Thursday, May 16, 2019

പ്രതിജ്ഞയും പ്രാര്‍‌ഥനയുമായി ഈദാഘോഷം

പ്രതിജ്ഞയും പ്രാര്‍‌ഥനയുമായി ഈദാഘോഷം.
മുന്‍ കഴിഞ്ഞ സമൂഹങ്ങള്‍ക്ക് അനുശാസിക്കപ്പെട്ടതു പോലെ വ്രതം നിങ്ങള്‍‌ക്കും കല്‍‌പിക്കപ്പെട്ടിരിക്കുന്നു എന്ന ദൈവ കല്‍പന ഗൃഹാതുരത്വ ഭാവത്തോടെ പെയ്‌‌തിറങ്ങിയ നാളുകള്‍ ഇതാ വിട പറഞ്ഞ് പടിയിറങ്ങിയിരിക്കുന്നു. 

കഴിഞ്ഞു പോയ സമൂഹങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ആഹ്വാനത്തിലൂടെ കേവല സാമുദായിക വട്ടത്തില്‍ നിന്നും വിശാലമായ ഒരു സാമൂഹിക വൃത്തത്തിലേയ്ക്ക് വിശ്വാസി കൈപിടിച്ചുയര്‍‌ത്തപ്പെടുകയായിരുന്നു.

വിശ്വാസികള്‍ എല്ലാ അര്‍ഥത്തിലും ആത്മ സംസ്‌കരണത്തിന്റെ പുണ്യമാസത്തെ ഹൃദയത്തോട്‌ ചേര്‍‌ത്തു പിടിച്ചതിന്റെ ഹര്‍‌ഷോന്മാദത്തിലാണ്‌.ഇസ്‌ലാമിക കര്‍മ്മങ്ങളില്‍ പൊതുവെ ദര്‍‌ശിക്കാന്‍ കഴിയുന്ന സാമൂഹികതയുടെ ഉദാത്തമായ ഭാവം റമദാനിലും തുടര്‍‌ന്നു വരുന്ന ഈദ്‌ സുദിനത്തിലും അത്യന്തം പ്രശോഭിതമായി പ്രതിഫലിക്കുന്നുണ്ട്.

വര്‍ത്തമാന കാല സമൂഹം അതീവ ഗുരുതരാവസ്ഥയിലൂടെയാണ്‌ പുതിയ സാം‌സ്‌കാരിക പരിസരത്ത്‌ കൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പരസ്‌പര വിദ്വേഷവും അസഹിഷ്ണുതയും അതിന്റെ മൂര്‍‌ദ്ധന്യാവസ്ഥയിലാണ്‌.അതിനുമപ്പുറം വിശ്വാസികളില്‍ തന്നെയുള്ള പ്രബല ധാരകള്‍ കടുത്ത ശത്രുത വെച്ചു പുലര്‍‌ത്തുന്നതില്‍ മത്സരിക്കുന്ന കാഴ്‌ചയും സകല സീമകളും വിട്ട്‌ രം‌ഗ പ്രവേശം ചെയ്‌തിട്ടുണ്ട്‌.

അഭിപ്രായ ഭിഹ്നതകള്‍ ഒരു പുതിയ കാര്യമൊന്നുമല്ല.സംസ്‌കൃത ലോകത്തെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളില്‍ എല്ലാം ഭിഹ്നതകള്‍ ഉണ്ട്‌.അത്തരം ഭിഹ്നതകള്‍ നില നില്‍‌ക്കുമ്പോഴും ലോകത്ത്‌ മനുഷ്യര്‍ സഹവസിക്കുന്നുണ്ട്‌.സം‌വാദം നടത്തുന്നുണ്ട്‌.സഹകരിക്കുന്നുണ്ട്‌.ഒരു പക്ഷെ വളരെ നന്നായി ജീവിക്കുന്നുമുണ്ട്‌.

