Thursday, September 24, 2015

മണ്ണും വിണ്ണും തക്‌ബീര്‍ ധ്വനികളാല്‍

മണ്ണും വിണ്ണും തക്‌ബീര്‍ ധ്വനികളാല്‍
മണ്ണും വിണ്ണും തക്‌ബീര്‍ ധ്വനികളാല്‍ മുഖരിതമായി ബലി പെലിപെരുന്നാളിന്റെ ധന്യ മുഹൂര്‍‌ത്തങ്ങളിലൂടെ കടന്നു പോകാന്‍ ഒരുങ്ങുകയാണ്‌.നമ്മുടെ പ്രപിതാവായ ഇബ്രാഹീം നബിയും മകന്‍ ഇസ്‌മാഈലും മഹതി ഹാജറയും അവരുടെ ജീവിത ചരിത്രത്തിലെ ഏറെ പ്രശോഭിതമായ രം‌ഗങ്ങളും ഓര്‍‌മ്മിക്കപ്പെടുന്ന കര്‍‌മ്മങ്ങളിലൂടെ സമ്പന്നമാണ്‌ ഹജ്ജും ബലി പെരുന്നാളും.വര്‍‌ത്തമാന കാല ബലി പെരുന്നാളിനു മുമ്പെങ്ങുമില്ലാത്ത ഒരു സവിശേഷത നിഴലിച്ചു കാണുന്നു.അഥവ ഇബ്രാഹീം നബിയുടെ ജന്മ ഗ്രാമവും പ്രബോധിത സമൂഹഹത്തിലെ പിന്മുറക്കാരും, ഇബ്രാഹീം നബി സഞ്ചരിച്ച നാടും നഗരങ്ങളും വാര്‍‌ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍‌ച്ച ചെയ്യപ്പെടുന്ന കാലത്താണ്‌ നാം പെരുന്നാള്‍ ആഘോഷിക്കുന്നത്.ചരിത്രാതീത കാലത്തെ ബാബിലോണും,യൂപ്രട്ടീസ്‌,ടൈഗ്രീസ്‌ എന്നീ നദീതിരങ്ങളും ഷാം എന്ന ചുരുക്കപ്പെരിലറിയപ്പെട്ടിരുന്ന മധ്യധരണ്യാഴി കടലോര രാജ്യങ്ങളും തിന്മയുടെ വിളയാട്ട ഭൂമിയും ഭൂമികയും ആയി പരിണമിച്ചിരിക്കുന്നു.

വഴിവിട്ട വിശ്വാസ ധാരയെ സംശുദ്ധമാക്കുന്നതിനും ധര്‍‌മ്മവും നീതിയും പുലരുന്നതിന്നുവേണ്ടിയും സ്വന്തം കുടും‌ബത്തില്‍ നിന്നാരം‌ഭിച്ച വിപ്ലവ വീര്യം,തിന്മയോട്‌ കലഹിച്ചതിന്റെ പേരില്‍ അക്കാലത്തെ സാമ്രാജ്യത്വ പ്രഭൃതികള്‍ ഒരുക്കിയ അഗ്നികുണ്ഡത്തെ മലര്‍മെത്തയാക്കിയ വിശ്വാസ ധാര്‍‌ഢ്യം,ദൗത്യ നിര്‍‌വഹണത്തിനുള്ള ഒരുക്കങ്ങള്‍‌ക്കായുള്ള പലായനം,എല്ലാ ഇഷ്ടങ്ങളേയും ത്യജിക്കാനുള്ള ത്യാഗ ശീലം,ഒടുവില്‍ പിതാവും പുത്രനും പടുത്തയര്‍‌ത്തിയ ദേവാലയവും നഗരവും ഇതൊക്കെ വിശ്വാസികളുടെ മനസ്സിലും മസ്തിഷ്‌കത്തിലും പുനസൃഷ്‌ടിക്കപ്പെട്ടുകൊണ്ടല്ലാതെ ബലി പെരുന്നാള്‍ ദിനങ്ങള്‍ കടന്നു പോകുന്നില്ല.

