Wednesday, July 10, 2024

സാമ്പത്തിക വിശേഷം


പലിശയിലധിഷ്‌ടിതമായ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക പലിശ എന്ന പേരിലും, പലിശ രഹിത സം‌വിധാനങ്ങളില്‍ നിന്നും മാസാന്തം ചെറിയ ഏറ്റക്കുറച്ചിലുകളോടെ ലാഭവിഹിതം എന്ന ലേബലിലും ലഭിക്കുന്നു.ഇതിലെന്താണ്‌ ഇത്രവലിയ കാര്യം.?

ലാഭ നഷ്‌ടങ്ങള്‍ സഹിക്കേണ്ടി വരില്ലെന്ന ഉറപ്പില്‍ നിശ്ചിത വിഹിതമാണ്‌ പലിശ.കൂട്ടുത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ലാഭനഷ്‌ടങ്ങളില്‍ എല്ലാ പങ്കാളികളും തങ്ങളുടെ ഓഹരികളുടെ വിഹിതം പോലെ സഹിക്കാന്‍ തയറായി ഒരുമിച്ച് സഹകരിക്കാന്‍ നിര്‍‌ദേശിക്കപ്പെട്ട സാമ്പത്തിക ക്രയവിക്രിയമത്രെ അനുവദനീയമായ (ഹലാല്‍) സമ്പാദനം.

എന്നാല്‍ ഒന്നും നഷ്‌ടപ്പെടാനില്ലെന്ന ഉറപ്പില്‍ ഹലാല്‍ എന്ന ധാരണയില്‍ പണം നിക്ഷേപിക്കുന്നവരും അധികം താമസിയാതെ സ്ഥാപനം തകരുന്നതും പങ്കുകാര്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ നിത്യവുമെന്നോണം കേള്‍‌ക്കാനാകുന്നുണ്ട്. പരാതികള്‍ ഉണ്ടാകുമ്പോള്‍ ഇതൊരു സം‌രം‌ഭമല്ലെ കച്ചവടമല്ലേ ലാഭ നഷ്‌ടങ്ങള്‍ സ്വാഭാവികമല്ലേ..?എന്ന മറുപടികൊണ്ട് നഷ്‌ടം സഹിക്കേണ്ടിവരില്ലെന്നു ഉറപ്പ് പറയപ്പെട്ടവരെ ആശ്വസിപ്പിക്കുകയൊ ഒരു വേള അവര്‍‌ക്ക് നേരെ അക്രോശിക്കുകയൊ ഒക്കെ പതിവ് കാഴ്‌ചയുമാണ്‌.

പദ്ധതിയുടെ പ്രാരം‌ഭത്തില്‍ അതല്ലെങ്കില്‍ പങ്കുകാരായി ചേര്‍‌ക്കുന്നവരില്‍ നിന്നും ഓഹരി ശേഖരിക്കുന്ന അവസരത്തില്‍ നഷ്‌ടപ്പെടുകയില്ല എന്ന ഉറച്ച തീരുമാനം ഉണ്ടാകുന്നതോടെ പ്രസ്‌തുത സം‌രം‌ഭം ഹലാല്‍ മാതൃകയില്‍ നിന്നും വഴിമാറുന്നുണ്ട്.

തനിക്ക് ഒന്നും നഷ്‌ടപ്പെടാനില്ലാത്ത കൂട്ടു സം‌രം‌ഭത്തില്‍ നിക്ഷേപിക്കുകയാണെന്ന കരുത്തോടെ പങ്കാളിയാകുന്ന നിമിഷം, അനുവദനീയമായ മാര്‍‌ഗത്തിലൂടെ എന്നതിന്റെ സകല പരിശുദ്ധിയും കളഞ്ഞു പോയി എന്നതും ഓര്‍‌മിച്ചിരിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക് ബാങ്കിങ്ങിലെ ഹലാല്‍ സംരംഭങ്ങള്‍ :-

ഓരോ പുതിയ സം‌രം‌ഭം വരുമ്പോഴും താല്‍‌പര്യമുള്ളവരെ ക്ഷണിക്കും.ഓരോ സംരം‌ഭത്തിലും നിശ്ചിത യൂനിറ്റുകളുടെ ഓഹരികള്‍ പങ്കാളികള്‍ സ്വന്തമാക്കും.ഒരാള്‍‌ക്ക് ഒരേ സമയം വിവിധ സം‌രഭങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരവും ഉണ്ടാകും.സം‌രം‌ഭത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഇടവേളകളില്‍ ലാഭവിഹിതം ലഭിക്കും.വിവിധ സം‌രം‌ഭങ്ങളുടെ ലാഭവിഹിതങ്ങള്‍ ഒരുപോലെയായിക്കൊള്ളണമെന്നുമില്ല. 

