Saturday, June 29, 2019

ഊതിക്കെടുത്താനാകാത്ത വെളിച്ചം

2019 ന്റെ തുടക്കം മുതല്‍ വര്‍‌ത്തമാന നാള്‍ വരെയും ഒപ്പം കഴിഞ്ഞ നാല്‌ ദശകങ്ങളിലായി സാക്ഷിയാകേണ്ടി വന്ന സം‌ഭവ വികാസങ്ങളും ഒറ്റനോട്ടത്തിലെന്ന പോലെ ഓര്‍‌ത്തെടുക്കാനും വിലയിരുത്താനും എളിയ ശ്രമം.  

2019 ലെ പുതുവര്‍‌ഷത്തിന്റെ പ്രാരം‌ഭത്തില്‍ ഇസ്‌ലാമിന്റെ ബദ്ധവൈരികളായി അറിയപ്പെട്ടിരുന്ന പ്രമുഖരും അല്ലാത്തവരും ഇസ്‌മാലേയ്‌ക്ക്‌ പ്രവേശിക്കുന്ന സന്തോഷ വര്‍‌ത്തമാനങ്ങള്‍ ലോകം കേട്ടു.ഡച്ച്‌ എം.പിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവുമായ ജെറോം വാന്‍ ക്ലാവറിന്റെ ഇസ്‌ലാം ആശ്ലേഷണം ഇസ്‌ലമൊഫോബിയയുടെ വക്താക്കളെ അമ്പരിപ്പിച്ച വൃത്താന്തമായിരുന്നു.

നെതര്‍ലാന്‍ഡ്‌സ് പാര്‍ലമെന്റില്‍ ഇസ്‌ലാം വിരുദ്ധ കാമ്പയിനിനു നേതൃത്വം നല്‍കിയ ഇയാള്‍ തീവ്ര വലതു പക്ഷ രാഷ്ട്രീയ നേതാവായിരുന്ന ഗിറ്റ് വൈല്‍ഡേസ് രൂപം നല്‍കിയ ഫ്രീഡം പാര്‍ട്ടിയുടെ എം.പി കൂടിയായിരുന്നു. വര്‍ഷങ്ങളായി ഇസ്‌ലാമിനെതിരായ വിദ്വേഷ പ്രചാരണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ക്ലാവറിന്‍ ഇസ്‌ലാമിനെതിരെയുള്ള പുസ്തകമെഴുത്ത് പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ഇസ്‌ലാം സ്വീകരിച്ചത്.  ഇസ്‌ലാമിനോടുള്ള എതിര്‍പ്പുകള്‍ വിശദീകരിക്കുന്ന ഗ്രന്ഥ രചനയുടെ വിവര ശേഖരണാര്‍ഥമാണ് ഇസ്‌ലാമിനെ കുറിച്ച്‌ കൂടുതല്‍ വായനയും പഠനവും നടത്താന്‍ ക്ലാവറിന്‍ തീരുമാനി​ച്ചത്‌.ഈ തീരുമാനം സന്മാര്‍‌ഗ്ഗം പുല്‍‌കാനുള്ള അവസരമാകുകയായിരുന്നു.

പ്രയാസങ്ങളും പ്രതിസന്ധികളും ആരോപണ പ്രത്യാരോപണങ്ങളും പെയ്‌തിറങ്ങുമ്പോഴും ഇതര ദര്‍‌ശനങ്ങളുടെ വക്താക്കളുടെ ഇസ്‌ലാമിലേയ്‌ക്കുള്ള കടന്നു വരവ്‌ നിര്‍‌ബാധം തുടര്‍‌ന്നു കൊണ്ടേയിരിക്കുന്നു. ബുദ്ധിപരമായി വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കുന്നവര്‍ ഒന്നൊന്നായി ഈ ദര്‍‌ശനത്തെ പുല്‍‌കുന്ന കാഴ്‌ച ഒരു പക്ഷെ​ അധികം​ പ്രാധാന്യമുള്ള വാര്‍‌ത്ത പോലും അല്ലാതായിരിയ്‌ക്കുന്നു.

ജനിച്ചു വീണ മതത്തിന്റെ അവഗണനയും ഇസ്‌ലാമിന്റെ പരിഗണനയും തിരിച്ചറിഞ്ഞ് ഇസ്‌ലാം പുല്‍കിയ കാഷ്യസ് ക്ലെ മുതല്‍ ഇവിടെ കേരളത്തില്‍, പ്രലോഭനങ്ങളുടെയും ഭീഷണികളുടെയും മുന്നില്‍ പതറാതെ നിന്ന ഹാദിയവരെ തീരാത്ത പട്ടിക തന്നെയുണ്ട്‌.

2019 മാര്‍‌ച്ച്‌ 15 വെള്ളിയാഴ്‌ച ലോകം ഞെട്ടിത്തരിച്ചു പോയ കൊടും ക്രൂരത ന്യൂസിലാന്റില്‍ അരങ്ങേറി.വെള്ളിയാഴ്‌ച ജുമുഅ പ്രാര്‍‌ഥനക്കെത്തിയ വിശ്വാസികളുടെ നേര്‍‌ക്ക്‌ നിരന്തരം ​​നിറയൊ​ഴിച്ച്‌ ചോരക്കളം തീര്‍‌ത്ത കാഴ്‌ച അക്ഷരാര്‍‌ഥത്തില്‍ തല്‍‌സമയം ലോകം വീക്ഷിച്ചു.