ഇന്നു ഈ പ്രദേശങ്ങള്‍‌ക്ക്‌ എന്തു പരിണാമമാണ്‌ സം‌ഭവിച്ചത്.എന്തു മഹാ വിപത്തിലാണ്‌ ഇവിടം ആപതിച്ചത്.ഇതിന്റെ കാര്യ കാരണങ്ങള്‍ വളരെ ലളിതമായി ചര്‍‌ച്ച ചെയ്യാനൊക്കുന്ന ഒന്നല്ല.എങ്കില്‍ തന്നെ സാന്ദര്‍‌ഭികമായി ഒന്നു ഓര്‍‌ത്തെടുക്കാനുള്ള ശ്രമമെങ്കിലും നടത്താതിരിക്കാന്‍ നിര്‍‌വാഹമില്ല.

ആധുനിക ആസറുമാര്‍ ഇവിടെ ഉറഞ്ഞാടുകയാണ്‌.നം‌റൂദുമാരുടെ ചെങ്കോട്ടകളും ചെങ്കോലുകളും ഇവിടെ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.ഇവരോട്‌ കലഹിക്കാന്‍ ഇബ്രാഹീം ഇല്ലാതെ പോയിരിക്കുന്നു.എന്നു മാത്രമല്ല.നം‌റൂദുമാര്‍ ഇബ്രാഹീമിന്റെ വേഷത്തില്‍ തേരോട്ടം നടത്തുകയും ചെയ്യുന്നു.

ഇവിടെ യുക്തി ഭദ്രമായ രചനാത്മകമായ സര്‍‌ഗാത്മകമായ പ്രബോധന പ്രസാരണ ശൈലി കാഴ്‌ച വെച്ച ഇബ്രാഹീമി മാതൃക ഖുര്‍‌ആന്‍ എടുത്തുദ്ധരിച്ചത്‌ ഏറെ പ്രസക്തമാകുന്നുണ്ട്.

وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ﴿٧٤﴾ وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَالسَّمَاوَاتِ وَالْأَرْضِ وَلِيَكُونَ مِنَ الْمُوقِنِينَ﴿٧٥﴾ فَلَمَّا جَنَّعَلَيْهِ اللَّيْلُ رَأَىٰ كَوْكَبًا ۖ قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَا أُحِبُّ الْآفِلِينَ﴿٧٦﴾ فَلَمَّا رَأَى الْقَمَرَ بَازِغًا قَالَ هَٰذَا رَبِّي ۖفَلَمَّا أَفَلَ قَالَ لَئِن لَّمْ يَهْدِنِي رَبِّي لَأَكُونَنَّ مِنَ الْقَوْمِالضَّالِّينَ﴿٧٧﴾ فَلَمَّا رَأَى الشَّمْسَ بَازِغَةً قَالَ هَٰذَا رَبِّي هَٰذَا أَكْبَرُ ۖ فَلَمَّا أَفَلَتْ قَالَ يَا قَوْمِ إِنِّي بَرِيءٌ مِّمَّا تُشْرِكُونَ﴿٧٨﴾إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا ۖوَمَا أَنَا مِنَ الْمُشْرِكِينَ

ഇബ്രാഹീമിന്റെ കഥയോര്‍ക്കുക: അദ്ദേഹം തന്റെ പിതാവായ ആസറിനോടു പറഞ്ഞു: `അങ്ങ് വിഗ്രഹങ്ങളെ ദൈവങ്ങളായി വരിക്കുകയാണോ? ഞാനോ, അങ്ങും അങ്ങയുടെ ജനവും തെളിഞ്ഞ വഴികേടിലാണെന്നു കാണുന്നുവല്ലോ.` ഇതേപ്രകാരം ഇബ്റാഹീമിനു നാം ആകാശഭൂമികളുടെ അധികാരവ്യവസ്ഥ കാണിച്ചുകൊടുക്കുകയായിരുന്നു.അദ്ദേഹം ദൃഢവിശ്വാസമുള്ളവരില്‍ ഉള്‍പ്പെടുന്നതിനുവേണ്ടിയുമായിരുന്നു അതു കാണിച്ചുകൊടുത്തത്.അങ്ങനെ രാവണഞ്ഞപ്പോള്‍ ഒരു നക്ഷത്രം കണ്ട് അദ്ദേഹം പറഞ്ഞു: `ഇതാണ് എന്റെ റബ്ബ്.` പക്ഷേ, അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: `അസ്തമിച്ചു പോകുന്നവരെ ഞാന്‍ കാംക്ഷിക്കുന്നില്ല.` പിന്നെ ചന്ദ്രന്‍ ശോഭിക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞു: `ഇതാണ് എന്റെ റബ്ബ്.` പക്ഷേ, അതും അസ്തമിച്ചപ്പോള്‍ പറഞ്ഞു: `എന്റെ റബ്ബ് എനിക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ വഴിപിഴച്ചവരില്‍ പെട്ടുപോകും.` അനന്തരം സൂര്യന്‍ പ്രകാശിക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു: `ഇതാണ് എന്റെ റബ്ബ്. ഇത് എല്ലാറ്റിലും വലുതാണല്ലോ!` പക്ഷേ, അതും അസ്തമിച്ചപ്പോള്‍ ഇബ്രാഹീം ഉറക്കെ പ്രഖ്യാപിച്ചു: `എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന്റെ പങ്കാളികളാക്കുന്ന സകലതില്‍നിന്നും ഞാന്‍ വിരക്തനാകുന്നു.ഞാന്‍ എന്റെ മുഖം, ആകാശഭൂമികളെ സൃഷ്ടിച്ചവനായ ആ അസ്തിത്വത്തിലേക്ക് ഏകാഗ്രനായി തിരിച്ചിരിക്കുന്നു. ഞാന്‍ ഒരിക്കലും പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനല്ല.` (അല്‍ അന്‍‌ആം)

