Sunday, November 13, 2016

ദുശ്ശക്തികളില്‍ ആകൃഷ്ടരാകുന്നവര്‍

ദുശ്ശക്തികളില്‍ ആകൃഷ്ടരാകുന്നവര്‍
തങ്ങളുടെ മനസ്സില്‍ പ്രഥമ ദൃഷ്ട്യാ പതിച്ചതിനെ മാത്രം സൂക്ഷ്മ നിരീക്ഷണ പരീക്ഷണം നടത്തി ആത്യന്തികയിലെത്തുന്നതിലൂടെ പ്രകൃതി മനോഹരമായ വ്യവസ്ഥയും ദര്‍ശനവും വിചിത്രവും വികൃതവുമാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ട്.

ജീവിതവും വിശ്വാസവും ഭൗതികതയും ആത്മീയതയും സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയവുമായ സകല ഇടപാടുകളും കൃത്യമായി വ്യക്തമാക്കപെടുന്ന ദര്‍ശനമാണ് ഇസ്‌ലാം. ഇതിനെ സന്തുലിതമായ രീതിയില്‍ ഉള്‍കൊള്ളാനുള്ള പാഠങ്ങളും പഠനങ്ങളും അവധാനതയോടെ സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനം ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും. ഓരോന്നിനും തനതായ പ്രത്യേകതകളും പ്രാധാന്യങ്ങളും ഉണ്ട്. എല്ലാം അതതു സമയങ്ങളില്‍ ബോധ്യപ്പെടുകയും ചെയ്യും. ഒന്നിലും അതിരു കവിയാന്‍ പാടില്ലെന്ന ശിക്ഷണവും ശാസനയും ഒരിക്കലും അവഗണിക്കപ്പെടാനും പാടില്ല.

കേവല പൂജാ പ്രാര്‍ഥനാ പ്രാധാന്യം മാത്രം നില നില്‍ക്കുന്ന ഐതിഹ്യങ്ങളിലധിഷ്ടിതമായ മത സമൂഹങ്ങള്‍ക്കിടയില്‍ മറ്റൊരു പ്രാര്‍ഥനാ സമൂഹമായി ഇസ്‌ലാമിനെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചപ്പോള്‍ സമഗ്ര ഇസ്‌ലാമിനേറ്റ പരിക്ക് വിവരണാതീതമത്രെ. പ്രാര്‍ഥനാ നിര്‍ഭരമാകുമ്പോള്‍ ഒരു പക്ഷെ ദൈവ സാമീപ്യം അനുഭവപ്പെട്ടേക്കാം. അതു പോലെത്തന്നെ അപരന് താങ്ങും തണലും സാന്ത്വനവും സഹായവുമായി സമീപിക്കാന്‍ കഴിയുമ്പോഴും ദൈവ ദര്‍ശനം സാധ്യമാകുമെന്നതത്രെ ഇസ്‌ലാമിക ശിക്ഷണം.

അനുവദിക്കപ്പെട്ട ജിവിതം അനുശാസിക്കപ്പെട്ട വിധം മനോഹരമായി ജീവിക്കുക എന്നതത്രെ ഇസ്‌ലാമിക പാഠം. ഇവിടെ കുടുംബമുണ്ട് സാഹോദര്യമുണ്ട് സൗഹൃദമുണ്ട് ഇതര സമൂഹങ്ങളുണ്ട് പ്രദേശമുണ്ട്. രാജ്യവും രാജ്യനിവാസികളും ഉണ്ട്. ഒളിച്ചോട്ടം ഇസ്‌ലാമിന് അന്യമാണ്. ജനങ്ങളുമായി ഇടപഴകുന്നവനുള്ള പ്രത്യേകതയും പ്രാധാന്യവും എടുത്തോതുന്ന ദര്‍ശനമത്രെ ഇസ്‌ലാം. പ്രവാചകന്റെ സമൂഹവുമായുള്ള ഇടപെടല്‍ ഒരു ന്യൂനതയായിട്ടായിരുന്നു അക്കാലത്തെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഗണിച്ചിരുന്നത് എന്നും നാം മറന്നു പോകരുത്.

പ്രസ്ഥാനം രൂപപ്പെട്ട നാള്‍മുതല്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വരച്ചു കാണിച്ച ഓരോന്നും നിത്യേനയെന്നോണം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നതിന്റെ മധുരം ആസ്വദിക്കുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം. മസ്ജിദുന്നബവിയില്‍ ഭജനമിരിക്കുന്ന സ്വഹാബിയേക്കാള്‍ ശ്രേഷ്ഠത അവരുടെ ജീവിത ഭാരം വഹിക്കുന്ന സഹോദരനാണെന്നു പഠിപ്പിച്ച പ്രവാചകന്റെ ശിക്ഷണങ്ങളെ ഏറ്റുവാങ്ങാനുള്ള മാനസിക നിലവാരം ഒരു രാത്രി കൊണ്ട് നേടിയേടുക്കാനാകുകയില്ല. നമസ്‌കാരവും പാരായണവും വേഷഭൂഷാധികളും കണ്ട് ഒരു വ്യക്തിയെ വിലയിരുത്താതെ അവനുമായി സഹവസിച്ചു കൊണ്ട് എന്ന അധ്യാപനവും പെട്ടെന്നു ദഹിച്ചു കൊള്ളണമെന്നില്ല. വളച്ചു കെട്ടില്ലാതെ ശുദ്ധ മാനസനായി ദൈവത്തിന്റെ പ്രകാശത്തിലേയ്ക്ക് തിരിയുന്നവനു മാത്രമേ ഈ ലളിതമായ ദര്‍ശനം തിരിയുകയുള്ളൂ.

