനവും കൊണ്ട്‌ പാമരന്മാരായ വിശ്വാസികളുടെ മനസ്സ്‌ മലീമസമായിരിക്കുന്നു.

പ്രവാചകനോട്‌ പ്രാര്‍‌ഥിച്ചുകൊണ്ടല്ല പ്രവാചകനുവേണ്ടി പ്രാര്‍‌ഥിച്ചുകൊണ്ടാണ്‌ പ്രവാചകാനുരാഗം പ്രകാശിപ്പിക്കേണ്ടത്‌.സജ്ജനങ്ങളോട്‌ പ്രാര്‍‌ഥിച്ചു കൊണ്ടല്ല സജ്ജനങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിച്ചുകൊണ്ടാണ്‌ അവരോടുള്ള ആദരം പ്രകടമാക്കേണ്ടത്.ഇബ്രാഹീം നബിയുടെ വിളിക്കുത്തരമായി പ്രവാചകന്‍ പഠിപ്പിച്ച പ്രത്യത്തരം ഒരിക്കല്‍ കൂടെ ഓര്‍‌മ്മിപ്പിക്കട്ടെ.

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍മുല്‍ക്, ലാ ശരീക ലക ലബ്ബൈക്.

ഞാനിതാ ഇവിടെ, നിന്റെ കല്‍പ്പന കേള്‍ക്കാന്‍ ! നിനക്കു പങ്കാളികളില്ല. സ്തുതിയും അനുഗ്രഹവും അധികാരവും നിന്റെ വരുതിയില്‍. ഇതാ ഞാനിവിടെ...
18.08.2015
ഇസ്‌ലാം ഓണ്‍‌ലൈവിനുവേണ്ടി
=========

ഹജ്ജ് ഒറ്റനോട്ടത്തില്‍
------------------
ദുല്‍ ഹിജ്ജ 8ന് ഹജ്ജിന്റെ ആദ്യ ദിവസം തീർത്ഥാടകർ (തവാഫ്) അഥവാ ക‌അബയെ  7 പ്രാവശ്യം  പ്രദക്ഷിണം ചെയ്യണം.

തവാഫിനു ശേഷം സഫാ മർവക്കിടയിൽ 7 പ്രാവശ്യം (സ‌അ്‌യ്). സഫ മുതൽ മർവ വരെയാണ് ഒരു സ‌അ്‌‌യ്  കണക്കാക്കുന്നത്.

ദുല്‍ ഹിജ്ജ ഒൻപതിന് മിനായിലെ അറഫാ മൈതാനിയിലേക്ക് പുറപ്പെടും. അറഫാ സംഗമം ആണ്‌ ഹജ്ജിന്റെ മുഖ്യ അനുഷ്‌ഠാനം. ഇവിടെ വെച്ചാണ് പ്രവാചകന്‍ ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തിയത് . സൂര്യാസ്‌തമയം വരെ പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ അറഫയിൽ തങ്ങും.

സൂര്യാസ്‌തമയത്തിനു ശേഷം വിശ്വാസികൾ അറഫയുടെയും മിനായുടെയും ഇടയിലുള്ള മുസ്‌ദലിഫയിലേക്ക് നീങ്ങും. ജം‌റകളില്‍  എറിയാനായി  കല്ലുകളും ഇതിനിടയിൽ ശേഖരിക്കും. കൂടുതൽ തീർത്ഥാടകരും മിനായിലേക്ക് മടങ്ങുന്നതിനു മുമ്പ് മുസ്‌ദലിഫയിൽ രാപ്പാർക്കും. 

ജം‌റകളില്‍ ഏഴു പ്രാവശ്യം കല്ലേറ് നിർവ്വഹിക്കും.

1. പ്രഭാതത്തോടെ മിനായിലെ ജംറതുല്‍ അഖബയെ എറിയുക.
2. മുടി നീക്കുക.
3. ബലി നിര്‍‌വഹിക്കുക

അന്നേദിവസം തന്നെയോ അതിനടുത്ത ദിവസമോ തവാഫ് അൽ ഇഫാദ നിര്‍‌വഹിക്കാനായി മക്കയിലെ മസ്‌ജിദുൽ ഹറം വീണ്ടും സന്ദർശിക്കുന്നു. 

പത്താം ദിവസം (ഈദുല്‍ അദ്‌ഹ)  രാത്രി, തീർത്ഥാടകർ മിനായിൽ തന്നെ കഴിയുന്നു.