സാധാരണ ബാങ്കിങ് സം‌വിധാനങ്ങളോടുള്ള സഹകരണത്തില്‍ തങ്ങളുടെ വിഹിതം തിരിച്ചു കിട്ടാതിരിക്കാന്‍ നിര്‍‌വാഹമില്ലെന്ന ധാരണയിലാണ്‌.

ഇസ്‌ലാമിക് ബാങ്കിങ് ഹലാല്‍ സം‌വിധാനം ലാഭനഷ്‌ടങ്ങളില്‍ സഹകരിക്കാനുള്ള മാനസിക തീരുമാനത്തോടെയാണ്‌.

ഇതര ബാങ്കിങ് സം‌വിധാനങ്ങളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ കൂടുതല്‍ ലാഭം ഇസ്‌ലാമിക് ബാങ്കിങ് സംരം‌ഭങ്ങളിലാണ്‌ എന്നാണ്‌ പ്രസ്‌തുത മേഖലയില്‍ നിന്നുള്ളവരുടെ അനുഭവവും അഭിപ്രായവും.

അതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രസ്‌തുത വിന്‍ഡോകളിലൂടെയാണ്‌ സമാഹരിക്കപ്പെടുന്നത്.

അതുകൊണ്ടാണ്‌ ഇസ്‌ലാമിക് ബാങ്കിങ് അല്ലാത്ത സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോകള്‍ തുറന്നുകൊണ്ടിരിക്കുന്നത്.

എത്രമനോഹരം ഈ വേദം...

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിശുദ്ധ ഖുര്‍‌ആനിലെ സൂക്തം സുവിദിതമാണ്‌.ദൗര്‍‌ഭാഗ്യകരമെന്നു പറയട്ടെ,ഖുര്‍‌ആന്‍ വ്യക്തവും കൃത്യവുമായി പറഞ്ഞു തരുന്ന കാര്യങ്ങള്‍, വിശ്വാസികള്‍ അധികപേരും തങ്ങളുടെ ജീവിതത്തില്‍  പാലിക്കുന്നതില്‍ ജാഗ്രത പുലര്‍‌ത്താറില്ല. പ്രസ്‌തുത നിബന്ധനകള്‍ പാലിച്ചിരുന്നുവെങ്കില്‍ എത്രനന്നായേനേ ... എന്ന്‌ പിന്നീട് ഖേദിക്കുന്ന സാഹചര്യങ്ങളും പലപ്പോഴും സം‌ഭവിക്കാറുമുണ്ട്.

ആറാം നൂറ്റാണ്ട് എന്നു പരിഹസിക്കുന്ന നിരീശ്വര നിര്‍‌മ്മിത ദര്‍‌ശനങ്ങളുടെ വക്താക്കളെപ്പോലും ആശ്ചര്യപ്പെടുത്തിയ ഈ ഉപദേശം വിശ്വാസികളായി അറിയപ്പെടുന്നവരില്‍ പലര്‍‌ക്കും മനസ്സിലാകാതെ പോകുന്നു എന്നത് ഖേദകരമത്രെ..

വിശുദ്ധ ഖുര്‍‌ആനിലെ അല്‍ ബഖറ എന്ന അധ്യായത്തിലെ ഏറ്റവും ദീര്‍‌ഘമായ സൂക്തമാണ്‌ 282 ആമത്തെ വചനം.ഖുര്‍‌ആന്‍ പാരായണം എന്ന മിനിമം ശൈലിയില്‍ നിന്നും ഖുര്‍‌ആന്‍ പാരായണം ചെയ്‌തും പഠിച്ചും ജീവിതത്തില്‍ പകര്‍‌ത്തിയും ഒക്കെയാണ്‌ പരിശുദ്ധ ദര്‍‌ശനത്തിന്റെ വാഹകര്‍ മാതൃകയാകേണ്ടത്.