വിമോചന മന്ത്രമുള്ള ഇസ്‌ലാമിനോട് ശത്രുക്കള്‍ കാണിക്കുന്ന നിലപാട് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഇസ്‌ലാമിക സമൂഹം അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നിരുത്തരവാദപരമായ നിലപാട് അതിവിചിത്രമാണ്. സാമൂഹിക ഇടപെടല്‍ നടത്താത്ത ഒരു പ്രവാചകനെയും ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഈ ദര്‍ശനത്തെ ഉള്‍കൊണ്ടവര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാകാതെ തരമില്ല. പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കുന്ന പ്രകൃതമല്ല ഇസ്‌ലാമിന്റേത്. ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി ഏതു മാര്‍ഗവും എന്നതുമല്ല. തിന്മയെ നന്മകൊണ്ട് പ്രതിരോധിച്ച് ശത്രുവിനെപ്പോലും മിത്രമാക്കി മാറ്റുന്ന സര്‍ഗാത്മകതയാണ് ഇസ്‌ലാമിന്റെ ശൈലി.

ദൈവ പ്രോക്തരായ പ്രവാചകന്മാരിലൂടെ അവതരിച്ച സകല വേദങ്ങളും വിപ്ലവ സ്വഭാവമുള്ളവയത്രെ. വിശുദ്ധ ഖുര്‍ആനും ഇതില്‍ നിന്നും ഭിഹ്നമല്ല. കാലാന്തരത്തില്‍ ധര്‍മം ക്ഷയിക്കുമ്പോള്‍ ധര്‍മം സ്ഥാപിക്കാനാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുന്നത്. അല്ലെങ്കില്‍ പരിഷ്‌കര്‍ത്താക്കള്‍ ആഗതരാകുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചന മന്ത്രമായി ഖുര്‍ആനിനെ വായിക്കാന്‍ വിസമ്മതിച്ച സ്വാര്‍ഥ താല്‍പര്യക്കാര്‍ക്ക് ഖുര്‍ആനിനെ സവിസ്തരം വ്യക്തമാക്കിക്കൊടുത്ത മഹാത്മാക്കള്‍ എല്ലാ ഭൂഖണ്ഡങ്ങളിലുമുണ്ട്. അവരാണ് വര്‍ത്തമാനകാലത്തിന്റെ കാലുഷ്യങ്ങള്‍ക്കെല്ലാം കാരണമെന്ന ചില അതി ബുദ്ധി ജീവികളുടെ കണ്ടു പിടുത്തം ഖേദകരം തന്നെ. ശത്രുക്കള്‍ പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാനുള്ള പാപ്പരത്തമാണ് അതിലും വേദനാജനകം. വിശുദ്ധ ഗ്രന്ഥത്തെ വിശാല വായന നടത്തിയവര്‍ മാത്രമാണ് ഈ ഗുലുമാലുകളിലൊന്നും പെടാതെ പോയിട്ടുള്ളതെന്നതാണ് പച്ചയായ യാഥാര്‍ഥ്യം. പ്രകൃതിയുടെ ദര്‍ശനം അതിന്റെ സ്വാഭാവികതയോടെ മാത്രമേ പൂവണിയുകയുള്ളൂ. ബലപ്രയോഗം ഖുര്‍ആനിന്റെ സ്വഭാവമേ അല്ല. സുമനസ്സുകളിലാണ് ഖുര്‍ആനിക വിപ്ലവം ആദ്യം പുത്തുലയുക. പിന്നെ മണ്ണിലും. ഈ പ്രകാശം പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും നിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും. എന്നത്രെ ദൈവീക ഭാഷ്യം.

ബുദ്ധിയോടു സംവദിക്കുന്ന ഖുര്‍ആനിനെ വായിക്കേണ്ട വിധം വായിക്കാതെ അത്യത്ഭുതങ്ങളില്‍ അഭിരമിക്കുന്ന അല്‍പ ബുദ്ധികളെ അനുധാവനം ചെയ്യുന്നവരും, ഭൗതികതയുടെ അതിപ്രസര സമ്മര്‍ദ്ധത്തില്‍ നിന്നും രക്ഷ തേടി അതി തീവ്ര ആത്മീയതയിലേയ്ക്ക് വഴിമാറിപ്പോകുന്നവരും, വിശാലമായ ഇസ്‌ലാമിക പാഠങ്ങളില്‍ നിന്നും ഏതെങ്കിലും ഒരു വശത്തെ മാത്രം അടര്‍ത്തിയെടുത്ത് പ്രവര്‍ത്തന സജ്ജമാകുന്നവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവ്വിധം തലതിരിഞ്ഞവരില്‍ നിന്നും അരിച്ചെടുക്കപ്പെടുന്നവരെ കെണിയില്‍ കുരുക്കി വലിയ സൈനിക ശേഷിയും കായിക ബലവുമാക്കി ഭീബത്സമായ ദുര്‍ഭൂതമാക്കി അവതരിപ്പിച്ചിരിക്കുന്നതിന്റെ പിന്നിലും ഇസ്‌ലാമിന്റെ ശത്രുക്കളാണെന്നത് പകല്‍ പോലെ വ്യക്തവുമാണ്.

എന്നിട്ടും ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് എല്ലാ അര്‍ഥത്തിലും ഉത്ബുദ്ധത അവകാശപ്പെടുന്ന മലബാരി വിശ്വാസികളും ഈ ദുശ്ശക്തികളുടെ ആകര്‍ഷണ വലയത്തില്‍ പെട്ടുപോകുന്നുണ്ടെങ്കില്‍ ജാഗ്രത കൈവരിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
13.11.2016
ഇസ്‌ലാം ഓണ്‍ ലൈവിനുവേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.