ഇസ്‌ലാമോഫോബിയയുടെ പ്രതിഫലനമായി നടമാടുന്ന കൊടിയ ക്രൂരതകള്‍‌ക്ക്‌ പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളിലെ വിശ്വാസി സമൂഹം ഇരകളാകുന്ന ദുരന്തങ്ങളുടെ തുടര്‍‌ക്കഥ.വേട്ടക്കാരായ വം‌ശീയ വാദ ഉന്മാദികള്‍‌ക്കുള്ള പ്രചോദനം പടിഞ്ഞാറും കിഴക്കുമുള്ള ശക്തമായ രണ്ട്‌ ജനാധിപത്യ രാജ്യങ്ങളുടെ ഭരണ നേതൃത്വത്തിലുള്ളവരൊ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ വീക്ഷണങ്ങളൊ ആണെന്നതായിരിക്കണം ഇതിലെ ഏറെ ആശങ്ക ജനിപ്പിക്കുന്ന വര്‍‌ത്തമാനം.

എന്നാല്‍ സകല വിധ ഭയ വിഹ്വലതകളേയും ആശങ്കകളേയും നിര്‍‌വിര്യമാക്കും വിധമുള്ള പ്രതികരണങ്ങളായിരുന്നു ന്യൂ സീലാൻഡ് ഭരണ നേതൃത്വത്തില്‍ നിന്നും ഉണ്ടായത്.

"വേട്ടക്കാര്‍ ഒരിക്കരിക്കലും പരാമര്‍‌ശിക്കപ്പെടരുത്‌.​കാപാലികര്‍ കുപ്രസിദ്ധി മോഹിക്കുന്നവരാണ്‌.ഇരകളാണ്‌ ഓര്‍‌മ്മിക്കപ്പെടെണ്ടവര്‍".

ന്യൂ സീലാൻഡ് പ്രധാനമന്ത്രി ജസിന്ത ആൻഡേ​ണിന്റെ ധീരമായ ശബ്‌ദത്തിന്റെ അനുരണനങ്ങള്‍ ലോകത്തെ ഒരു മാപിനിക്കും അളക്കാന്‍ കഴിഞ്ഞില്ല.

സയണിസ്റ്റ് ഭീമന്മാര്‍ പടച്ചു വിട്ട ഇസ്‌ലാമോഫോബിയയുടെ ഇരകളായി വിവിധ പ്രദേശങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍‌ക്കും മണ്‍‌മറഞ്ഞ ആത്മാക്കള്‍ക്ക്‌ പോലും അനുഭവപ്പെട്ട മാനുഷികതയുടെ സഹാനുഭൂതിയുടെ സ്‌നേഹത്തലോടലിന്റെ തൂവല്‍ സ്‌പര്‍‌ശം ന്യൂസിലാന്റിന്റെ ജസീന്ത ആന്‍ഡേണ്‍ എന്ന ധീരയായ ഭരണാധികാരിയുടെ മാത്രം സവിശേഷതയായിരിക്കണം.ഒരു ഭരണ നേതൃത്വത്തിന്റെ യഥാ സമയത്തെ ഇടപെടലുകള്‍ ലോകത്തെ മനുഷ്യ സ്‌നേഹികളില്‍ വിരിയിച്ച വിസ്‌മയകരമായ ആവേശവും അനുഭവവും അനിര്‍‌വചനീയം.

പ്രബോധകന്മാര്‍ ഒരു നൂറ്റാണ്ട്‌ കാലം വിശ്രമമില്ലാതെ സജീവമായാല്‍ പോലും സാധ്യമാകാത്ത അത്യപൂര്‍‌വ ഇസ്‌ലാം വായനയ്‌ക്കായിരിക്കണം പടിഞ്ഞാറിന്റെ ഈ മനോഹര തീരത്തെ മസ്‌ജിദുകളിലെ രക്ത സാക്ഷ്യവും തുടര്‍‌ന്നുണ്ടായ പ്രതികരണങ്ങളുടെ മാധ്യമ ശ്രദ്ധയിലൂടേയും സാധ്യമായത്.

രണ്ടു ശതമാനത്തിനു താഴെ മാത്രമുള്ള ന്യൂസിലാന്റ് മുസ്‌‌ലിംകള്‍‌ക്ക്‌ രാജ്യം മുഴുവൻ ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാൻ നിഷ്‌പ്രയാസം സാധിച്ചു. ഈ സംഭവത്തോടെ ഇസ്‌ലാമിന്റെ സമാധാന സന്ദേശം ന്യൂസിലാൻഡിന്റെ അതിരുകൾക്കപ്പുറത്തേക്ക് കൂടി വ്യാപിച്ചു.ഇസ്‌ലാം ഭീകരതയാ​ണെന്ന്‌ ഫലിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന അതേ തൂലികകൾ ഇസ്‌ലാം സമാധാനമാ​ണെന്ന്‌ എഴുതാൻ നിർബന്ധിതരായി.ദീർഘനാളത്തെ അധ്വാനത്തിലൂടെ ഉയർത്തിവിട്ട ഇസ്‌ലാമോഫോബിയ അതേ കരങ്ങളാൽ തന്നെ പിഴുതെറിയപ്പെടുന്നതു പോലെ.

