Thursday, June 14, 2018

ഗൃഹാതുരമായ വസന്തം

ഒരു വസന്തം ഇതാ പെയ്‌തൊഴിയുകയാണ്‌.നന്മയുടെ പൂക്കള്‍ വിരിയിച്ച് മധുചുരത്തി മണം പരത്തി ഗൃഹാതുരമായ ഓര്‍‌മ്മകള്‍ ബാക്കിയാക്കി പടിയിറങ്ങുകയാണ്‌.

മാനുഷികമായ സകല ചാപല്യങ്ങളുടെയും നര്‍‌മ്മവും മര്‍‌മ്മവും അതിനെ ജയിച്ചടക്കുന്ന ഇച്ഛാശക്തിയും സര്‍‌ഗാത്മകമായി സാധിച്ചെടുത്ത അനര്‍‌ഘ നിമിഷങ്ങള്‍.അതിനെ സമ്പന്നമാക്കിയ ധര്‍‌മ്മ ബോധം.എല്ലാ അര്‍‌ഥത്തിലും ഒരു വിശ്വാസിയുടെ പുതു ജന്മം.

ഈ വസന്തം നമുക്ക്‌ നല്‍‌കിയ പാഠങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് റമദാനിന്റെ മാനവിക മാനുഷിക സന്ദേശങ്ങളാണ്‌.അഥവ ആത്മീയതയ്‌ക്ക് വേണ്ടി ഒരു ആത്മീയതയല്ല മാനുഷികതയെ പുഷ്‌കലമാക്കാനുള്ള ആത്മീയതാണ്‌ ഇസ്‌ലാമിന്റെ വിഭാവന.അബ്രഹാം പ്രവാചകന്റെ പ്രാര്‍ഥനയില്‍ വിശ്വാസികള്‍ എന്ന്‌ മാത്രം പരാമര്‍‌ശിക്കപ്പെട്ടപ്പോള്‍ അല്ല അവിശ്വാസികള്‍‌ക്കും എന്ന്‌ ദൈവം തിരുത്തുന്നത് മനസ്സിരുത്തി വായിക്കാതെ പോകരുത്.

തോന്നിയതു പോലെ ജീവിക്കാനുള്ള മൃഗീയതയെയാണ്‌ ഇന്നും സ്വാതന്ത്ര്യം എന്ന പദം കൊണ്ട്‌ വലിയ ശതമാനം പേരും അര്‍‌ഥമാക്കുന്നത്.അതു കൊണ്ട്‌ തന്നെയാണ്‌ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏറെ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നതും.അക്ഷരാര്‍‌ഥത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന സ്വാതന്ത്യം അവിടെയൊന്നും ഇല്ല.രാഷ്‌ട്രീയമായും സാം‌സ്‌കാരികമായും സ്വതന്ത്ര ചിന്ത വളരുന്നില്ല എന്ന പരമാര്‍‌ഥത്തെ സമ്മദിക്കാതിരിക്കലാകാം അവരെ ഭരിക്കുന്നതും ഭ്രമിപ്പിക്കുന്നതും.സ്വാതന്ത്ര്യത്തിന്റെ പേരില്‍ അന്യരുടെ സ്വാതന്ത്ര്യം ഹനിക്കാന്‍ അനുവദിക്കുകയില്ലെന്നതത്രെ ഇസ്‌ലാമികമായ പാഠവും വീക്ഷണവും.അതുപോലെ ആത്മീയതയും ഭൗതീകതയും പരസ്‌പര പൂരകമാണെന്ന നിരീക്ഷണമായിരിക്കണം ഈ ദര്‍‌ശനത്തിന്റെ സൗന്ദര്യ ഭാവം.

ദാര്‍‌ശനികമായി ഭൗതികതയും ആത്മീയതയും രണ്ടല്ല എന്നു സമര്‍‌ഥിക്കുമ്പോഴും.പ്രായോഗിക തലത്തില്‍ രണ്ടിനേയും രണ്ട്‌ പരിപ്രേക്ഷ്യത്തില്‍ നിര്‍‌ധാരണം ചെയ്യേണ്ടതുണ്ട്‌.വര്‍‌ത്തമാന കാലത്ത് ഇത്തരം ദാര്‍‌ശനിക മഹത്വത്തെ പ്രശോഭിപ്പിക്കുന്ന സാധ്യതകളുടെ സാധുതകളിലേയ്‌ക്ക്‌ സര്‍‌ഗാത്മകമായ ചിന്തകള്‍ ജനിച്ചു കൊണ്ടിരിക്കുന്നു എന്നതും ആശ്വാസ ദായകമത്രെ.ആദര്‍‌ശ വെട്ടം കാട്ടിക്കൊടുക്കുന്ന ഉത്തരവാദിത്തം നെഞ്ചേറ്റുന്ന പോലെ അതിന്റെ വിമോചന മന്ത്രവും ദര്‍‌ശന മാഹാത്മ്യവും ഉദ്‌ഘോഷിക്കപ്പെട്ടു കൊണ്ടിരിക്കണം. തെളിച്ചു പറഞ്ഞാല്‍ ഖുര്‍‌ആനിക ദര്‍‌ശനത്തിന്റെ പ്രായോജകരും ഗുണഭോക്താക്കളും ലോകമെമ്പാടുമുള്ള മനുഷ്യ രാശിയാണെന്ന വിഭാവനയെ പ്രഫുല്ലമാക്കാന്‍ അതിന്റെ അക്ഷരാര്‍‌ഥത്തിലുള്ള ആത്മീയസത്ത അറിഞ്ഞവര്‍‌ക്ക്‌ ബാധ്യതയുണ്ട്‌.

കേവല മത ഗ്രന്ഥം എന്ന മൂഢ ധാരണയില്‍ നിന്നും ജീവിത ഗന്ധിയായ ദര്‍‌ശനം എന്ന്‌ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച്‌ വിശ്വാസികളുടെ പൊതു ബോധത്തില്‍ സാധിച്ചെടുത്തത്‌ പതിറ്റാണ്ടുകളുടെ ശ്രമ ഫലമാണ്‌.ഇതു പോലെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പൊതു സമൂഹത്തിന്റെ ബോധമണ്ഢലത്തെ തിരുത്താനുള്ള അതി സാഹസികമായ ഉദ്യമങ്ങള്‍ നടക്കേണ്ടതുണ്ട്‌.

വസന്തം ആദ്യം പൂത്തുലയേണ്ടത്‌ സുമനസ്സുകളിലാണ്‌.സത്യത്തിന്റെയും നീതിയുടേയും ധ്വജ വാഹകരാകാന്‍ പ്രതിജ്ഞാബദ്ധരാകുകയും അതിന്റെ പ്രസാരണം സമൂഹത്തില്‍ ബോധപൂര്‍‌വം പടര്‍‌ത്തുകയും വേണം.

പ്രസ്‌തുത ദര്‍‌ശന മാഹാത്മ്യത്തെ പ്രകാശിപ്പിക്കാനും പ്രസരിപ്പിക്കാനും പുതിയ പിറയും പെരുന്നാളും പ്രചോദനമാകട്ടെ.ഹൃദ്യമായ പെരുന്നാള്‍ സന്തോഷങ്ങള്‍ നേര്‍‌ന്നു കൊണ്ട്‌....

മീഡിയ പ്ലസിനു വേണ്ടി..
14.06.2018

0 comments:

Post a Comment

Note: Only a member of this blog may post a comment.