സംശുദ്ധമായ തൗഹിദില്‍ നിന്നും വ്യതിചലിച്ച പിതാവും ജന സമുഹവും തികഞ്ഞ വഴികേടിലാണെന്നു പറഞ്ഞ അതേ ഇബ്രാഹീം ജന മധ്യത്തിലേക്കിറങ്ങിയപ്പോള്‍ അവരോടു കൂട്ടു കൂടുന്നതും അവരോടു താല്‍‌കാലികമായി സമരസപ്പെടുന്നതും ഖുര്‍‌ആന്‍ പറഞ്ഞു തരുന്നു.നക്ഷത്രങ്ങള്‍ തന്റെ റബ്ബാണെന്നു ഇബ്രാഹീം പറയുന്നു,ഉദിച്ചുയര്‍‌ന്ന ചന്ദ്രിക തന്റെ റബ്ബാണെന്നു ഇബ്രാഹീം പറയുന്നു.ഇതൊന്നും അല്ല ഇതിനേക്കാള്‍ ഒക്കെ വലുപ്പമുള്ള സൂര്യനാണ്‌ തന്റെ റബ്ബ്‌ എന്നും പറയുന്നു.ഇതൊക്കെ നിമിഷാര്‍‌ധം കൊണ്ട്‌ നടക്കുന്ന കാര്യങ്ങളല്ല.ഓരോന്നും ഉദിച്ചു അസ്തമിക്കുന്ന നാഴികവരെയെങ്കിലും താര ചന്ദ്ര സൂര്യന്മാര്‍ ഇബ്രാഹീമിന്റെ ദൈവമായിരുന്നു എന്നു ജനം വിശ്വസിക്കേണ്ടി വന്നിട്ടുണ്ട്.പ്രബോധനത്തിന്റെ കാര്യത്തില്‍ എത്രമാത്രം തന്ത്രങ്ങള്‍ ആവാമെന്നതിനു ഇതിലും വലിയ ഒരു തെളിവ്‌ ആവശ്യമേ അല്ല.

വിശ്വാസി സമൂഹം ഏറെ ഇരുട്ടില്‍ തപ്പുന്ന വിഷയമാണിത്.ചല ചിത്രങ്ങളിലൂടെ,ഭാവാഭിനയങ്ങളിലൂടെ,ആധുനിക സാങ്കേതിക വിദ്യകളിലൂടെ കാലം ആവശ്യപ്പെടുന്നവിധം പ്രബോധന ദൗത്യം നിര്‍‌വഹിക്കാന്‍ നമുക്ക്‌ കഴിഞ്ഞിട്ടില്ല.