ജനങ്ങൾ ഉണർന്നു.മുഴുവൻ വീടുകളിലും ഖുര്‍‌ആനും ഇസ്‌ലാമും ചർച്ചയായി.പള്ളികളിലേക്ക് പൊതുജനങ്ങൾ ഒഴുകി. വിശ്വാസികളുടെ നമസ്‌കാര മുസ്വല്ലകള്‍‌ക്ക്‌ ഒരു രാജ്യം മുഴുവന്‍ കാവൽ നിന്നു. ആരാധനകളെ അടുത്തറിഞ്ഞു.ഖുർആൻ പാരായണം ശ്രവിച്ചു.പരിഭാഷകൾ വായിച്ചു. ഭരണകൂടം ഇരകളോടൊപ്പം നിലയുറപ്പിച്ചു.ഏറ്റവും കൂടുതൽ ആരോപണത്തിന് വിധേയമായ ഹിജാബ് ധരിച്ച് പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടു.പാർലിമെന്റിൽ ഇസ്‌ലാമിക പണ്ഡിതരെ ക്ഷണിച്ച് വരുത്തി ഖുർആൻ പാരായണം ചെയ്യിപ്പിച്ചു.  വെള്ളിയാഴ്ചത്തെ അദാന്‍ ലോകം കേൾക്കെ രാജ്യത്തെ എല്ലാ മാധ്യമങ്ങള്‍ വഴിയും പ്രക്ഷേപണം ചെയ്‌തു.ആയിരങ്ങൾ അതിന്‌ സാക്ഷിയായി.

ഒരുതരത്തില്‍  പറഞ്ഞാല്‍ ഇസ്‌ലാമോഫോബിയക്ക്‌ ഒരിടവേള. ന്യൂസിലാന്‍ഡ്‌ സം‌ഭവങ്ങളുടെ വെളിച്ചത്തില്‍  ഈണം കുറഞ്ഞ ഒരു പക്ഷെ നിശ്ചലമായ ഇസ്‌ലാമോഫോബിയയെ സജീവമാക്കാനെന്നവിധം പുതിയ പൊട്ടിത്തെറികളുടെ സാധ്യത മുതിര്‍‌ന്ന ചില നിരീക്ഷകര്‍ പങ്കുവെച്ചിരുന്നു. അതിനെ അക്ഷരാര്‍‌ഥത്തില്‍ ശരിവെക്കും വിധത്തിലായിരുന്നു ഈസ്‌റ്റര്‍ ദിനത്തിലെ ശീലങ്കന്‍ ആക്രമണങ്ങളെന്നു അനുമാനിക്കാനാകും. രണ്ടിനേയും കുട്ടിയിണക്കിയുള്ള അന്തര്‍‌ദേശീയ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്‌ ജസീന്തയുടെ പ്രതികരണങ്ങള്‍ മാധ്യമ പ്രഭുക്കള്‍‌ക്ക്‌ രസിച്ചിട്ടിലെന്നതും വസ്‌തുതയത്രെ.കള്ളനും പൊലീസും ഒക്കെ ഒരു കൂട്ടര്‍ തന്നെയായിരിക്കെ കാര്യങ്ങള്‍ നേരാം വണ്ണം രൂപപ്പെടാന്‍ ഏറെ സാഹസപ്പെടേണ്ടി വരും.

സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച്‌ ഒരു വിശ്വാസിയല്ലാത്ത ഭരണ കര്‍‌ത്താവിന്റെ സാമാന്യബോധത്തിന്റെ ആയിരം കാതം അയലത്ത്‌ പോലും എത്താനുള്ള യോഗ്യത വിശ്വാസി സമൂഹത്തിന്റെ വിലാസത്തില്‍ അറിയപ്പെടുന്ന ഭരണ നേതൃത്വത്തിനൊ നേതാക്കള്‍‌ക്കോ ഇല്ല എന്നതും അടിവരയിടപ്പെടേണ്ടതു തന്നെ.

സോവിയറ്റ് യൂനിയന്റെ പതനവും തുടര്‍ന്നുള്ള സം‌ഭവ പരമ്പരകളും:-

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സോവിയറ്റ് യൂനിയന്റെ തകര്‍‌ച്ചയോടെ മുതലാളി​ത്ത സയണിസ്റ്റ്‌ ഗൂഡാലോചനയുടെ ഫലമായി അറബ്‌ മുസ്‌ലിം പ്രദേശങ്ങളില്‍ നടമാടിയ സം‌ഹാരാത്മകമായ സം‌ഭവ പരമ്പരകള്‍‌ക്ക്‌ കയ്യും കണക്കുമില്ല.പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവും സം‌ഘര്‍‌ഷ ഭരിതവും സങ്കീര്‍‌ണ്ണവുമായ രാഷ്ട്രീയ കരു നീക്കങ്ങള്‍‌ക്കും ലോകം സാക്ഷ്യം വഹിച്ചു.