എന്നാല്‍ വിശ്വാസികളുടെ അറിയപ്പെടുന്ന പ്രദേശങ്ങളിലും, ആസ്ഥാനങ്ങളിലും, പട്ടണങ്ങളിലും എന്താണ്‌ അവസ്ഥ ..? വളരെ വേദനാ ജനകമാണ്‌.രണ്ട്‌ ധാരകള്‍ തമ്മില്‍ മാത്രമല്ല ധാരകള്‍‌ക്കുള്ളിലെ ധാരകള്‍ തമ്മിലും നീതീകരിക്കാനാവാത്ത ശാത്രവം വെച്ചു പുലര്‍‌ത്തുന്നു എന്നതത്രെ ഏറെ ഖേദകരം.തന്നോടും തന്റെ വിഭാഗത്തോടും ഭിഹ്ന സ്വരം പ്രകടിപ്പിക്കുന്നവരെ ഉന്മൂലനം ചെയ്യുക.അവരെ അനഭിമതരാക്കുക. ഭീകരരും തീവ്രവാദികളും ആക്കുക.തുടങ്ങിയ നെറികേടുകള്‍‌ക്കിടയിലാണ്‌ വിശിഷ്യാ ഇന്നു അറബ്‌ അറബേതര  ലോകം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.ഇത്തരം ഒരു അപകടാവസ്ഥയില്‍ നന്മയുടെ വാഹകര്‍ വളരെ ജാഗ്രതയോടെ ഇരിക്കണം.

പ്രവാചക പ്രഭുവിന്റെ കാലത്തും ഉത്തമാനുചരന്മാരുടെ കാലത്തും ഒക്കെ ഉണ്ടായിരുന്ന ഭിഹ്നതകള്‍ ഒരു രാത്രികൊണ്ടൊന്നും തീരാനാവില്ലെന്ന ബോധ്യം പറയുന്ന ചില ശുദ്ധാത്മാക്കളും ഇക്കൂട്ടത്തിലുണ്ട്‌.ഇത്തരം ശുദ്ധത വരുത്തി വെക്കുന്ന വിനയും വിനാശവും വിവരണാതീതമത്രെ.തങ്ങള്‍‌ക്ക്‌ ബോധ്യപ്പെട്ട കാര്യങ്ങള്‍ ഉത്തരവാദിത്ത ബോധത്തോടെയും ആര്‍‌ജവത്തോടെയും പ്രഖ്യാപിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു.എന്നല്ലാതെ അവരുടെ ഭിഹ്നതകള്‍ ആരേയും തോല്‍‌പ്പിക്കാനോ ജയിപ്പിക്കാനോ ആയിരുന്നില്ല.ഇതു പോലെയുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ തന്നെ സം‌സ്‌കാരത്തില്‍ നിര്‍ലീനവുമത്രെ.പരസ്‌പര ബഹുമാനമില്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിട്ടും ഇല്ല.എന്നാല്‍ ബഹുമാന സൂചകമെന്നോണം സഖാക്കളുടെ പേരുകളായിരുന്നു പരസ്‌പരം തങ്ങളുടെ സന്താനങ്ങള്‍‌ക്ക്‌ നല്‍‌കപ്പെട്ടിരുന്നതെന്നു ചരിത്രം പറയുന്നുണ്ട്‌.

ശത്രുക്കള്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ആവേശത്തിനടിമപ്പെടാതെ അവദാനതയോടു കൂടെ കാര്യങ്ങള്‍ ഗ്രഹിക്കാനും ഗ്രഹിപ്പിക്കാനും സാധിക്കേണ്ടതുണ്ട്‌.അനുഗ്രഹീതരായ അബൂബക്കറിനും ഉമറിനും ഉഥ്‌മാനിനും അലിയ്‌ക്കും ഇടയില്‍ ഒരു വിവേചനവും നല്‍‌കപ്പെട്ടിട്ടില്ല.ഭൂമിയില്‍ വെച്ച്‌ സ്വര്‍‌ഗം വാഗ്ദാനം ചെയ്യപ്പെട്ട അല്ലാഹുവിന്റെ വിനീത ദാസന്മാരാണീ മഹാത്മാക്കള്‍.തങ്ങളുടെ അന്യായമായ പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും ന്യായീകരിക്കാനും ആശ്വസിക്കാനും ആദരണീയരായ പ്രവാചകാനുചരന്മാരുടെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവിടുന്ന വിവര ദോഷികളെ തിരിച്ചറിയാന്‍ വിശ്വാസി സമൂഹത്തിനാകണം.അന്യരുടെ നെറികേടുകള്‍ കാട്ടി തങ്ങളുടെ അപജയങ്ങളെ ന്യായികരിക്കുന്നവരാകരുത് യഥാര്‍‌ഥ സത്യ വിശ്വാസികള്‍.