പതിനൊന്നാം ദിവസം (രണ്ടാം പെരുന്നാള്‍) ഉച്ചയ്ക്കു ശേഷവും, അതിനടുത്ത ദിവസവും മിനായിലെ മൂന്നു ജംറകളിലും ഏഴു കല്ലുകൾ വീതം എറിയേണ്ടതുണ്ട്. 12-ആം ദിവസം സൂര്യാസ്‌തമയത്തിനു മുമ്പ്‌ തന്നെ തീർത്ഥാടകർ മിനായിൽ നിന്നും മക്കയിലേയ്ക്ക് യാത്ര തുടങ്ങിയിരിക്കണം. അതിനു സാധിക്കാത്തവർ കല്ലെറിയൽ കർമ്മം 13-ആം ദിവസവും നിർവ്വഹിച്ച ശേഷം മാത്രമേ മിനാ വിടാൻ പാടുള്ളൂ.

മക്ക വിടുന്നതിനു മുമ്പ്‌ തീർത്ഥാടകർ വിടവാങ്ങൽ  തവാഫ് (തവാഫുൽ വിദാ) നിർവ്വഹിക്കും.
-----------
അനുബന്ധം
ജംറത്തുൽ അഖബയിലെ കല്ലേറു കഴിഞ്ഞാൻ ബലിയറുക്കുന്നവർ അത് ചെയ്യണം.ദുൽഹിജ്ജ10, 11,12,13 ദിവസങ്ങളിൽ ബലി നിര്‍‌വഹിക്കാവുന്നതാണ്‌. പത്തിന് തന്നെ ബലി നിര്‍‌വഹിക്കലാണ്‌ ഉത്തമം.സ്വയം ബലിയറുക്കുകയോ അതിന് മറ്റൊരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്. ജിദ്ദ കേന്ദ്രമായുള്ള ഇസ്ലാമിക് ഡവലപ്മെൻറ് ബാങ്ക് (ഐ.ഡി.ബി)യുടെ നിയന്ത്രണത്തിലാണ് ഹജ്ജിലെ ബലി കർമം വിശ്വസ്‌തമായും വ്യവസ്ഥാപിതമായും നിർവഹിക്കുന്നത്. ബലി നിർവഹണത്തിൻെറ വകാലത്തിന് സൗദി സർക്കാറിന്റെ അംഗീകാരമുള്ള ഏക ഏജൻസിയാണ് ഐ.ഡി.ബി. 

ത്വവാഫ്
-------------
മക്കയില്‍വെച്ച് നിര്‍വഹിക്കപ്പെടുന്ന കര്‍‌മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ത്വവാഫ്. കഅ്ബയെ ഇടതുവശമാക്കി മസ്‌ജിദുല്‍ ഹറാമില്‍കൂടി കഅ്ബ വലയം ചെയ്യുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്. ഏഴുതവണ കഅ്ബ പ്രദക്ഷിണം വെക്കുമ്പോഴാണ് ഒരു ത്വവാഫ് പൂര്‍ത്തിയാകുന്നത്. ഏഴില്‍കുറഞ്ഞ പ്രദക്ഷിണം ത്വവാഫായി പരിഗണിക്ക പ്പെടുകയില്ല. ഇഹ്റാം ചെയ്‌തവരും അല്ലാത്തവരും മസ്‌ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാലുടന്‍ ചെയ്യേണ്ടത് ത്വവാഫാണ്.ഇതര മസ്‌ജിദുകളില്‍ പ്രവേശിക്കുമ്പോള്‍ തഹിയ്യത്ത് രണ്ട് റക‌അത്ത് സുന്നത്താണ്‌ നമസ്‌കരിക്കുന്നത്. എന്നാല്‍ മസ്‌ജിദുല്‍ ഹറാമില്‍ പ്രവേശിക്കുമ്പോള്‍ നിര്‍‌വഹിക്കുന്ന ത്വഹിയ്യത്താണ്‌ ത്വവാഫ്. ഏതു സന്ദര്‍ഭവും ത്വവാഫ് ചെയ്യാം. വളരെ പ്രബലമായ സുന്നത്താണ് ത്വവാഫ്. ഹജ്ജിനും ഉംറക്കും അതിന്റെ ഭാഗമായ ത്വവാഫ് നിര്‍‌വഹിക്കണം. 