വളരെ വിദൂരമല്ലാത്ത കാലത്തെ ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം രാജ്യങ്ങളെ യുദ്ധ സാഹചര്യങ്ങളിലേക്കോ യുദ്ധ സമാന സാഹചര്യങ്ങളിലേക്കോ വലിച്ചിഴക്കുകയായിരുന്നു എന്നു ബോധ്യപ്പെടും.പുതിയ ലോക ക്രമ രാജാക്കന്മാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ലാഭക്കൊതിയോടെ യുദ്ധക്കളങ്ങളൊരുക്കുക എന്ന ലളിതമായ കര്‍മ്മം അനുവര്‍ത്തിക്കുകയാണ് പതിവ്.(1980)  ഇറാന്‍-പശ്ചിമേഷ്യാ യുദ്ധം.(1990) പശ്ചിമേഷ്യാ-ഇറാഖ് പോര്.(2004) അമേരിക്കന്‍ ഇറാഖ് നേര്‍ക്കു നേര്‍ പോരാട്ടം .2006 ഡിസം‌ബര്‍ മാസത്തില്‍ സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെടുകയും ചെയ്‌തു.

2002 ഇസ്‌ലാമിക സാമൂഹ്യ ക്രമത്തെയും ദര്‍‌ശനത്തേയും പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പ്രസ്ഥാനം തുര്‍‌ക്കിയുടെ അധികാര ഇടനാഴികകളില്‍ സ്ഥാനം ഉറപ്പിച്ചു.ഇതുമാത്രമായിരുന്നു സുമനസ്സുകളെ സം‌ബന്ധിച്ചിടത്തോളം വ്യതിരിക്തമായ ഒരു വാര്‍‌ത്ത.

(2011) വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണം നിര്‍‌മ്മിച്ചെടുത്ത ആസൂത്രിതമായ നിക്കങ്ങള്‍ വഴി അഫ്‌‌ഗാന്‍ ഓപറേഷന്‍.ഇന്നും അഴിയാ കഥയായി തുടര്‍‌ന്നു കൊണ്ടേയിരിക്കുന്നു.

ഓരോന്നും നടമാടിയ കാലത്തെ ലോക പൊലീസിന്റെ അവസ്ഥയായിരുന്നു മറ്റിടങ്ങളിലെ വ്യവസ്ഥയെ തകിടം മറിച്ചതിന്റെ മുഖ്യ കാരണങ്ങള്‍ എന്നു മനസ്സിലാകും. എന്നിട്ട് വര്‍‌ഷങ്ങള്‍ പിന്നിട്ടാല്‍ ആത്മകഥകയെഴുതി കുമ്പസരിക്കും.അതും ഇരകളുടെ ചെലവില്‍ വിറ്റഴിക്കപ്പെടുകയും ചെയ്യും.

(2012) രാജ്യാന്തരത്തില്‍ ഏറെ തന്ത്ര പ്രാധാന്യമുള്ള ആഫ്രിക്കന്‍ രാജ്യത്ത് ജനാധിപത്യ സ്വഭാവത്തില്‍ ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാര്‍ ഉണ്ടായപ്പോള്‍   അറേബ്യന്‍ ഉപ ദ്വീപിലെ ഒരു കൊച്ചു രാജ്യം അതിനെ സന്തോഷ പുര്‍വ്വം സ്വാഗതം ചെയ്‌‌തിരുന്നു.2014 ജനാധിപത്യ സം‌വിധാനം അട്ടിമറിക്കപ്പെട്ടു.മുര്‍‌സി സ്ഥാന ഭ്രഷ്‌ടനാക്കപ്പെട്ടു.അബ്‌ദുല്‍ ഫത്താഹ്‌ സിസി അധികാരം പിടിച്ചെടുത്തു.

(2017) ഈജിപ്‌ത്‌, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച കൊച്ചു രാജ്യം ക്രൂശിക്കപ്പെട്ട ദുരന്തത്തിനാണ്‌ പിന്നീട്‌ ലോകം സാക്ഷിയായത്.ഒരു പക്ഷെ ഇതായിരിയ്‌ക്കാം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നര്‍മ്മവും. ധീരമായ നിലപാടുകളുണ്ടാകുക. ഭീകര മുദ്ര ദുരുപയോഗം ചെയ്യാതിരിക്കുക. ജനഹിതം മാനിക്കുക. വിവേകത്തോടെ മാത്രം പ്രതികരിക്കുക. അശരണരുടെ തണലാകുക. എന്നീ പാതകങ്ങള്‍ക്കാണത്രെ.പ്രദേശത്തിന്റെ മൊത്തം പരിപാലകര്‍ ഉപരോധം തീര്‍ത്തത്‌.തുടര്‍‌ന്നുണ്ടായ അന്ത്യശാസനാ വിളമ്പരം ആദ്യം സ്വാഗതം ചെയ്‌തത്‌ മധ്യേഷ്യയിലെ അര്‍ബുദമെന്നറിയപ്പെടുന്ന രാജ്യമാണെന്നതിനാല്‍ വിവേകമുള്ളവര്‍ക്കൊക്കെ കാര്യം മനസ്സിലായിട്ടുമുണ്ടാകാം.

അറബ്‌ മേഖലയെ പ്രതിസന്ധികളുടെ ഉലയിലിട്ട്‌ ഊതിയും പുകച്ചും നിര്‍‌ത്തിയതിനു ശേഷം  ജറുസലേം ആസ്ഥാനം എന്ന ഇസ്രാഈലി സാങ്കല്‍‌പികതയെ സാക്ഷാല്‍‌കരിക്കാനുള്ള അരാഷ്‌ട്രീയ നീക്കങ്ങളിലായിരുന്നു അമേരിക്കന്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ദുരൂഹമായ പരിഗണന.(2019) ഏറ്റവും ഒടുവില്‍ ഇതാ ഗോലാന്‍ താഴ്‌വരകളില്‍ കഴുകന്മാര്‍ വട്ടമിട്ട്‌ പറക്കുകയാണ്‌.