അല്‍ ബഖറ എന്ന അധ്യായിലെ 282 ആമത്തെ സൂക്തത്തിന്റെ സാരം....

അല്ലയോ സത്യവിശ്വാസികളേ, നിശ്ചിത അവധിവെച്ചു പരസ്‌പരം കടമിടപാടു നടത്തുമ്പോള്‍, അത് എഴുതിവെക്കുവിന്‍.ഇരു കക്ഷികള്‍ക്കുമിടയില്‍ ഒരാള്‍ നീതിപൂര്‍വം അതു രേഖപ്പെടുത്തട്ടെ. അല്ലാഹു എഴുതാനും വായിക്കാനുമുള്ള കഴിവു നല്‍കിയിട്ടുള്ളവന്‍ അതെഴുതാന്‍ വിസമ്മതിക്കരുത്; അവന്‍ എഴുതട്ടെ. ആരുടെ പേരിലാണോ ബാധ്യത വരുന്നത് അവന്‍ (അധമര്‍ണന്‍) പറഞ്ഞുകൊടുക്കട്ടെ. അവന്‍ നാഥനായ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ. തീരുമാനിക്കപ്പെട്ട ഇടപാടില്‍ ഒരുവിധ ഏറ്റക്കുറവും വരുത്താന്‍ പാടുള്ളതല്ല. ഇനി കടംകൊള്ളുന്നവന്‍ വിഡ്ഢിയോ ദുര്‍ബലനോ, പറഞ്ഞുകൊടുക്കുന്നതിന് അപ്രാപ്‌തനോ ആണെങ്കില്‍, അവനുവേണ്ടി അവന്റെ കൈകാര്യക്കാരന്‍ നിഷ്‌പക്ഷമായി പറഞ്ഞുകൊടുക്കട്ടെ. പിന്നെ തങ്ങളുടെ പുരുഷന്മാരില്‍നിന്ന് രണ്ടുപേരെ അതിനു സാക്ഷികളാക്കുകയും ചെയ്യുക. രണ്ടു പുരുഷന്മാരില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമായിക്കൊള്ളട്ടെ. ഒരുവള്‍ മറന്നുപോയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണത്. ഈ സാക്ഷികള്‍, നിങ്ങള്‍ക്കിടയില്‍ സ്വീകാരയോഗ്യരായ സാക്ഷികളില്‍പെട്ടവരായിരിക്കേണ്ടതാകുന്നു. സാക്ഷികളാവാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതാവട്ടെ വലുതാവട്ടെ, അവധി നിര്‍ണയിച്ചു പ്രമാണം രേഖപ്പെടുത്തിവെക്കുന്നതില്‍ ഉദാസീനരാവരുത്. ഈ മാര്‍ഗമാണ് അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്. ഇതുവഴി സാക്ഷ്യം നിര്‍വഹിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നു. നിങ്ങള്‍ സംശയങ്ങളില്‍ അകപ്പെടാന്‍ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. നിങ്ങള്‍ രൊക്കമായി നടത്തുന്ന കച്ചവടമാണെങ്കില്‍, അത് എഴുതിവെക്കാതിരിക്കുന്നതില്‍ വിരോധമില്ല.വ്യാപാര ഇടപാടു നടത്തുമ്പോള്‍ നിങ്ങള്‍ സാക്ഷിനിര്‍ത്തിക്കൊള്ളുക. എഴുതുന്നവനും സാക്ഷിയും ദ്രോഹിക്കപ്പെടാവതല്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അതു ധിക്കാരമാകുന്നു. അല്ലാഹുവിന്റെ കോപത്തെ കാത്തുകൊള്ളുക. അവന്‍ നിങ്ങള്‍ക്ക് ശരിയായ പ്രവര്‍ത്തനരീതി പഠിപ്പിക്കുന്നു. അവന്‍ സര്‍വസംഗതികളെക്കുറിച്ചും അഭിജ്ഞനാകുന്നു.

===============

മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.