ഉം‌റ ഹ്രസ്വരൂപം
-----------
മക്കയിലെ ഉംറക്ക് നിശ്ചയിച്ചിരിക്കുന്ന അതിർത്തിക്കപ്പുറത്തു നിന്നും ഉംറ നിയ്യത്തോട് കൂടി ഇഹ്‌റാമില്‍ പ്രവേശിച്ച്  മക്കയിലെ കഅ്‌‌ബയുടെ ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുകയും തുടർന്ന് സഫാ - മർവാ കുന്നുകൾക്കിടയിലൂടെ ഏഴു പ്രാവശ്യത്തെ നടത്തത്തിനു ശേഷം പിന്നെ മുടി കളയുകയോ വെട്ടുകയോ ചെയ്‌ത് ഇഹ്റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. 

മദീന സന്ദർശനം
ഹജ്ജ്‌ കര്‍‌മത്തിന്‌ എത്തുന്നവര്‍ ഹജ്ജിന്‌ മുമ്പൊ ശേഷമൊ മദീനയിലെ റൗദ ശരീഫും മസ്‌ജിദുന്നബവിയും സന്ദർശിക്കും. തീർത്ഥാടനം സുന്നത്തുള്ള മൂന്നു പള്ളികളിലൊന്നാണ്‌ മസ്‌ജിദുന്നബവി. പ്രവാചകന്റെ വീടിന്റെയും മിമ്പറിന്റെയും (പ്രസംഗപീഠം) ഇടയിലുള്ള സ്ഥലത്തെയാണ്‌ റൗദ എന്ന് പറയുന്നത്. ഈ സ്ഥലം സ്വർഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.ഇവിടെ വെച്ചുള്ള ആരാധനകള്‍ കൂടുതൽ പുണ്യകരമാണ്‌. 
--------------
സമാഹരണം
മഞ്ഞിയില്‍
===========
ശവ്വാല്‍ ഒന്ന് മുതല്‍ തന്നെ മീഖാത്തുകളില്‍ നിന്ന് ഹജ്ജിനു ഇഹ്റാം ചെയ്യാനുള്ള സമയമാണ്‌.ഹജ്ജിനു ഇഹ്‌റാം ചെയ്‌താല്‍ ദുല്‍ഹിജ്ജ  പത്ത് വരെ ഇഹ്റാമില്‍ തുടരണം. ഇത് പ്രയാസമായിരിക്കും. അതിനാല്‍ മീഖാത്തില്‍ നിന്ന് ഉംറക്ക് ഇഹ്റാം ചെയ്‌ത് മക്കയിലെത്തി ഉംറയുടെ ത്വവാഫും സഅ്‌‌യും ചെയ്‌ത് മുടിനീക്കി  സ്വതന്ത്രമാവുന്നതാണ് നല്ലത്.(അഥവാ ഉം‌റ കര്‍‌മം പൂര്‍‌ത്തിയാക്കുക) 

സുഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നും ദുല്‍ ഹിജ്ജ മാസം പിറന്ന ശേഷമെത്തുന്നവര്‍ അനുവദിക്കപ്പെട്ട മീഖാതുകളില്‍ നിന്ന് ഹജ്ജിന് മാത്രം ഇഹ്റാം ചെയ്‌ത് (ഇഫ്റാദ്) മക്കയിലെത്തി ഖുദൂമിന്റെ ത്വവാഫും ഹജ്ജിന്റെ നിര്‍‌ബന്ധമായ സഅ്‌‌യും നിര്‍വ്വഹിച്ച് ദുൽഹിജ്ജ് എട്ടിന് രാവിലെ മിനയിലെ/മുസ്‌ദലിഫയിലെ ഖൈമകളിലേക്ക് പുറപ്പെടാം. അല്ലെങ്കില്‍ നേരിട്ട് അവിടെയെത്തി വിശ്രമം, കുളി, ഭക്ഷണം എന്നിവക്ക് ശേഷം ഖുദൂമന്റെ ത്വവാഫും സഅ്‌‌യും നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെടാം.