ഇത്തരം സം‌ഭവ വികാസങ്ങള്‍‌ക്കിടയില്‍ ഇസ്‌ലാമോഫോബിയ പാശ്ചാത്യ പൗരസ്ഥ്യ ദേശങ്ങളില്‍ വൈവിധ്യമാര്‍‌ന്ന അജണ്ടകളില്‍ അരങ്ങ്‌ തകര്‍‌ത്തു കൊണ്ടേയിരുന്നു.ഇപ്പോഴും തുടരുകയാണ്‌.ഭ്രാന്തമായ ദേശീയ വം‌ശീയ ചിന്താ ധാരകളില്‍ അഭിരമിക്കുന്ന രാഷ്‌ട്രീയ വീക്ഷണമുള്ളവര്‍ പാശ്ചാത്യ പൗരസ്ഥ്യ രാജ്യങ്ങളില്‍ ഒരേ കാലയളവില്‍ (2014 - 19) അധികാരത്തില്‍ വന്നു എന്നതും, ദൗര്‍‌ഭാഗ്യകരം ഈ അധികാര വാഴ്‌ച തുടരുന്ന സാഹചര്യം സം‌ജാതമായി എന്നതും ഈ നൂറ്റാണ്ടിലെ ദുരിത പര്‍‌വത്തെ അതി ഭയാനകത വര്‍‌ദ്ധിപ്പിച്ചിരിക്കുന്നു.

ഒടുവില്‍ 2019 ജൂണ്‍ 17 ന്‌ മുന്‍ ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ ഡോ.മുഹമ്മദ്‌ മു‌ര്‍സി വിടപറഞ്ഞിരിക്കുന്നു.അഥവാ സയണിസത്തിന്റെ കുഴലൂത്തുകാര്‍ അദ്ദേഹത്തെ നിര്‍‌ധാക്ഷിണ്യം വധിച്ചു കളഞ്ഞിരിക്കുന്നു.

ഏകാധിപത്യ രാജാധിപത്യ ഭരണ രീതികളാണെങ്കിലും പറയത്തക്ക രാഷ്‌ട്രീയ വൈരങ്ങളൊന്നും ഇല്ലാത്ത അറേബ്യന്‍ ഉപദ്വീപിലെ ഒരു വിഭാഗത്തെ സയണിസ്റ്റുകളുടെ പാട്ടും പതവും​ അക്ഷരത്തെറ്റില്ലാതെ​ ഏറ്റുപിടിക്കും വിധം പരിവര്‍‌ത്തിപ്പിക്കപ്പെട്ടതും മാപ്പര്‍‌ഹിക്കാത്ത സം‌ഭവ പരമ്പരകള്‍ അരങ്ങു തകര്‍‌ക്കുന്നതും ഈ ചരിത്ര ദശാസന്ധിയില്‍ തന്നെയാണ്‌.

ഈ കുറിപ്പ്‌ പൂര്‍‌ത്തീകരിച്ചു കൊണ്ടിരിക്കേ പുതിയ തിരക്കഥകള്‍ മധേഷ്യയില്‍ പുരോഗമിക്കുകയാണ്‌.

ഓര്‍‌മ്മപ്പെടുത്തല്‍:-

ഈ ലോകവും അതിലെ ചരാചരങ്ങളും സൃഷ്‌ടിക്കപ്പെട്ടതിനു പിന്നില്‍ ഒരു സ്രഷ്‌ടാവുണ്ടെന്ന്‌ ഈശ്വര വിശ്വാസികളായി അറിയപ്പെടുന്ന എല്ലാവരും വിശ്വസിക്കുന്നു.പ്രകൃതിദത്തം,ലോകത്തെ ചുഴ്‌ന്നു നില്‍‌ക്കുന്ന ശക്തി വിശേഷം എന്നൊക്കെ നിരീശ്വരന്മാരെന്ന്‌ പറയപ്പെടുന്നവരും സങ്കല്‍‌പിക്കുന്നു.ഒരു വിധത്തില്‍ പറഞ്ഞാല്‍ നിരീശ്വര വാദം എന്നൊന്നില്ല.

പക്വതയില്ലാത്ത മനസ്സുകളുടെ തീരെ പാകം വരാത്ത താല്‍‌പര്യങ്ങളാകുന്ന 'ഇലാഹുകളാണ്‌' മതമുള്ളവരുടെയും ഇല്ലാത്തവരുടേയും അനുയായികള്‍‌ക്കിടയിലെ വില്ലന്മാര്‍.ആരാലും നിയന്ത്രിക്കപ്പെടാന്‍ ഒരുക്കമല്ലെന്ന ധാര്‍‌ഷ്‌ട്യമായിരിക്കണം നിഷേധികളിലെ ഇലാഹ്‌.

