Thursday, March 27, 2014

ദൈവാനുഗ്രഹത്തിന്റെ തേന്‍ വര്‍ഷം

ദൈവാനുഗ്രഹത്തിന്റെ തേന്‍ വര്‍ഷം
പ്രവാചകന്‍ വായിക്കുകയും വായിക്കപ്പെടുകയും ചെയ്തപ്പോള്‍ ഒരു സമൂഹത്തിലുണ്ടായ പ്രതിഫലനങ്ങളും പ്രതികരണങ്ങളും ക്രമാനുഗമമായ സംഭവ വികാസങ്ങളും അടയാളപ്പെടുത്തുകയും അറിയിച്ച് തരികയും ചെയ്യും വിധമത്രെ ഖുര്‍ആനിന്റെ അവതരണം. വായിച്ച് വളരുന്ന ഒരു സമൂഹത്തെ തൊട്ടുണര്‍ത്തും വിധം ഭാവാത്മകമാണ് വിശുദ്ധ വചനങ്ങളുടെ ക്രോഡീകരണം. പാരായണം എന്ന ആഹ്വാനം മുതല്‍ പൂര്‍ത്തിയാക്കി എന്ന സന്ദേശ പ്രഖ്യാപനം വരെയായിരുന്നു പ്രവാചക പ്രഭുവിന്റെ നിയോഗം.

ദൈവത്തെ കീര്‍ത്തിച്ച് അവനില്‍ ഭരമേല്‍പിച്ച് അവസാനത്തെ അസംസ്‌കൃതന്‍ വരെ പ്രവര്‍ത്തന നിരതരായിരിക്കുക എന്നതത്രെ ഒരു ആദര്‍ശ സമൂഹത്തിന്റെ നിയോഗം. ധര്‍മ്മ സംസ്ഥാപനാര്‍ഥം നിയോഗിക്കപ്പെട്ട സകല പ്രവചകന്മാരും പ്രവാചകത്വം തെളിയിക്കാനുതകുന്ന അമാനുഷിക സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കപ്പെട്ടിരുന്നു. അവരോരുത്തരുടേയും കാലഘട്ടം കഴിയുന്നതോടെ നല്‍കപ്പെട്ട 'മുഅജിസത്തുകള്‍' കാലഹരണപ്പെടുകയായിരുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിക്ക് ദൈവം അനുഗ്രഹിച്ചരുളിയ 'അത്യത്ഭുതം' വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു. പ്രവാചകന്റെ കാലശേഷവും പ്രസ്തുത ദൃഷ്ടാന്തം നമ്മുടെ കൈകളില്‍ ഭദ്രമാണ്. ഈ അമാനുഷികതയുടെ മാസ്മരികതയെ തൊട്ടറിയാന്‍ വേദമവതരിച്ച ഭാഷയില്‍ പ്രാവീണ്യം നേടുക തന്നെവേണം. 

മാനവരാശിയ്ക്ക് അനുഗ്രഹമായി അവതീര്‍ണമായ വേദം മനസ്സിനു സാന്ത്വനവും ആത്മാവിനു അനുഭൂതിയും പകര്‍ന്നു മസ്തിഷ്‌കത്തോട് സംവദിക്കുന്ന ഗ്രന്ഥം. വിണ്ണിന്റെ വെണ്മയും മണ്ണിന്റെ മണവും ചാലിച്ചെടുത്ത ശൈലിയില്‍ മനുഷ്യ മനസ്സുകളിലേയ്ക്ക് പെയ്തിറങ്ങുന്ന അനുഗ്രഹത്തിന്റെ വര്‍ഷം. താരാഗണങ്ങളെ നാണിപ്പിക്കുന്ന പ്രകാശം ചൊരിയുന്ന വഴിവിളക്കിന്റെ പ്രഭാപൂരം. വിശ്വാസിയുടെ മനസ്സ് ദൈവാനുഗ്രഹത്തിന്റെ തേന്‍ വര്‍ഷം ഏറ്റുവാങ്ങുന്ന ഭൂമികയാകണം, കാരുണ്യത്തിന്റെ പ്രഭാകിരണങ്ങളാവാഹിച്ചെടുക്കുന്ന സ്പടികക്കൂടാകണം. എങ്കിലേ ഗ്രന്ഥം ചുമക്കുന്ന കഴുതകളെന്ന് പരിശുദ്ധ വചനങ്ങളാല്‍ പരിഹസിക്കപ്പെട്ടവരില്‍ നിന്ന് രക്ഷനേടാനാകൂ. വിശുദ്ധ ഗ്രന്ഥത്തിന്റെ അനുയായികളെന്ന അവകാശവാദത്തിനപ്പുറം അതിന്റെ ആയിരം കാതം അയലത്ത് പോലുമെത്താത്ത 'വിശ്വാസി' ചുരുങ്ങിയത് ആ സമുദ്ര തീരത്തെ മണല്‍ തരികളെ കുറിച്ചെങ്കിലും അറിഞ്ഞിരിക്കണം. ഖുര്‍ആനെന്ന മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ പോയി മുത്ത് വാരാന്‍ കഴിഞ്ഞില്ലെങ്കിലും കരക്കിരുന്ന് ചൂണ്ടയിടാനെങ്കിലും ശ്രമിക്കണം.
27.03.2014
ഇസ്‌ലാം ഓണ്‍ലൈവിന്‌വേണ്ടി എഴുതിയത്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.