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُم بِاللَّهِ وَالْيَوْمِ الْآخِرِ ۖ قَالَ وَمَن كَفَرَفَأُمَتِّعُهُ قَلِيلًا ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ النَّارِ ۖ وَبِئْسَالْمَصِيرُ

ഇബ്രാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: `എന്റെ നാഥാ, ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ! അതിലെ നിവാസികളില്‍, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്കു നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ!` മറുപടിയായി നാഥന്‍ അരുളി: `അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണികജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കുന്നതാകുന്നു. എന്നാല്‍ ഒടുവില്‍ അവരെ നരകപീഡനത്തിലേക്ക് തള്ളിവിടും. അത് എത്ര ദുഷിച്ച സങ്കേതം!`അല്‍‌ബഖറ 126

പരലോക ബോധന്മുള്ളവര്‍‌ക്ക്‌ മാത്രമായി തന്റെ പ്രാര്‍‌ഥന ഇബ്രാഹീം നബി പരിമിതപ്പെടുത്തിയപ്പോള്‍ അല്ലാഹു ഇടപെടുകയും പരലോക ബോധമില്ലാത്ത അവിശ്വാസികള്‍ക്കുവേണ്ടിയും പ്രാര്‍‌ഥിക്കാന്‍ കാരുണ്യവാനായ തമ്പുരാന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭവും വിശ്വാസികള്‍ വേണ്ടത്ര ഉള്‍‌കൊണ്ടിട്ടില്ലെന്നതും പച്ച പരമാര്‍‌ഥമാണ്‌.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُعَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്ലാമിനെ ദീന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. അല്‍‌മാഇദ 3

ഈ വിശുദ്ധ വചനം അവതരിക്കപ്പെട്ട പശ്ചാത്തലം എന്തായിരുന്നു.കേവലമായ ചില ആചാരാനുഷ്‌ഠാനങ്ങള്‍ കര്‍‌മ്മ ശാസ്‌ത്ര വിധികള്‍ പഠിപിച്ചു തന്നിരിക്കുന്നു എന്നതായിരുന്നുവൊ അതല്ല.സാമൂഹിക ജിവിയായ മനുഷ്യന്റെ സകല ഇടപാടുകളെ കുറിച്ചും,ജീവിത രീതികളെകുറിച്ചും മറ്റു മര്യാദകളെ കുറിച്ചും സമ്പൂര്‍‌ണ്ണമായ വിധി വിലക്കുകളും,ദേശിയ അന്തര്‍‌ ദേശീയ കാര്യങ്ങള്‍‌ക്കു വരെയുള്ള ദര്‍‌ശന വിശേഷങ്ങളും പാഠങ്ങളും പഠനങ്ങളും ആയിരുന്നുവോ ? എന്നും വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോയിരിക്കുന്നു.

ചുരുക്കി പ്പറഞ്ഞാല്‍ തന്ത്രപരമായ പ്രബോധന ശൈലി കൈകൊള്ളുന്നതിലും,ബഹു സ്വര സമുഹത്തെ ഉള്‍കൊള്ളും വിധമുള്ള ഗുണകാം‌ക്ഷയോടെയുള്ള ക്രിയാത്മകമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതിലും,ഇസ്‌ലാമിനെ പരിപൂര്‍‌ണ്ണമായി അവതരിപ്പിക്കുന്നതിലും പാളിച്ചകള്‍ സംഭവിച്ചിരിക്കാം.ഇവിടെ പുനര്‍ വിചിന്തനം ആവശ്യമാണ്‌.അതേ സമയം കൂരാ കുരിട്ടില്‍ മിന്നാമിനുങ്ങെന്നപോലെ ഒരു കൊച്ചു സം‌ഘം പ്രവര്‍‌ത്തന നിരതമായിരുന്നു.അല്ലെങ്കില്‍ നിരതമാണ്‌ എന്നതും മറന്നു കൂടാ.എന്നാല്‍ ഇത്തരം നിഷ്‌കാമ പ്രവര്‍‌ത്തക സം‌ഘങ്ങളെ ശത്രു പാളയത്തോടൊപ്പം നിന്നു ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ്‌ അരങ്ങു തകര്‍‌ത്താടുന്നത്.ഘട്ടം ഘട്ടമായി സാധാരണക്കാരായ വിശ്വാസികളുടെ മനസ്സില്‍ പോലും ഇസ്‌ലാം സമ്പൂര്‍‌ണ്ണമാണെന്ന ബോധം അങ്കുരിക്കപ്പെട്ടിരുന്നതിനെപ്പോലും എങ്ങനെ കരിച്ചുകളയാമെന്ന തന്ത്രം ഒരു പരിധി വരെ വിജയിക്കുന്ന അതീവ അപകകരമായ അവസ്ഥയിലൂടെയാണ്‌ വര്‍‌ത്തമാന കാലം നീങ്ങിക്കൊണ്ടിരിക്കുന്നത്.