ഒരു പ്രവാചകനും ഈശ്വരനുണ്ടെന്നു പ്രത്യേകം പഠിപ്പിക്കാന്‍ വന്നിട്ടില്ല.മറിച്ച്‌ ഒരു ഇലാഹും ഇല്ല.സാക്ഷാല്‍ സ്രഷ്‌ടാവല്ലാതെ എന്നായിരുന്നു പ്രഘോഷിച്ചു കൊണ്ടിരുന്നത്‌.അറബി ഭാഷയില്‍ ഈ പ്രയോഗം ഇങ്ങനെ:-ലാ ഇലാഹ ഇല്ലല്ലാഹ്.ഒരു ഇലാഹും ഇല്ല.അല്ലാഹു അല്ലാതെ.അഥവാ അഭൗതികമോ ഭൗതികമോ ആയി തന്നെ നിയന്ത്രിക്കുന്ന ഒരു തമ്പുരാനും ഇല്ല.ലോകത്തിന്‌ ഒരു സ്രഷ്‌ടാവുണ്ടെന്നു പറഞ്ഞതിന്റെ പേരിലല്ല പ്രവാചകന്മാര്‍ കല്ലെറിയപ്പെട്ടത്.ഇലാഹുകളെ ഒഴിവാക്കണം എന്ന്‌ ആഹ്വാനം ചെയ്‌തതിനാലാണ്‌.സകല ഇലാഹുകളെയും ഒഴിവാക്കി വിശ്വാസിയാകുക എന്നതു തന്നെയാണ്‌ എക്കാലത്തേയും മനുഷ്യന്റെ പ്രതിസന്ധി.

ജീവിതത്തെ അടിമുടി ഉടച്ചു വാര്‍‌ക്കുന്നതില്‍ ക്രിയാത്മകവും വിപ്‌ളവാത്മകവുമായ പങ്കു വഹിക്കുന്ന ദര്‍‌ശനമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍ വിഭാവന ചെയ്യുന്ന ഇസ്‌ലാം. പരക്ഷേമതല്‍‌പരതയില്ലായ്‌മയെ വിശുദ്ധ ദര്‍‌ശനത്തെ നിരാകരിച്ചവനോടാണ്‌ ഖുര്‍‌ആന്‍ ഉപമിക്കുന്നത്.ജീവിത ഗന്ധിയായ ഈ ഗ്രന്ഥം പ്രതിപാതിക്കാത്ത വിഷയങ്ങളില്ല.

ജീവല്‍ സ്‌പര്‍ക്കായ ദര്‍‌ശനത്തിനു ഒരു രാഷ്‌ട്രീയ മുഖമുണ്ടാകുക എന്നത്‌ സ്വാഭാവികം മാത്രമാണ്‌.ഈ സ്വാഭാവികതയെ സര്‍‌ഗാത്മകമാക്കി വളര്‍‌ത്തുന്നതില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും മധ്യേഷ്യയിലെയും  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ധിഷണാ ശാലികളായ പണ്ഡിതന്മാര്‍ വഹിച്ച പങ്ക്‌ വിസ്‌മയാവഹമാണ്‌.

​ഈ രാഷ്‌ട്രീയ മുഖത്തെ അല്‍‌പജ്ഞാനികളും അവിവേകികളും ദുരുപയോഗം ചെയ്യുന്നു എന്നത്‌ ഒരു വസ്‌തുതയാണ്‌.മാത്രമല്ല ഈ ദര്‍‌ശനത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്‌ക്കും മാനവിക മാനുഷിക മുഖത്തിനും കടക വിരുദ്ധമായ പ്രവര്‍‌ത്തനങ്ങളില്‍ ഒരു പറ്റം മനുഷ്യ ദ്രോഹികള്‍ പ്രവര്‍‌ത്തന നിരതരാണെന്നതും സത്യമാണ്‌.അടിസ്ഥാന പ്രമാണങ്ങള്‍‌ക്കു പോലും നിരക്കാത്ത പ്രസ്‌തുത സംഘങ്ങളുടെ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചൊല്ലി ഭീകരവാദ തീവ്രവാദ പ്രവര്‍‌ത്തനങ്ങളുടെ അണിയറക്കാര്‍ വിശുദ്ധ ദര്‍‌ശനത്തിന്റെ രാഷ്‌ട്രീയ മുഖം പ്രശോഭിപ്പിക്കാന്‍ അത്യധ്വാനം ചെയ്‌ത സാത്വികന്മാരായിരുന്നു എന്ന തരത്തില്‍ മൗഢ്യ വര്‍ത്തമാനങ്ങള്‍ വിളമ്പുന്നത്‌ അത്യന്തം ഖേദകരമത്രെ.

ലോകത്ത്‌ അവതരിപ്പിക്കപ്പെട്ട സകല വേദങ്ങളും മാനവികതയിലൂന്നിയ മാനുഷികതയുടെ ഹൃദയഹാരിയായ സ്‌പ്ന്ദനങ്ങളാല്‍ ആകര്‍‌ഷകമത്രെ.പ്രസ്‌തുത വിഭാവനയുടെ ജീവല്‍ ഭാവം  വിശുദ്ധ ഖുര്‍‌ആനില്‍ സം‌ശയലേശമേന്യ പ്രോജ്ജ്വലവുമത്രെ.വിശ്വാസി സമൂഹത്തിലെ പ്രഭുക്കളും അവരുടെ പ്രഭൃതികളും വിശുദ്ധ വേദത്തിന്റെ ഈ അന്യൂനമായ രാഷ്‌ട്രീയ മാനങ്ങളില്‍ കരിമേഘങ്ങള്‍ സൃഷ്‌ടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടേയിരിക്കുന്നു എന്നതും പച്ചയായ യാഥാര്‍‌ഥ്യ മത്രെ.ഒപ്പം ചില സ്വാഛാധിപതികളും അവരുടെ കുഴലൂത്തുകാരും. പ്രകടന പരതയിലും പ്രചരണ വേലയിലും മാത്രം ഉറഞ്ഞാടി ഉന്മാദം കൊള്ളുന്ന വിശ്വാസി സമൂഹവും ഇവര്‍‌ക്ക്‌ ചൂട്ടു പിടിക്കാന്‍ ജാഗ്രതയോടെ മൈതാനത്ത്‌ സജീവം.