ഈ കെട്ടകാലത്ത് കണ്ടതും കേട്ടതും കേട്ടതിന്മേല്‍ കേട്ടതും ചര്‍‌വ്വിത ചര്‍‌വ്വണം ചെയ്‌ത്‌ പരിഹാസ്യരാകാതെ ജീവിക്കുന്ന ഉദാഹരണങ്ങളാകാന്‍ ശ്രമിക്കുക.ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളുകളാകാതെ മനുഷ്യര്‍‌ക്ക്‌ വേണ്ടി ശബ്‌ദിക്കുക.സമൂഹത്തിനു വേണ്ടി നീതിയുടെ മാര്‍‌ഗത്തില്‍ ധര്‍‌മ്മത്തിന്റെ മാര്‍‌ഗത്തില്‍ നിലകൊള്ളുക.

വിശ്വാസികള്‍ അവിശ്വാസികള്‍ വിവിധ മത വിഭാഗങ്ങള്‍ രാഷ്‌ട്രീയ കക്ഷികള്‍ കൂടാതെ ഓരോ വിഭാഗത്തിലുമുള്ള അവാന്തര വിഭാഗങ്ങള്‍ എല്ലാം തിളച്ചും തിളപ്പിച്ചും കഴിയുന്ന കാലം.ഓരോ വിഭാഗവും അവരവരുടെ സം‌ഘത്തിനും സം‌ഘനയ്‌ക്കും വേണ്ടിയാണ്‌ കൂടുതല്‍ സമയവും ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.നീതിയും അനീതിയും എന്നതിനെക്കാള്‍ സ്വജന പക്ഷപാതം സകല സീമകള്‍‌ക്കും അപ്പുറം കടന്നിരിയ്‌ക്കുന്നു.

ഈ അപകടകരമായ സാഹചര്യത്തില്‍ യഥാര്‍‌ഥ വിശ്വാസികള്‍‌ക്ക്‌ വലിയ ഉത്തരവാദിത്തമുണ്ട്‌.അവര്‍ - വിശ്വാസികള്‍ ആള്‍‌ക്കൂട്ടത്തില്‍ ഒരു ആള്‍‌ക്കൂട്ടമായി തരം താഴാന്‍ പാടില്ല.അവര്‍ പീഢിതരുടേയും അടിച്ചമര്‍‌ത്തപ്പെട്ടവരുടേയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും പക്ഷത്ത് നില്‍‌ക്കണം.ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി,ആശ്രയമില്ലാത്തവന്റെ ആശ്രയമായി തളര്‍ന്നു വിഴുന്നവന്റെ താങ്ങും തണലുമായി എന്നല്ല സകല പ്രതീക്ഷകളും നഷ്‌ടപ്പെട്ടവന്റെ പ്രതീക്ഷയായി പടര്‍‌ന്നു പന്തലിച്ചു നില്‍‌ക്കുന്ന വലിയ മരമായി നില്‍‌ക്കണം.സകല മനുഷ്യര്‍‌ക്കും ജീവ ജാലങ്ങള്‍‌ക്കും വേണ്ടി.

ആകാശാം മുട്ടേ പടര്‍‌ന്നു പന്തലിച്ചു നില്‍‌ക്കേണ്ട ശാഖോപശാഖകളുള്ള വട വൃക്ഷത്തിന്റെ കാമ്പും കാതലും വിശുദ്ധ ദര്‍‌ശന ധര്‍‌മ്മ ധാരയുടെ പ്രതിജ്ഞാബദ്ധരായ ആദര്‍‌ശ ധീരരാണ്‌.ഈ സാര്‍‌ഥവാഹക സം‌ഘത്തിന്‌ വരും നാളുകളിലേയ്‌ക്കുള്ള ഉണര്‍‌വ്വും ഉന്മേഷവും ആര്‍‌ജിച്ചെടുക്കാന്‍ വ്രത വിശുദ്ധിയുടെ രാപകലുകളിലൂടെ സാധിച്ചിരിക്കണം.

പുതുക്കി പണിത പ്രതിജ്ഞയുടേയും പ്രാര്‍‌ഥനയുടേയും പ്രവര്‍‌ത്തന നൈരന്തര്യത്തിന്റെയും പ്രാരം‌ഭമാവട്ടെ പുതിയ പിറയും പെരുന്നാളും.എല്ലാവര്‍‌ക്കും ഹൃദ്യമായ പെരുന്നാള്‍ ആശം‌സകള്‍...

മീഡിയ പ്‌ളസിനു വേണ്ടി..
അസീസ്‌ മഞ്ഞിയില്‍..

0 comments:

Post a Comment

Note: Only a member of this blog may post a comment.