മീഖാത്തുകളില്‍ നിന്ന് ഹജ്ജിന് ഇഹ്റാം ചെയ്‌തിട്ടില്ലാത്തവര്‍ കുളിച്ച് ഇഹ്റാമിന്റെ വസ്ത്രം മാറ്റി ഹറമില്‍ ചെന്ന് സുന്നത്ത് നിസ്‌കരിച്ച് വീട്ടുപടിക്കല്‍ വെച്ച് ഹജ്ജിന് ഇഹ്റാം ചെയ്യുക. (ഇഹ്റാമിലുള്ളവര്‍ പുതുതായി ഒന്നും ചെയ്യേണ്ടതില്ല.) രാത്രി മുത്വവ്വിഫ് നിര്‍ദ്ദേശിക്കുന്നിടത്ത് നിന്ന് വാഹനത്തില്‍ മിനയിലേക്ക് പുറപ്പെടുക. ആവശ്യ വസ്‌തുക്കള്‍ എടുക്കുക. തല്‍ബിയത് വര്‍ധിപ്പിക്കുക. (മിനയിലേക്ക് പുറപ്പെടേണ്ടത് ദുൽഹിജ്ജ് എട്ടിന് രാവിലെയാണ്. ഇപ്പോള്‍ തലേന്നുരാത്രി പുറപ്പെടലാണ് പതിവ്).

ദുല്‍ ഹിജ്ജ എട്ട് പ്രഭാതത്തോടെ മിനയില്‍ ഖൈമകളുടെ നഗരത്തില്‍ എത്തുന്നു. ആരാധനകളിലും ദിക്റിലും ദുആയിലും കഴിഞ്ഞു കൂടുക. സാധ്യമെങ്കില്‍ മസ്‌ജിദുല്‍ ഖൈഫില്‍ ചെന്ന് നിസ്‌കരിക്കുക. രാത്രി പ്രാര്‍‌ഥനകള്‍ വര്‍ധിപ്പിക്കുക.

ദുല്‍ ഹിജ്ജ ഒമ്പത്
രാവിലെ അറഫയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അറഫയിലെത്തുന്നു. ഇബാദത്തില്‍ മുഴുകുക. ഒരു നിമിഷം പോലും പാഴാക്കാതെ സൂര്യാസ്‌തമയം കഴിയും വരെ അറഫയില്‍ ഭക്തിനിര്‍ഭരമായി താമസിക്കുക. രാത്രിയാകുന്നതോടെ അറഫ വിട്ടു മുസ്‌ദലിഫയിലേക്ക് നീങ്ങുക.

ദുല്‍ ഹിജ്ജ ഒമ്പത് രാത്രി
അര്‍ധരാത്രി കഴിയും വരെ മുസ്‌ദലിഫയില്‍ രാപ്പാര്‍ക്കുക. ജംഅ് അനുവദനീയമായുള്ളവര്‍ മഗ്‌രിബും ഇശാഉം ഇവിടെവെച്ച് നിര്‍വ്വഹിക്കുക. എറിയാനുള്ള കല്ല് ശേഖരിക്കുക. പ്രാര്‍ഥിക്കുക.

ദുല്‍ ഹിജ്ജ പത്ത്
1. പ്രഭാതത്തോടെ മിനയിലെ ജംറതുല്‍ അഖബയെ എറിയുക.
2. മുടി നീക്കുക.
3. ബലി നിര്‍‌വഹിക്കുക.
4. മക്കയിലേക്ക് പോയി ഹജ്ജിന്റെ ത്വവാഫും ഹജ്ജിന്റെ സഅ്‌‌യും മുമ്പ് ചെയ്യാത്തവര്‍ അതും ചെയ്യുക. മിനയില്‍ തന്നെ തിരിച്ചെത്തി രാത്രി മിനായില്‍ പാര്‍ക്കുക.

ദുല്‍ ഹിജ്ജ പതിനൊന്ന്
ഉച്ചക്കു ശേഷം മൂന്നു ജംറകളിലും ഏഴുവീതം എറിയുക. മിനായില്‍ രാത്രി പാര്‍ക്കുക.

ദുല്‍ ഹിജ്ജ പന്ത്രണ്ട്
ഉച്ചക്കു ശേഷം മൂന്നു ജംറകളെയും എറിയുക. (ധൃതിയില്‍ പോകാനുദ്ദേശിക്കുന്നവര്‍ സൂര്യാസ്‌തമയത്തിന് മുമ്പ് എറിഞ്ഞു മിനവിടുക) അല്ലാത്തവര്‍ മിനയില്‍ രാത്രി പാര്‍ക്കുക.

ദുല്‍ ഹിജ്ജ പതിമൂന്ന്
ഉച്ചക്കു ശേഷം മൂന്നു ജംറകളെയും എറിയുക. മിന വിടുക. മക്ക വിടുമ്പോള്‍ വിദാഇന്റെ ത്വവാഫ് ചെയ്യുക.
============

0 comments:

Post a Comment

Note: Only a member of this blog may post a comment.