വിശുദ്ധ വേദത്തിന്റെ സമ്പൂര്‍‌ണ്ണതയെ ഉള്‍‌കൊണ്ടവരും അല്ലാത്തവരും ഇസ്‌ലാം പരിപൂര്‍‌ണ്ണമാണെന്ന ബോധത്തിലേയ്‌ക്ക്‌ അറിഞ്ഞൊ അറിയാതെയൊ പ്രവേശിച്ചു കൊണ്ടിരുന്ന പുതിയ നൂറ്റാണ്ടിന്റെ വരവ്‌ പ്രഭുക്കന്മാരുടെ ഉറക്കം കെടുത്തിയ സാഹചര്യത്തിലാണ്‌ ഐ.എസ്‌ എന്ന കള്ള നാണയത്തിന്റെ എഴുന്നെള്ളിപ്പ്‌.ദൈവ രാജ്യം എന്ന സങ്കല്‍‌പത്തെപ്പറ്റി ഒരു സാധുവും ചിന്തിച്ചു പോകാന്‍ പോലും മടിക്കുന്ന തരത്തില്‍ ഈ പ്രഹേളിക താണ്ഡവമാടുമ്പോള്‍ ഒരു വെടിക്ക്‌ ഒരായിരം പക്ഷികള്‍ എന്ന അക്ഷരാര്‍‌ഥ മൊഴിയാണ്‌ ഇവിടെ സാര്‍‌ഥകമാകുന്നത്.

ഈ എഴുന്നെള്ളിപ്പിന്റെ മുന്‍ നിരയില്‍ സയണിസ്റ്റ്‌ ആലയിലെ ഗജ കേസരികളും കോലം പിടിക്കുന്നത്‌ സാക്ഷാല്‍  പ്രഭുകുമാരന്മാരും ഇതര പടകളില്‍ പിടഞ്ഞു വീഴാനും ഉറഞ്ഞു തുള്ളാനും വിധിക്കപ്പെട്ടവര്‍ ഉന്മാദികളായ ഒരു സം‌ഘവും.

ഇസ്‌ലാമിക ഭൂമികയിലെ ചരിത്ര സ്‌മാരകങ്ങള്‍ ഓരോന്നായി പിഴുതെറിയപ്പെടുമ്പോള്‍ പോലും ബഹുദൈവാരാധനയിലേയ്‌ക്ക്‌ നയിക്കുന്ന കോട്ട കൊത്തളങ്ങള്‍ മണ്ണോട്‌ ചേര്‍‌ന്നതില്‍ ആത്മരതി കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ട പമ്പര വിഡ്ഢികള്‍ അകപ്പെട്ടു പോയ കിറുക്കോളം പൊറുക്കപ്പെടാത്ത കൊടിയ പാതകം വര്‍‌ത്തമാന ലോകം ദര്‍‌ശിച്ചിട്ടുണ്ടാവില്ല. ഏതായാലും ഈ ജാര സം‌ഘത്തിന്റെ വേരറുക്കപ്പെട്ടതായി സിറിയയില്‍ നിന്നുള്ള ഏറ്റവും ഒടുവിലത്തെ വിളംബരം.ഈ വാര്‍‌ത്ത സ്ഥിരീകരിക്കാനാകാത്ത ദുരന്തങ്ങള്‍ക്ക് ലോകര്‍ വീണ്ടും സാക്ഷികളാകുന്നുണ്ട്.

പൗരോഹിത്യത്തിന്റെ കരാള ഹസ്‌തങ്ങളില്‍ ലോകം വീര്‍‌പ്പു മുട്ടികൊണ്ടിരുന്ന സാഹചര്യത്തില്‍ മതവും ദൈവ വിശ്വാസവുമാണീ ദുരിതങ്ങള്‍‌ക്കൊക്കെ കാരണമെന്ന നിദാനത്തില്‍ ഉള്‍‌തിരിഞ്ഞു വന്ന നിരീശ്വര നിര്‍‌മ്മിത പ്രത്യയശാസ്‌ത്രങ്ങള്‍ ഒരു വേള വലിയ അളവില്‍ ലോകത്ത് സ്വീകാര്യത നേടിയിരുന്നു.ഇതേ നിരീശ്വര വാദ നിദാനത്തില്‍ ഒട്ടേറെ സം‌ഹാരാത്മക ഭാവം പൂണ്ട ഉപ സം‌ഘങ്ങളും ലോകത്ത് വളര്‍‌ന്നു വരികയും ചെയ്‌തിരുന്നു.ഈ സം‌ഘങ്ങളുടെ വിദ്വം‌സക പ്രവര്‍‌ത്തനങ്ങള്‍‌ക്കും മനുഷ്യക്കുരുതികള്‍‌ക്കും കാരണക്കാര്‍ ഈ നിരീശ്വര പ്രസ്ഥാനങ്ങളാണെന്നു ആരും പറയുന്നില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ ഒറ്റപ്പെട്ട സ്വരങ്ങളില്‍ അത്‌ ഒതുങ്ങി നില്‍‌ക്കുകയാണ്‌.

