Thursday, June 5, 2014

നമുക്കും വേണം വിഗ്രഹം

വിഗ്രഹവല്‍‌കരണ കലയില്‍ കുപ്രസിദ്ധിയാര്‍ജിച്ച നാടാണ് ഭാരതം. ചരിത്രാതീതകാലം മുതലുള്ള ഭാരതീയ പാരമ്പര്യം കൊത്തിയെടുത്ത ശില്‍പ ചാതുരിയിലൂടെ ചില്ലറ ദൈവ സങ്കല്‍പങ്ങളൊന്നുമല്ല ഭാരതത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടത്. പ്രതിഷ്ഠകള്‍ ജനപ്രിയങ്ങളാകുകയും പ്രിയങ്ങള്‍ വിശ്വാസ ധാരയാകുകയും കാലാന്തരത്തില്‍ മതങ്ങളാകുകയും ചെയ്‌‌തു.

ബിംബങ്ങളില്‍ ദൈവത്തെ കണ്ടെത്തുന്ന സമാന സ്വഭാവമുള്ളവര്‍ എന്ന പൊതു സിദ്ധാന്തത്തില്‍ 'ഒരു നാമം' വിവക്ഷിക്കപ്പെട്ടുവെന്നല്ലാതെ ഒരു ആദര്‍ശത്തെ മനസാ-വാചാ-കര്‍മ്മണാ അംഗീകരിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ ഒരു സംഘടിത സ്വഭാവം ആദര്‍ശത്തിലൊ സംസ്‌കാരത്തിലൊ തിരിയിട്ടു തിരഞ്ഞാല്‍ കാണാന്‍ സാധ്യമല്ല. ഈ സംഘത്തെ ഒരു ജന സംഘമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള തീവ്ര യത്‌ന പരിപാടികളുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് വര്‍ത്തമാന ഭാരതം എത്തപ്പെട്ടിരിക്കുന്നത്. വിഗ്രഹ പൂജകരും വിയോജിക്കുന്നവരും എന്ന രണ്ട് തട്ട്. എന്തിനേറെ ചില സെമിറ്റിക് മത വിഭാഗങ്ങള്‍ വിഗ്രഹ പൂജകരല്ലങ്കിലും വിഗ്രഹ വത്കരണത്തോട് പൊരുത്തപ്പെടുന്നവര്‍ എന്ന നിലയില്‍ അവരോടുള്ള സമീപനത്തിലും വേറിട്ട കാഴ്ച ദൃശ്യമാകുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യയും ഭൗതിക പ്രമത്തരായ വമ്പന്‍ സ്രാവുകളും ഇവരോടൊപ്പം കൈകോര്‍ത്തപ്പോള്‍ വിജയം നിഷ്പ്രയാസം സാധിച്ചിരിക്കുന്നു.

സനാദന ധാര്‍മ്മിക മൂല്യങ്ങള്‍ സമൂഹത്തിന്റെ സംസ്‌കാരമാകണമെന്നത് നന്മകാംക്ഷിക്കുന്ന എല്ലാ സമൂഹത്തിന്റെയും പ്രതീക്ഷയും പ്രാര്‍ഥനയുമാണ് എന്നിട്ടും ദര്‍ശനങ്ങളുടെ അനുധാവകര്‍ പരസ്പരം കലഹിച്ചു. കൊണ്ടേയിരിക്കുന്നതിന്റെ കാരണമെന്താണ്? പ്രകാശനത്തിനും പ്രസാരണത്തിനും പകരം ശാഠ്യങ്ങളും പ്രലോഭനങ്ങളുമാണത്രെ ഈ ദുരന്തത്തിനു ഹേതു.

സംസ്‌കൃതമായ സമൂഹത്തിന്റെ പുനര്‍ നിര്‍മ്മാണം ആഹ്വാനം ചെയ്‌‌തു കൊണ്ട് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജീവിത വീക്ഷണങ്ങളെയും ദര്‍ശനങ്ങളെയും ഇടപെടലുകളിലൂടെ പ്രസരിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ സ്വാഭാവികമായ പ്രതിഫലനം സമൂഹത്തില്‍ ദൃശ്യമാകും. മറിച്ച് വഴിവാണിഭരീതിയില്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നിരീക്ഷണങ്ങളെയും പ്രത്യയശാസ്‌‌ത്രങ്ങളെയും വിറ്റഴിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് അനഭിലഷണീയ പ്രവണതകള്‍ക്ക് കളമൊരുങ്ങുന്നത്. 

അസഹിഷ്‌‌ണുതയുടെ വിളയാട്ടങ്ങളും വിദ്വേഷ പ്രചാരണങ്ങളും അനസ്യൂതം ഇനിയും അരങ്ങേറും. കാട്ടുതീ പടരുന്നതിനേക്കാള്‍ വേഗത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ നേരും നെറിയുമില്ലാതെ എന്തുവേണമെങ്കിലും പ്രസ്‌‌താവിക്കാനും പ്രസരിപ്പിക്കാനും എളുപ്പമായ കാലത്ത് നമുക്കും വേണം ഒരു വിഗ്രഹം. മനുഷ്യന്‍ എന്ന വിഗ്രഹം. മണ്ണിലെ മനുഷ്യന്‍! വിചാരങ്ങളും വികാരങ്ങളും ഉള്ള പച്ച മനുഷ്യന്‍! കാടും മേടും പക്ഷികളും മൃഗങ്ങളും ജലാശയങ്ങളും ഉള്ള മനോഹരമായ ആവാസ വ്യവസ്ഥയിലെ അതി വിശിഷ്‌‌ടനായ മനുഷ്യന്‍.

മണ്ണിനെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ആലോചനകളും അന്വേഷണങ്ങളും പുരോഗമിക്കട്ടെ. അവന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും അവകാശങ്ങളും ചര്‍ച്ചയാകട്ടെ. പരിസ്ഥിതി പരിപാലന ചര്‍ച്ചകളില്‍ സകല ജന്തുജാലങ്ങള്‍ക്കൊപ്പമെങ്കിലും മനുഷ്യന്‍ പരിഗണിക്കപ്പെടട്ടെ.

05.06.2014 ഇസ്‌ലാം ഓണ്‍ലൈവിനുവേണ്ടി ...

0 comments:

Post a Comment

Note: Only a member of this blog may post a comment.