ആകാശത്തു നിന്നും ഭൂമിയില്‍ നിന്നുമുള്ള എല്ലാ അര്‍ഥത്തിലുമുള്ള അനുഗ്രഹങ്ങളുടേയും പ്രഭവ കേന്ദ്രമായി മധ്യേഷ്യയെ വായിക്കുന്നവരുണ്ട്‌.ഇതില്‍ മണ്ണിലെ അനുഗ്രഹങ്ങളെ സ്വാംശീകരിക്കാനും വിഹിതം വയ്‌ക്കാനും ശ്രമിക്കുകയും വിണ്ണിലെ അനുഗ്രഹങ്ങളെ വ്യവസ്ഥാപിതമാക്കാതിരിക്കാനും അതിനോട്‌ അങ്കം കുറിക്കാനുമാണ്‌ ആഗോള വാച്ഡോഗുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌.പിശാച്‌ പലകോലത്തിലും എന്നതിന്റെ മനോഹരമായ ഉദാഹരണമായിരിക്കണം 'ഐ എസ്'.ഇസ്‌ലാമിക് സ്റ്റേറ്റ്‌ എന്ന പാവനമായ വിഭാവനയെയാണ്‌ ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌.അല്ലാതെ ഇപ്പേരില്‍ ഉറഞ്ഞാടുന്ന ദുര്‍ഭൂതത്തെയല്ല.

വംശ നാശം വരുത്തിയെന്ന്‌ മനപ്പായസമുണ്ടിരുന്ന മാനവിക ദര്‍ശനം വേരറുക്കപ്പെട്ടിടത്തുനിന്നു നിന്നു തന്നെ മുളപൊട്ടുന്നത്‌ കണ്ടപ്പോള്‍ ചിത്തഭ്രമം ബാധിച്ചവര്‍ ചമയിച്ചൊരുക്കിയ പ്രേതമാണ്‌ ഐ.എസ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്‌.

ഏറ്റവും ഒടുവിലെത്തിയ പ്രവാചകന്മാരുടെ പ്രബോധന കാലത്തെ ഒരു ഹൃസ്വ നിരീക്ഷണത്തിനു വിധേയമാക്കാം.ഇന്ദ്രജാലങ്ങളിലും ആഭിചാര ക്രിയകളിലും അഭിരമിച്ചു കൊണ്ടിരുന്ന സമൂഹത്തില്‍ സകല മായാ ജാലങ്ങളേയും നിഷ്‌പ്രഭമാക്കുന്ന അത്ഭുത സിദ്ധിയുള്ള ദണ്ഡ്‌ മൂസാ പ്രവാചകന്റെ മുഅജിസത്തായിരുന്നു.ഭിഷഗ്വരന്മാരെ കുറിച്ച്‌ വീരാരാധന നിലനിന്നിരുന്ന ഒരു സമൂഹത്തില്‍ സകല ഭിഷഗ്വരന്മാരെയും അപ്രസക്തമാക്കും വിധമുള്ള മുഅ‌ജിസത്ത്‌ ഈസാനബിക്ക്‌ അനുഗ്രഹിച്ചരുളിയിരുന്നു.സാക്ഷര ലോകത്തേക്ക്‌ പിച്ച വെച്ചു നീങ്ങിയ സമൂഹത്തില്‍ ഭാഷാ പ്രാവീണ്യവും സാഹിത്യ രചനകളും ഏറെ പ്രകീര്‍‌ത്തിക്കപ്പെടുന്ന സമൂഹത്തില്‍ സകല സാഹിത്യ ശാഖകളേയും വെല്ലുന്ന വിശുദ്ധ ഖുര്‍‌ആന്‍ അന്ത്യ പ്രവാചകന്റെ മുഅ‌ജിസത്തായിരുന്നു.ഓരോ പ്രവാചക കാല ഘട്ടവും കടന്നു പോയി അവരുടെ മുഅ‌ജിസത്തുകളും.എന്നാല്‍ അന്ത്യ പ്രവാചകന്റെ മുഅ‌ജിസത്ത്‌ വിശ്വാസികള്‍‌ക്കിടയില്‍ ഇന്നും സുഭദ്രമാണ്‌.അഥവ പ്രവാചക സമാനനായ ഒരു പ്രബോധകന്‍ മാത്രമാണ്‌ ഇന്നിന്റെ ആവശ്യം. 
24.09.2015

0 comments:

Post a Comment

Note: Only a member of this blog may post a comment.