വായിച്ചു വളരുന്ന ഒരു സമൂഹത്തിലേക്ക്‌ വളരെ ആകര്‍‌ഷകവും അവസരോചിതവും ആസൂത്രിതവുമായ ശൈലിയിലായിരുന്നു ഖുര്‍‌ആന്‍ പെയ്‌തിറങ്ങിയത്.പ്രവാചകന്‍ ഈ തേന്മാരിയെ തേനരുവികളാക്കി ആവശ്യാനുസാരം ജലസേചനം ചെയ്‌ത്‌ ഒരു ജിവല്‍ സ്‌പര്‍‌ക്കായ ഹരിത സമൂഹത്തെ  മുളപ്പിക്കുന്നതിലും ജനിപ്പിക്കുന്നതിലും  കായ്‌പിക്കുന്നതിലും വ്യാപൃതനായിരുന്നു.

ലോകത്ത്‌ നിലവിലുള്ള സകല ദര്‍‌ശനങ്ങളും നിഷ്‌പ്രഭമായ വര്‍‌ത്തമാന കാലത്ത് ഒരു ബദല്‍ ദര്‍‌ശനമായി ഖുര്‍‌ആന്‍ പരിചയപ്പെടുത്തപ്പെടരുതെന്ന വാശി അവിശ്വാസികളേക്കാള്‍ ഒരു വേള വിശ്വാസികളെന്നു പറയപ്പെടുന്നവര്‍‌ക്കാണെന്ന സന്ദേഹം ശക്തമാണ്‌.വിശുദ്ധ ദര്‍‌ശനത്തിന്റെ നിരാകരിക്കാനാവാത്ത രാഷ്‌ട്രീയ മുഖവും,വിപ്‌ളാവത്മകമായ ശബ്‌ദവും, സര്‍‌ഗാത്മകമായ ശൈലിയും മറച്ചു പിടിക്കാനുള്ള വിഫല ശ്രമവും സജീവമാണ്‌.'മുല്ല ഉലമാ ഉമറാക്കളുടെ' പരമ്പരാഗത നിലപാടിന്‌ വിരുദ്ധമായ സമീപനം അണികളിലുണ്ടാക്കിയേക്കാവുന്ന രോഷത്തെയായിരിക്കാം  പ്രകൃതിയുടെ തേട്ടത്തേക്കാള്‍ ഈ ഉലമാ വ്യൂഹം മുഖവിലക്കെടുക്കുന്നത്‌ എന്നു അനുമാനിക്കാനേ തരമുള്ളൂ.

വിശുദ്ധ ഖുര്‍‌ആനിലെ സനാതന മൂല്യങ്ങളെയും നീതിന്യായ സാമ്പത്തിക വീക്ഷണങ്ങളെയും അങ്ങുമിങ്ങും തൊടാതെ പ്രകീര്‍‌ത്തിച്ചും പ്രശം‌സിച്ചും സായൂജ്യമടയുന്നതിനു പകരം പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഈ ദര്‍‌ശന മാഹാത്മ്യം ലോകത്തിന്റെ മുന്നില്‍ സമര്‍‌പ്പിക്കാന്‍ ഇസ്‌ലാമിക പണ്ഡിത ശ്രേഷ്‌‌ഠന്മാര്‍ തയാറാകണം.ചുരുങ്ങിയത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിസ്വാര്‍‌ഥ സേവകരായ ഇസ്‌ലാമിക പ്രസ്ഥാന ബന്ധുക്കളെയും സഹകാരികളെയും അപകീര്‍‌ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന പ്രക്രിയയില്‍ നിന്നെങ്കിലും വിട്ടു നില്‍‌ക്കണം.

മനുഷ്യന്റെ സ്വാതന്ത്ര്യ വാഞ്ചയെയും സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ ബോധത്തെയും ഇത്രമാത്രം ആദരിച്ച മറ്റൊരു ദര്‍‌ശനം ഭൂമിയിലില്ല.'പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ ദൈവ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതില്‍ എന്തുണ്ട് ന്യായം? ആ ജനതയാകട്ടെ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു: നാഥാ, മര്‍ദകരായ നിവാസികളുടെ ഈ പട്ടണത്തില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിശ്ചയിച്ചുതരേണമേ''{ഖുര്‍‌ആന്‍}ഇതിലും പ്രോജ്ജ്വലമായി എങ്ങനെയാണ്‌ രാഷ്‌ട്രീയം പ്രഘോഷിക്കുക.

വഴികാണിക്കാന്‍ ആര്‍‌ക്കും സ്വാതന്ത്ര്യമുണ്ട്.തെരഞ്ഞെടുക്കാന്‍ സമൂഹത്തിനും.'നിങ്ങള്‍‌ക്ക്‌ നിങ്ങളുടെ പാന്ഥാവ്‌  എനിക്ക്‌ എന്റെ പാന്ഥാവ്‌' ഇതത്രെ വിശുദ്ധ ദര്‍‌ശനത്തിന്റെ കാവ്യാത്മകമായ സമീപനം.​

0 comments:

Post a Comment

Note: Only a member of this blog may post a comment.