Friday, August 30, 2024

വായനയെ സംസ്‌കരിച്ച വാരിക

കൗമാരകാലം മുതല്‍ തുടങ്ങിയ വായനാഭ്രമത്തെ പ്രബോധനം വാരികയുടെ വായനയിലേക്ക് കൂടെ പടര്‍ന്നു വളര്‍‌ന്നതിന്റെ പശ്ചാത്തലം ഓര്‍‌ത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌.

എഴുപതുകളിലെ ഒരു റമദാന്‍ മാസം.ഉമ്മയുടെ സഹോദരിയുടെ മകന്‍ അബ്‌ദു റഹിമാന്‍ കേലാണ്ടത്ത് വീട്ടില്‍ വന്നു.കയ്യില്‍ കുറച്ചു പുസ്‌തകങ്ങളുണ്ടായിരുന്നു.അതിലൊരെണ്ണം എനിക്ക് തന്നു.ഒപ്പം പുസ്‌തകവുമായി ബന്ധപ്പെട്ട ചില വര്‍‌ത്തമാനങ്ങളും പരസ്‌പരം ചര്‍‌ച്ച ചെയ്‌തു.വായന തുടങ്ങി.മറ്റു പുസ്‌തകങ്ങള്‍ വായിച്ചെടുക്കുന്നത്ര എളുപ്പമായിരുന്നില്ലെങ്കിലും വായിച്ചു തീര്‍‌ത്തു.ചില ഭാഗങ്ങള്‍ ആവര്‍‌ത്തിച്ചു വായിക്കേണ്ടി വന്നു.കീഴടക്കാനാകാത്ത ഒരു മേഘല കീഴടക്കിയ പ്രതീതിയായിരുന്നു എനിക്ക്.ഇത്തരം വായനകള്‍ തുടരണമെന്ന ആഗരഹവും മനസ്സില്‍ മുളപൊട്ടി. 

ദിവസങ്ങള്‍‌ക്ക് ശേഷം പ്രിയപ്പെട്ട സഹോദര്‍ന്‍ വീണ്ടും വന്നു.ആദ്യം അന്വേഷിച്ചത് പുസ്‌തകത്തെ കുറിച്ചായിരുന്നു.എനിക്ക് പറയാനുണ്ടായിരുന്നതും അതു തന്നെ.അദ്ദേഹം പ്രതീക്ഷിച്ചതിലും വേഗത്തില്‍ വായിച്ചു തീര്‍‌ത്തതിലുള്ള സന്തോഷം സം‌തൃ‌പ്തി പ്രകടിപ്പിച്ചു കൊണ്ട്,ചിലകാര്യങ്ങള്‍ കൂടെ അദ്ദേഹം പകര്‍‌ന്നു തന്നു.കൂട്ടത്തില്‍ ഒരിടം‌വരെ പോകണമെന്ന കാര്യവും സൂചിപ്പിച്ചു.

തൃശുരുള്ള ഒരു സുഹൃത്ത്‌ നോമ്പു തുറക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌.ഒരു സുഹൃത്തിനേയും കൂടെ കൂട്ടാന്‍ പറഞ്ഞിട്ടുണ്ട്‌.അങ്ങിനെ ഞങ്ങള്‍ പോയി പോസ്റ്റാഫിസ്‌ റോഡിലുള്ള ഒരു ഒഫീസില്‍ എത്തി.അഭിവാദ്യങ്ങളോടെ പരസ്‌പരം പരിചയപ്പെടുത്തി.അഥവാ റഹീം സാഹിബിന്റെ ആതിഥ്യം സ്വീകരിക്കാനായിരുന്നു ആയാത്ര.എന്നെ കുറിച്ച്‌ ഇയാള്‍ നല്ല വായനക്കാരനാണെന്ന വിശേഷണം പറയാനും അബ്‌ദുറഹിമാന്‍‌ക്ക മറന്നില്ല.

തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റില്‍ നിന്നായിരുന്നു നോമ്പു തുറന്നത്.ഒരുമിച്ച്‌ മഗ്‌രിബ്‌ നമസ്‌കരിച്ച്‌ വളരെ കുറഞ്ഞ സമയത്തെ സം‌ഭാഷണവും ഇടപഴക്കവും മാത്രം.യാത്ര പറഞ്ഞു പോരുമ്പോള്‍ മേല്‍ വിലാസം ആവശ്യപ്പെട്ടു.അതു കൊടുത്തു.കൂട്ടത്തില്‍ രണ്ട്‌ പുസ്‌തകങ്ങളും തന്നു.ഒന്നു വളരെ ചെറിയ ഒരു പുസ്‌തകവും മറ്റൊന്നു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്‌തകവും ആയിരുന്നു.ചെറിയ പുസ്‌തകം ബസ്സിലിരുന്നു തന്നെ ഏകദേശം വായിച്ചു തീര്‍‌ത്തു.ദാഹം തീര്‍‌ത്തു വെള്ളം കുടിക്കും പോലെ.മറ്റൊന്നു താമസിയാതെ വായിച്ചു തുടങ്ങി.ഇതോടെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന വായനാ ലോകം മലര്‍‌ക്കെ തുറന്ന പ്രതീതി.പിന്നെ തപാലില്‍ പ്രബോധനവും വരാന്‍ തുടങ്ങി.

ഈ വാരാന്തവായന ജീവിതത്തിന്റെ അലകും പിടിയും എല്ലാ അര്‍‌ഥത്തിലും മാറ്റി എന്നു പറയുന്നതാവും ശരി.

സര്‍‌ഗാത്മകമായി വിമര്‍‌ശിക്കാനും സം‌യമനത്തോടെ പ്രതികരിക്കാനും അളന്നു മുറിച്ച് സം‌സാരിക്കാനും ഭാഷയെ ശുദ്ധീകരിക്കാനും ആരെയും മനസാന്നിധ്യത്തോടെ കേള്‍‌ക്കാനും പ്രബോധനം വായന നിമിത്തമായിട്ടുണ്ട്.അഥവാ ജീവിതത്തെ വായനയെ  സംസ്‌കരിച്ച വാരിക.

പ്രാര്‍‌ഥനകള്‍ ....

അസീസ് മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.